റാണി@80; ഹാപ്പി ബര്‍ത്ത് ഡേ ആനമുത്തശ്ശി; കേക്ക് മുറിച്ച് ആഘോഷം പൊടിപൊടിച്ചു

എണ്‍പതാം പിറന്നാളിന് എത്തിച്ച പ്ലം കേക്ക് ഒരു സങ്കോചവും കൂടാതെ ആനമുത്തശ്ശി മുറിച്ചു. ഹൈദരാബാദിലെ നെഹ്‌റു സുവോളജിക്കല്‍ പാര്‍ക്കിലാണ് ഇത്തരമൊരു കൗതുകം ജനിപ്പിച്ച പിറന്നാളാഘോഷം നടന്നത്
റാണി@80; ഹാപ്പി ബര്‍ത്ത് ഡേ ആനമുത്തശ്ശി; കേക്ക് മുറിച്ച് ആഘോഷം പൊടിപൊടിച്ചു

ഹൈദരാബാദ്: രാജകീയമായി തന്നെ റാണി എന്ന ആന മുത്തശ്ശി തന്റെ 80ാം പിറന്നാള്‍ ആഘോഷിച്ചു. എണ്‍പതാം പിറന്നാളിന് എത്തിച്ച പ്ലം കേക്ക് ഒരു സങ്കോചവും കൂടാതെ ആനമുത്തശ്ശി മുറിച്ചു. ഹൈദരാബാദിലെ നെഹ്‌റു സുവോളജിക്കല്‍ പാര്‍ക്കിലാണ് ഇത്തരമൊരു കൗതുകം ജനിപ്പിച്ച പിറന്നാളാഘോഷം നടന്നത്. ആന മുത്തശ്ശി കേക്ക് മുറിക്കുന്ന ചിത്രം സമൂഹ മാധ്യമങ്ങളില്‍ വൈറലായി മാറുകയും ചെയ്തു. ശനിയാഴ്ചയാണ് റാണിക്ക് 80 എണ്‍പതു വയസ് തികഞ്ഞത്. 

1963ല്‍ സുവോളജിക്കല്‍ പാര്‍ക്ക് ആരംഭിച്ചപ്പോള്‍ ഹൈദരാബാദ് നൈസാം സമ്മാനിച്ചതാണ് ഈ ആനയെ. ആനയുടെ പിറന്നാളിനൊപ്പം പാര്‍ക്കിന്റെ 55ാം വാര്‍ഷികവും ആഘോഷിച്ചു. ചുരുക്കത്തില്‍ ഈ പാര്‍ക്കിലെ മോസ്റ്റ് സീനിയര്‍ ആണ് ആന മുത്തശ്ശി.

പിറന്നാളിനോടനുബന്ധിച്ച് റാണിയെ പൂമാലകളും റിബണുകളും അണിയിച്ച് പാര്‍ക്കിലെ ജീവനക്കാര്‍ അലങ്കരിച്ചിരുന്നു. കേക്ക് മുറിക്കാനൊക്കെ കക്ഷി വലിയ ഉത്സാഹം കാണിച്ചെങ്കിലും കഴിക്കാനൊന്നും മിനക്കെട്ടില്ലെന്ന് ജീവനക്കാര്‍ പറയുന്നു. പഴവും ശര്‍ക്കരയും മറ്റും നല്‍കി റാമിയെ ഹാപ്പിയാക്കാന്‍ അവര്‍ മറന്നില്ല. 

ആകെ അഞ്ച് ആനകളാണ് ഇവിടെയുള്ളതെന്നും പാര്‍ക്കിലെ ഏറ്റവും അനുസരണയുള്ള മൃഗമാണ് റാണിയെന്നും ജീവനക്കാര്‍ പറയുന്നു.  ഭക്ഷണ സമയത്ത് എല്ലാ ആനകള്‍ക്കും ഭക്ഷണം നല്‍കിയാല്‍ മാത്രമേ റാണി ഭക്ഷിക്കാറുള്ളുവെന്നും ജീവനക്കാര്‍ പറയുന്നു. 

പാര്‍ക്കിലെ എല്ലാ മൃഗങ്ങളുടേയും പിറന്നാള്‍ ആഘോഷിക്കാറുണ്ട്. അവ പാര്‍ക്കിലെത്തിയ ദിവസമാണ് പിറന്നാളായി ആഘോഷിക്കുന്നത്. എല്ലാ മൃഗങ്ങള്‍ക്കും ആ ദിവസം വിശിഷ്ട ഭക്ഷണം നല്‍കാറുണ്ട്. ജിറാഫുകളടക്കമുള്ള പുതിയ അന്തേവാസികളെ കാത്തിരിക്കുകയാണ് ഈ മൃഗശാല.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com