'ഇനി സ്വസ്ഥമായി ജീവിക്കാം, ചൂട് വെള്ളത്തില്‍ കുളിക്കാം'; ഏഴുമാസമായി ക്വാലലംപൂരിലെ വിമാനത്താവളത്തില്‍ കഴിഞ്ഞ സിറിയന്‍ അഭയാര്‍ത്ഥി ഹസനെ കാനഡ സ്വീകരിച്ചു

സിറിയയിലേക്ക് മടങ്ങിപ്പോയി ജയിലില്‍ പോവുകയോ എയര്‍പോര്‍ട്ടില്‍ ജീവിക്കുകയോ ചെയ്യുക എന്ന രണ്ട് മാര്‍ഗ്ഗങ്ങളേ ഹസന് മുന്നില്‍ ഉണ്ടായിരുന്നുള്ളൂ. അങ്ങനെ നീണ്ട ഏഴു മാസങ്ങളാണ് ഹസന്‍ എയര്‍പോര്‍ട്ടില്‍ ചിലവഴ
'ഇനി സ്വസ്ഥമായി ജീവിക്കാം, ചൂട് വെള്ളത്തില്‍ കുളിക്കാം'; ഏഴുമാസമായി ക്വാലലംപൂരിലെ വിമാനത്താവളത്തില്‍ കഴിഞ്ഞ സിറിയന്‍ അഭയാര്‍ത്ഥി ഹസനെ കാനഡ സ്വീകരിച്ചു

 വാന്‍കൂവര്‍: 'ചൂട് വെള്ളത്തില്‍ ഇനിയൊന്ന് കുളിക്കണം. എനിക്കെന്റെ കണ്ണുകളെ ഒട്ടും വിശ്വസിക്കാന്‍ പറ്റുന്നില്ലെ'ന്നാണ് കാനഡയിലേക്കുള്ള ടിക്കറ്റ് കയ്യില്‍ കിട്ടിയ  കിട്ടിയ ശേഷം സിറിയന്‍ പൗരനായിരുന്ന ഹസന്‍ ആദ്യം പറഞ്ഞത്. വാന്‍കൂവറിലെ വിമാനത്താവളത്തില്‍ നിന്നും പുറത്ത് കടക്കുമ്പോള്‍ ഹാസനെന്ന 37 കാരന് സ്വന്തം കണ്ണുകളെ വിശ്വസിക്കാനായില്ലെന്നതാണ് സത്യം. 

ക്വാലലംപൂരിലെ വിമാനത്താവളത്തില്‍ അഭയാര്‍ത്ഥിയായാണ് ഹസന്‍ കഴിഞ്ഞ ഏഴുമാസമായി ജീവിച്ചിരുന്നത്. പാസ്‌പോര്‍ട്ട് റദ്ദായതിനാല്‍ പുറത്തിറങ്ങാന്‍ സാധിക്കാതിരുന്ന ഹസന്റെ വാര്‍ത്ത 'നാസ് ഡെയ്‌ലി' നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതേത്തുടര്‍ന്നാണ് ലോകം മുഴുവന്‍ ഹസന്റെ മോചനത്തിനായി , പുതിയ ജീവിതത്തിനായി ഒന്നിച്ചു. അഭയാര്‍ത്ഥി വിസയില്‍ കാനഡയില്‍ എത്തിയ ഹസന് ഇനി തൊഴില്‍ ചെയ്ത് സമാധാനമായി ജീവിക്കാമെന്ന് മോചനത്തിന് നേതൃത്വം നല്‍കിയ കനേഡിയന്‍ സന്നദ്ധ സംഘടനാ പ്രവര്‍ത്തകയായ ലാറി കൂപ്പര്‍ പറഞ്ഞു.

 സിറിയന്‍ പൗരനായിരുന്ന ഹസന്‍ യുഎഇയില്‍ ആണ് ജോലി ചെയ്തിരുന്നത്. സിറിയന്‍ യുദ്ധത്തില്‍ പങ്കെടുക്കണമെന്ന സര്‍ക്കാര്‍ നിര്‍ദ്ദേശം നിരസിച്ച് ഇയാള്‍ യുഎഇയില്‍ തുടര്‍ന്നു. നിര്‍ദ്ദേശം അവഗണിച്ചതിനെ തുടര്‍ന്ന് പാസ്‌പോര്‍ട്ട് പുതുക്കി നല്‍കാന്‍ സിറിയന്‍ അധികൃതര്‍ തയ്യാറായില്ല. ഇതോടെ യുഎഇയിലെ അനധികൃത താമസക്കാരുടെ ലിസ്റ്റിലേക്ക് ഹസനും മാറി. ജോലിയും താമസ സ്ഥലവും നഷ്ടമായതിനെ തുടര്‍ന്ന് ജയിലില്‍ ആയി. അവിടെ നിന്നും നിയമ യുദ്ധത്തിലൂടെ ക്വാലലംപൂരിലെ വിമാനത്താവളത്തിലെത്തി. പാസ്‌പോര്‍ട്ടില്ലാതിരുന്നതിനാല്‍ ഹസന് പുറത്തിറങ്ങാനോ തിരികെ വിമാനം കയറുവാനോ സാധ്യമായിരുന്നില്ല. 

സിറിയയിലേക്ക് മടങ്ങിപ്പോയി ജയിലില്‍ പോവുകയോ എയര്‍പോര്‍ട്ടില്‍ ജീവിക്കുകയോ ചെയ്യുക എന്ന രണ്ട് മാര്‍ഗ്ഗങ്ങളേ ഹാസന് മുന്നില്‍ ഉണ്ടായിരുന്നുള്ളൂ. അങ്ങനെ നീണ്ട ഏഴു മാസങ്ങളാണ് ഹസന്‍ എയര്‍പോര്‍ട്ടില്‍ ചിലവഴിച്ചത്. കനഡയില്‍ നിന്നുള്ള സന്നദ്ധ പ്രവര്‍ത്തകരെത്തി അഭയാര്‍ത്ഥി വിസ സംഘടിപ്പിക്കാനുള്ള നീക്കം ആരംഭിച്ചതോടെയാണ് ഹസന്റെ ജീവിതത്തിലേക്ക് വീണ്ടും പ്രതീക്ഷയെത്തുന്നത്. ഹസന് വേണ്ടി ഒരു സ്‌പോണ്‍സറെയും ജോലിയും കണ്ടെത്താന്‍ അവര്‍ക്ക് കഴിഞ്ഞു. കൂപ്പര്‍ക്കൊപ്പമുള്ള കുറച്ച് കാലത്തെ താമസത്തിന് ശേഷം ഹസന് ഹോട്ടലില്‍ ജീവനക്കാരനായി പ്രവേശിക്കാം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com