ഇനി ഈ 'മേഘക്കാഴ്ച' കാണാന്‍ കോട്ടപ്പാറയിലേക്ക് വരേണ്ട ; വിസ്മയക്കാഴ്ചയ്ക്ക് വിലക്ക്‌

സന്ദര്‍ശകരുടെ തിരക്ക് അനിയന്ത്രിതമായതോടെ, ഇവിടേക്കുള്ള സന്ദര്‍ശനം വനംവകുപ്പ്  വിലക്കിയിരിക്കുകയാണ് 
ഇനി ഈ 'മേഘക്കാഴ്ച' കാണാന്‍ കോട്ടപ്പാറയിലേക്ക് വരേണ്ട ; വിസ്മയക്കാഴ്ചയ്ക്ക് വിലക്ക്‌

ഇടുക്കി : 'മിനി മീശപ്പുലിമല' എന്ന പേരില്‍ വണ്ണപ്പുറം കോട്ടപ്പാറ വ്യൂ പോയിന്റിലെ മായികക്കാഴ്ചകള്‍ അടുത്തിടെ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ഇതോടെ പുലര്‍ച്ചെ മുതല്‍ ഇവിടേക്ക്  സഞ്ചാരികളുടെ തിരക്കാണ്. മേഘക്കൂട്ടങ്ങള്‍ പോലെയുള്ള പുലര്‍ക്കാല കോടമഞ്ഞ് കാണാനായി ദിവസേന ആയിരത്തിലധികം സഞ്ചാരികളാണ് ഇവിടേക്കെത്തിയിരുന്നത്. കോട കാണാനായി ചെറിയ ടെന്റടിച്ച് തങ്ങിയവരുമുണ്ട്. 

ഇടുക്കി വണ്ണപ്പുറം പഞ്ചായത്തിലാണ് കോട്ടപ്പാറ സ്ഥിതിചെയ്യുന്നത്. വനംവകുപ്പിന്റെ അധീനതയിലാണ് സ്ഥലം. തൊടുപുഴയില്‍ നിന്ന് 26 കിലോമീറ്റര്‍ മുള്ളരിങ്ങാട് റൂട്ടില്‍ പോയാല്‍ ഏറ്റവും ഉയര്‍ന്നിടം വ്യൂപോയിന്റ്. കാലത്ത് നാല് മണി മുതല്‍ ഈ വ്യൂപോയിന്റില്‍നിന്നു നോക്കിയാല്‍ കോടയിറങ്ങുന്നത് കാണാം.

സന്ദര്‍ശകരുടെ തിരക്ക് അനിയന്ത്രിതമായതോടെ, ഇവിടേക്കുള്ള സന്ദര്‍ശനം വനംവകുപ്പ് ഇപ്പോള്‍ വിലക്കിയിരിക്കുകയാണ്. സുരക്ഷാ കാരണങ്ങള്‍ പറഞ്ഞാണ് ഇപ്പോള്‍ വ്യൂപോയിന്റിലേക്കുള്ള സന്ദര്‍ശനം വിലക്കിയിട്ടുള്ളത്. അപകട സാധ്യത ചൂണ്ടിക്കാട്ടിയാണ് ഞായറാഴ്ച മുതല്‍ ഇവിടെ വനംവകുപ്പ് സന്ദര്‍ശനം നിരോധിച്ചത്. 

കാളിയാര്‍ റേഞ്ച് ഓഫീസറുടെ നേതൃത്വത്തിലാണ് പ്രവേശന കവാടത്തിലും കോട്ടപ്പാറയിലെ സഞ്ചാരികള്‍ കാഴ്ചകാണാന്‍ എത്തുന്ന സ്ഥലത്തും ബോര്‍ഡ് സ്ഥാപിച്ചത്. കോട്ടപ്പാറയിലെ പാറയുടെ മുകള്‍ഭാഗത്തേക്കുള്ള പ്രവേശനം നിരോധിച്ചിരിക്കുന്നു. ഈ ഭാഗം സര്‍ക്കാര്‍ ഭൂമിയും അപകടമേഖലയുമാണ്. അതിക്രമിച്ച് കടക്കുന്നത് വനനിയമ പ്രകാരം ശിക്ഷാര്‍ഹമാണെന്നും ബോര്‍ഡില്‍ വ്യക്തമാക്കുന്നു. 

സ്ഥലപരിചയം ഇല്ലാത്തതും മഞ്ഞ് നിറഞ്ഞുനില്‍ക്കുന്നതും ചരിവുള്ള പാറയുമായതിനാല്‍ അപകട സാധ്യതയേറെയാണെന്ന് വനം വകുപ്പ് വിശദീകരിക്കുന്നു. എന്നാല്‍ ഉടനെ ഇവിടെ എത്തുന്ന സഞ്ചാരികളെ തടയില്ല. അപകട സാധ്യത വിവരിച്ച് മടക്കി അയക്കും. തുടര്‍ന്നും ആളുകള്‍ കൂട്ടത്തോടെ എത്തിയാല്‍ ബാരിക്കേഡ് വെച്ച് പ്രവേശനം പൂര്‍ണമായും തടയാനാണ് തീരുമാനം. തിരക്ക് വര്‍ധിച്ചതോടെ പലരും സമീപത്തെ കൂറ്റന്‍പാറയുടെ മുകളിലും മറ്റും കയറിനില്‍ക്കുന്ന സാഹചര്യമാണ്. ഒരുവശത്ത് ഇരുന്നൂറ്റിയമ്പതോളം അടി താഴ്ചയുള്ള കൊക്കയാണെന്നും, ഇവിടെ സംരക്ഷണവേലിയില്ലെന്നും വനംവകുപ്പ് ചൂണ്ടിക്കാട്ടുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com