വീണു കിടക്കുമ്പോള്‍ നാലു വയസ്സുകാരി മകള്‍ താങ്ങിയെടുത്തിട്ടുണ്ട്; അതിജീവനത്തിന്റെ 35 വര്‍ഷങ്ങള്‍, സൈമണ്‍ ബ്രിട്ടോ ഓര്‍ത്തെടുക്കുന്നു

അക്രമരാഷ്ട്രീയത്തിന്റെ കൊലക്കത്തി നട്ടെല്ലും ഹൃദയവും തുളച്ചുകയറി പ്രസരിപ്പാര്‍ന്ന ജീവിതം തളര്‍ത്തി കളഞ്ഞിട്ടും അതിജീവനത്തിന്റെ ഏറ്റവും മഹത്തായ ഉദാഹരണമായി സൈമണ്‍ ബ്രിട്ടോ ഇപ്പോഴും നമുക്കിടയിലുണ്ട്. 
വീണു കിടക്കുമ്പോള്‍ നാലു വയസ്സുകാരി മകള്‍ താങ്ങിയെടുത്തിട്ടുണ്ട്; അതിജീവനത്തിന്റെ 35 വര്‍ഷങ്ങള്‍, സൈമണ്‍ ബ്രിട്ടോ ഓര്‍ത്തെടുക്കുന്നു

സൈമണ്‍ ബ്രിട്ടോയെന്ന കമ്മ്യൂണിസ്റ്റുകാരന്റെ ജീവിതം ചക്രക്കസേരയിലായിട്ട് ഇന്നേക്ക് 35 വര്‍ഷങ്ങള്‍ തികയുകയാണ്. അക്രമരാഷ്ട്രീയത്തിന്റെ കൊലക്കത്തി നട്ടെല്ലും ഹൃദയവും തുളച്ചുകയറി പ്രസരിപ്പാര്‍ന്ന ജീവിതം തളര്‍ത്തി കളഞ്ഞിട്ടും അതിജീവനത്തിന്റെ ഏറ്റവും മഹത്തായ ഉദാഹരണമായി സൈമണ്‍ ബ്രിട്ടോ ഇപ്പോഴും നമുക്കിടയിലുണ്ട്. തെളിമയാര്‍ന്ന രാഷ്ട്രീയം പറഞ്ഞ്, പ്രത്യയശാസ്ത്രത്തിന്റെ അപചയങ്ങളോട് പടവെട്ടി, കോര്‍പ്പറേറ്റ് വത്കരണത്തോടും വര്‍ഗീയതയോടും സന്ധിയില്ലാ സമരം പ്രഖ്യാപിച്ചും എഴുതിയും പറഞ്ഞും സഖാവ് സൈമണ്‍ ബ്രിട്ടോ ചലിച്ചുകൊണ്ടേയിരിക്കുന്നു. 

കെഎസ്‌യുവിന്റെ കൊലക്കത്തിക്ക് ഇരയായതിന്റെ ഇരുപത്തിയഞ്ചാം വാര്‍ഷികം സംഘടിപ്പിച്ച സഹപ്രവര്‍ത്തകരോട് കലഹിച്ച സിപിഎം ഇത്തവണ വാര്‍ഷികം തന്നെ മറന്ന മട്ടാണ്. വാര്‍ഷികത്തിന്റെ കാര്യം ഓര്‍മ്മിപ്പിച്ചത് മകളാണെന്നും പാര്‍ട്ടി നേതാക്കള്‍ ഇതുവരെ വിളിച്ചില്ലെന്നും പറയുമ്പോള്‍ പക്ഷേ ഒരുതവണ നിയമസഭയിലിരുന്ന ബ്രിട്ടോയ്ക്ക് പരിഭമില്ല, പാര്‍ട്ടി മറന്നുപോയോ എന്ന് ചോദിക്കുമ്പോള്‍ നിങ്ങളെന്തുകൊണ്ട് എന്നെ ഓര്‍മ്മിക്കുന്നില്ലെന്ന് ഞാനെന്തിന് അവരോട് ചോദിക്കണം എന്നാണ് സൈമണ്‍ ബ്രിട്ടോ തിരിച്ചു ചോദിക്കുന്നത്. 

അതിജീവനത്തിന്റെ കഴിഞ്ഞുപോയ 35 വര്‍ഷങ്ങളെ കുറിച്ച്, നട്ടെല്ലിലേക്കും ഹൃദയത്തിലേക്കും വൃക്കയിലേക്കും കൊലക്കത്തി തുളച്ചു കയറിയ ദിവസത്തെക്കുറിച്ച്, താങ്ങും തണലുമായി നില്‍ക്കുന്ന ഭാര്യ സീനയെക്കുറിച്ച് സൈമണ്‍ ബ്രിട്ടോ സംസാരിക്കുയാണ്. 

കൊലക്കത്തി നട്ടെല്ല് തുളച്ച ആ ദിവസം

1983 ഒക്ടോബര്‍ 14 ന് എറണാകുളം ജില്ലാ ആശുപത്രിയുടെ ഇടനാഴിയില്‍ വെച്ചാണ്  കുത്തേറ്റ് വീഴുന്നത്. ആ സമയത്ത് എറണാകുളം ലോ കോളജിലെ അവസാന വര്‍ഷവിദ്യാര്‍ത്ഥിയായിരുന്നു. എസ്എഫ്‌ഐയുടെ സംസ്ഥാന ഭാരവാഹിയായിരുന്നു. പുല്‍പ്പള്ളി സമരം നടന്ന സമയമാണ്. പുല്‍പ്പള്ളി കോളജില്‍ വര്‍ക്ക് ചെയ്യാന്‍ സംഘടന പറഞ്ഞു. പക്ഷേ പരീക്ഷ എഴുതണം എന്നുള്ളതുകൊണ്ട് പോയില്ല. മഹാരാജാസില്‍ കെഎസ് യുവിന്റെ ഭരണം അവസാനിപ്പിച്ച് എസ്എഫ്‌ഐ യൂണിയന്‍ നേടിയ വര്‍ഷമാണ്. പിടിച്ചു നില്‍ക്കാന്‍ ശക്തമായി വര്‍ക്ക് ചെയ്യുന്ന സമയമാണ്. ഞങ്ങള്‍ക്കെതിരെ കെഎസ്‌യുവിന്റെ സ്ഥിരം ആക്രമണങ്ങളുണ്ടായിരുന്നു.

കുത്തു കിട്ടുന്നതിന് മുമ്പ് മൂന്നു തവണ കെഎസ്‌യുവിന്റെ ഭാഗത്ത് നിന്ന് എനിക്കെതിരെ ആക്രമണമുണ്ടായിരുന്നു. അന്നെല്ലാം രക്ഷപ്പെട്ടു. സ്ഥിരമായി സംഘര്‍ഷം നിലനില്‍ക്കുകയാണ്, ചെറുത്തുനില്‍ക്കാന്‍ ശ്രമിക്കുയാണ് ഞങ്ങള്‍. അതിനിടയില്‍ നയനാര്‍ മന്ത്രിസഭ മാറി കെ.കരുണാകരന്‍ മുഖ്യമന്ത്രിയും വയലാര്‍ രവി ആഭ്യന്തര മന്ത്രിയുമായി. അപ്പോള്‍ പൊലീസിന്റെ ഭാഗത്ത് നിന്നും ഞങ്ങള്‍ക്ക് ആക്രമണങ്ങളേല്‍ക്കേണ്ടി വന്നു. 

ഒക്ടോബര്‍ പതിനാലിന് മാര്‍ക്ക് ലിസ്റ്റ് നോക്കാന്‍ പോകുന്ന സമയത്താണ് മഹാരാജാസില്‍ സംഘര്‍ഷം നടക്കുന്നതെന്ന് അറിയുന്നത്. സംഘര്‍ഷത്തില്‍പ്പെടാന്‍ താത്പര്യമില്ലാത്തതുകൊണ്ട് എറണാകുളം മാര്‍ക്കറ്റിലെ സിഐടിയുക്കാരുടെ അടുത്തേക്കാണ് പോയത്. പിന്നീട് പാര്‍ട്ടി ഓഫീസിലെത്തുമ്പോള്‍ ധാരാളം എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ അടിയേറ്റ് ഇരിപ്പുണ്ട്. ഇവരെ ആശ്വസിപ്പിച്ച് ജനറല്‍ ഹോസ്പിറ്റലിന് മുന്നില്‍ സംഘടിച്ചു നില്‍ക്കുന്ന എസ്എഫ്‌ഐക്കാരെ പിരിച്ചുവിടാന്‍ പോയതാണ്. അടികൊണ്ടു ചികിത്സയിലുള്ള പ്രവര്‍ത്തകരെ കണ്ട് കാഷ്വാലിറ്റിക്ക് സമീപത്തെ വരാന്തയിലൂടെ നടന്നു വരികയാണ്. ആ സമയത്ത് ഇടനാഴിയലൂടെ കോളജ് യൂണിയന്‍ ജനറല്‍ സെക്രട്ടറിയും വരുന്നുണ്ട്. അവിടെ നിന്ന കെഎസ്‌യുക്കാരന്റെ കയ്യിലെ കത്തി ഞാന്‍ കണ്ടു. അത് പിടിച്ചു വാങ്ങാന്‍ അവിടെ നിന്ന പൊലീസുകാരോട് വിളിച്ചു പറഞ്ഞു. ഇതുകേട്ട് ഇയാള്‍ തിരിഞ്ഞു, ഞാന്‍ കരുതിയത് ജനറല്‍ സെക്രട്ടറിയെ കുത്താനാണ് തിരിയുന്നത് എന്നാണ്. ഞാനവിടെ നിന്നു, ഈ സമയത്ത് രണ്ടുപേര്‍ വന്ന് എന്നെ കയറി പിടിച്ചു. മറ്റേയാള്‍ മുന്നില്‍ വന്ന് തലമുടിക്ക്‌ പിടിച്ച് കുനിച്ച് കുത്തി. അപ്പോഴേക്കും പൊലീസും വിദ്യാര്‍ത്ഥികളും ഓടിയെത്തി. സംഘര്‍ഷത്തിനിടയില്‍ വീണ്ടും മൂന്നുതവണ കുത്തേറ്റു. 

അതിജീവനത്തിന്റെ നാളുകള്‍

പത്തുവര്‍ഷത്തോളം തുടരെ ചികിത്സയും വ്യായാമവുമായി കഴിഞ്ഞു. ഇപ്പോഴും ചികിത്സയുണ്ട്. പതിനഞ്ച് ദിവസത്തിനുള്ളില്‍ എഴുന്നേറ്റ് നടക്കാമെന്നാണ് ഞങ്ങള്‍ കരുതിയത്. പക്ഷേ  എഴുന്നേല്‍ക്കാന്‍ സാധിച്ചില്ല. പല പല ചികിത്സകള്‍, ആശുപത്രിയും വീടും മാത്രമായി കഴിഞ്ഞ നാളുകള്‍... തോറ്റുപോകില്ലെന്ന് തീരുമാനിച്ചു. കുത്തിയ ആളെ കുറ്റപ്പെടുത്താനൊന്നും പോയില്ല. ആ കിടപ്പിനോട് പൊരുത്തപ്പെടാനും പോയില്ല. പുറത്തേക്കിറങ്ങാന്‍ ശ്രമിച്ചു. എന്റെ പ്രവര്‍ത്തന മണ്ഡലങ്ങളിലേക്ക് തിരിച്ചു പോകാന്‍ ശ്രമിച്ചു. ഇന്ത്യ  ചുറ്റിക്കറങ്ങി, പുസ്തകങ്ങളെഴുതി, നിയമസഭയിലെത്തി... പോരാട്ടാമാണ് ജീവിതം, വീണുപോകാന്‍ തയ്യാറല്ല. ഇനിയിപ്പോള്‍ ആരോഗ്യം കുറഞ്ഞുവരും, കൈകള്‍ക്ക് ബലം കുറയും,പുതിയ രോഗങ്ങള്‍ വരും, ഇനി സംഭവിക്കാന്‍ പോകുന്നതിനെക്കുറിച്ച് ചിന്തിക്കുന്നില്ല. എന്തും നേരിടാനുള്ള മനക്കരുത്ത് ഇക്കാലയളവില്‍ നേടിയെടുത്തിയിട്ടുണ്ട്. രണ്ടു കാലുകള്‍ തളര്‍ന്നു,
  ഇപ്പോള്‍ എന്റെയീ കൈകളാണ് സുഹൃത്തുക്കള്‍...

സീനയും നിലാവും

സീനയും മകള്‍ നിലാവും വന്നതിന് ശേഷം വലിയ മാറ്റങ്ങളാണ് സംഭവിച്ചത്. കൂട്ടായി, തണലായി കൂടെയുണ്ട് അവര്‍. വീണു കിടക്കുമ്പോള്‍ നാലുവയസ്സുകാരി നിലാവ് താങ്ങിയെടുത്തിട്ടുണ്ട്. ഒരുദിവസം ചെയറില്‍ നിന്ന് കിടക്കയിലേക്ക് കയറാന്‍ ശ്രമിക്കുമ്പോള്‍ താഴെ വീണുപോയി. മകള്‍ മാത്രമാണ് അടുത്തുണ്ടായിരുന്നത്. പുറകിലെ തൊലി പൊട്ടാതിരിക്കാന്‍ അവളോട് കമിഴ്ത്തിക്കിടത്താന്‍ പറഞ്ഞു. ബെഡ് തറയിലിടാന്‍ പറഞ്ഞു. അവളാണ് ബെഡിലേക്ക് വലിച്ചു കിടത്തിയത്. അതുകഴിഞ്ഞ് അവളൊരു പൊട്ടിക്കരച്ചിലായിരുന്നു... ഞാന്‍ മരിക്കാന്‍ പോകുന്നു എന്നായിരുന്നു അവളുടെ തോന്നല്‍... 

സൈമണ്‍ ബ്രിട്ടോയുടെ ഭാര്യ സീനയും മകള്‍ നിലാവും
 

കൂടെയൊരാളും ഇല്ലായിരുന്ന സമയത്താണ് സീന ജീവതത്തിലേക്ക് സ്വയം കടന്നുവരുന്നത്. പിന്നീട് എല്ലാ കാര്യത്തിലും അവള്‍ കൂടെനിന്നു. വലിയ പ്രയാസങ്ങള്‍ എല്ലാം അതിജീവിക്കാന്‍ സീനയുടെ സാന്നിധ്യം കരുത്തു പകരുന്നുണ്ട്.  


പാര്‍ട്ടി മറന്നതാണോ? 

പാര്‍ട്ടി മറന്നതാണോ എന്നൊക്കെ ഞാനെങ്ങനെ പറയാനാണ്? 25ാംവാര്‍ഷികം സംഘടിപ്പിച്ചത് സുരേഷ് കുറുപ്പും മറ്റ് സഖാക്കളും മറ്റും ചേര്‍ന്നാണ്. ഞാന്‍ നടപടിക്ക് വിധേയനായത് എന്തിനാണെന്ന് അറിയില്ല. അത് സംഘടിപ്പിച്ചില്ലെങ്കിലും പ്രശ്‌നമൊന്നും ഇല്ലല്ലോ, മനസ്സിന് സ്വസ്ഥത കിട്ടുമല്ലോ. പലരുമെന്നോട് ചോദിച്ചിട്ടുണ്ട്, എന്താണ് പ്രശ്‌നമെന്ന്. എനിക്കറിയില്ല. പാര്‍ട്ടി തീരുമാനമെടുത്തു, ഞാന്‍ അനുസരിച്ചു. മകളാണ് വിളിച്ചു പറഞ്ഞത് ഇന്ന് വാര്‍ഷികമാണെന്ന്. ഇതുവരെ ആരും വിളിച്ചിട്ടില്ല. അന്ന് പരിപാടി നടത്തുമ്പോള്‍ ദൂരെ സ്ഥലങ്ങളില്‍ നിന്നുപോലും ആളുകള്‍ എത്തി, നേരില്‍ കണ്ടിട്ടില്ലാത്തവരെത്തി, അതൊക്കെ ഒരു സന്തോഷമായിരുന്നു... നമ്മളൊരു കലാപമുണ്ടാക്കിയാല്‍ ആര്‍ക്കെങ്കിലും ഗുണമുണ്ടാകണം. മരിച്ചുപോയ ഒരാള്‍ എഴുന്നേറ്റ് വന്ന് എന്റെ രക്ത സാക്ഷിത്വം നിങ്ങള്‍ ആചരിക്കണം എന്ന് പറയില്ലല്ലോ...

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com