കാനഡയില്‍ ഇനി കഞ്ചാവിന് വിലക്കില്ല: വീട്ടിലും വളര്‍ത്താം, കഞ്ചാവ് നിയമവിധേയമാക്കുന്ന രണ്ടാമത്തെ രാഷ്ട്രം

മുതിര്‍ന്ന പൗരന്‍മാര്‍ക്ക് 30 ഗ്രാം വരെ കഞ്ചാവ് കൈവശംവയ്ക്കാനും കൈമാറാനുമുള്ള സ്വാതന്ത്ര്യമാണ് പുതിയ നിയമം നല്‍കുന്നത്.
കാനഡയില്‍ ഇനി കഞ്ചാവിന് വിലക്കില്ല: വീട്ടിലും വളര്‍ത്താം, കഞ്ചാവ് നിയമവിധേയമാക്കുന്ന രണ്ടാമത്തെ രാഷ്ട്രം

ഞ്ചാവ് എന്ന ലഹരിവസ്തും മിക്ക രാഷ്ട്രങ്ങളിലും നിഷിധമാണ്. ചിലയിടത്ത് ചായ കുടിക്കുന്നത് പോലെ ഉപയോഗിക്കാമെങ്കില്‍ ചിലയിടത്ത് ക്രിമിനല്‍ കുറ്റമാണ്. നിയമവിധേയമായ ഒരൊറ്റ രാജ്യം മാത്രമേ ഉള്ളുവെങ്കിലും പല സ്ഥലങ്ങളിലും ആളുകള്‍ ഇത് പ്രശ്‌നങ്ങളില്ലാതെ ഉപയോഗിക്കാറുണ്ട്. എന്നാല്‍ അപകടകരമല്ലാത്ത ലഹരിയായ കഞ്ചാവിനെ രാജ്യങ്ങളില്‍ നിയമവിധേയമാക്കണമെന്ന് ശാസ്ത്രജ്ഞരുള്‍പ്പെടെയുള്ളവര്‍ വാദിക്കുന്നുണ്ട്.

യുഎസിലെ ഒമ്പതു സംസ്ഥാനങ്ങളില്‍ വിനോദാവശ്യത്തിനുള്ള കഞ്ചാവിന്റെ ഉല്‍പാദനവും ഉപയോഗവും നിലവില്‍ നിയമപരമാണ്. മുപ്പതോളം സംസ്ഥാനങ്ങളില്‍ ഔഷധാവശ്യങ്ങള്‍ക്കായുള്ള കഞ്ചാവു വില്‍പന നിയമപരമാണ്.

അങ്ങനെ കാനഡയില്‍ കഞ്ചാവ് നിയമവിധേയമായിരിക്കുകയാണ്. രാജ്യത്ത് ഇനി കഞ്ചാവ് വീട്ടില്‍ വളര്‍ത്തിയാലും വില്‍പ്പന നടത്തിയാലും ഒന്നും കുറ്റകരമാകില്ല. ബുധനാഴ്ച അര്‍ധരാത്രിയോടെയാണ് ഇതു സംബന്ധിച്ച നിയമം പ്രാബല്യത്തിലായത്. ഇതോടെ കഞ്ചാവ് ഉപയോഗം നിയമപരമായി മാറുന്ന ലോകത്തെ രണ്ടാമത്തെ രാഷ്ട്രമായി കാനഡ. യുറഗ്വായ് ആണ് ആദ്യരാജ്യം.

മുതിര്‍ന്ന പൗരന്‍മാര്‍ക്ക് 30 ഗ്രാം വരെ കഞ്ചാവ് കൈവശംവയ്ക്കാനും കൈമാറാനുമുള്ള സ്വാതന്ത്ര്യമാണ് പുതിയ നിയമം നല്‍കുന്നത്. വീട്ടില്‍ നാലു കഞ്ചാവു ചെടികള്‍ വരെ വളര്‍ത്താനും സ്വകാര്യ ആവശ്യങ്ങള്‍ക്കുള്ള വസ്തുക്കള്‍ പോലെയുള്ള ഉല്‍പന്നങ്ങള്‍ നിര്‍മിക്കാനും നിയമം അധികാരം നല്‍കുന്നുണ്ട്. അതേസമയം, 18 വയസ്സിനു താഴെയുള്ളവര്‍ കഞ്ചാവ് ഉല്‍പാദിപ്പിക്കുന്നതും വിതരണം ചെയ്യുന്നതും വില്‍പന നടത്തുന്നതും കുറ്റകരമായി തുടരും. 14 വര്‍ഷം തടവുള്‍പ്പെടെയുള്ള കടുത്ത ശിക്ഷയാണ് നിയമലംഘകര്‍ക്ക് ലഭിക്കുക.

ആരോഗ്യം, നിയമം, പൊതുസുരക്ഷ എന്നിവയെ പുതിയ മാറ്റം ഏതുതരത്തില്‍ ബാധിക്കുമെന്ന ആശങ്കകള്‍ക്കിടെയാണ് കാനഡയില്‍ കഞ്ചാവ് വില്‍പനകേന്ദ്രങ്ങള്‍ ബുധനാഴ്ച അര്‍ധരാത്രി മുതല്‍ പ്രവര്‍ത്തനമാരംഭിച്ചത്. നിയമപരമായ വില്‍പന എന്ന ആശയം പ്രാരംഭ ഘട്ടത്തില്‍ ആയതിനാല്‍ ആദ്യ വര്‍ഷം കഞ്ചാവിന്റെ ലഭ്യത കുറവാകാനാണ് സാധ്യതയെന്നാണ് പൊതു നിഗമനം. കഞ്ചാവ് ഉല്‍പാദനവും ലൈസന്‍സ് നല്‍കുന്ന പ്രക്രിയയും വിപണിയിലെ ആവശ്യത്തിനനുസരിച്ചു ക്രമപ്പെടുത്തേണ്ടതുമുണ്ട്.

കുട്ടികളില്‍ കഞ്ചാവ് എത്തുന്നത് തടയുകയും കഞ്ചാവ് ഉപയോഗത്തെ തുടര്‍ന്നുള്ള കുറ്റകൃത്യങ്ങള്‍ കുറയ്ക്കുകയുമാണ് നിയമത്തിലൂടെ സര്‍ക്കാര്‍ ലക്ഷ്യംവയ്ക്കുന്നത്. അധികാരത്തിലുള്ള ലിബറല്‍ പാര്‍ട്ടി 2015ല്‍ തിരഞ്ഞെടുപ്പു വാഗ്ദാനമായി മുന്നോട്ടുവച്ചതായിരുന്നു കഞ്ചാവ് വില്‍പനയ്ക്കുള്ള നിയമപരിരക്ഷ എന്ന ആശയം. 

ലോകത്തില്‍തന്നെ ഏറ്റവും കൂടുതല്‍ കഞ്ചാവ് ഉപയോഗിക്കുന്നവര്‍ കാനഡക്കാരാണെന്നും കഞ്ചാവ് ഉപയോഗം കുറ്റകരമായി കാണുന്ന നൂറ്റാണ്ടുകള്‍ പഴക്കമുള്ള നിയമങ്ങള്‍ ഫലപ്രദമല്ലെന്നാണ് ഇതു കാണിക്കുന്നതെന്നുമാണ് പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയുടെ നിലപാട്. 

1923 മുതല്‍ കഞ്ചാവ് കൈവശം വയ്ക്കുന്നത് കുറ്റകൃത്യമാണെങ്കിലും 2001ല്‍ ഔഷധാവശ്യങ്ങള്‍ക്കായുള്ള കഞ്ചാവിന്റെ ഉപയോഗം നിയമാനുസൃതമാക്കി. നാലു ബില്യന്‍ ഡോളറാണ് പ്രതിവര്‍ഷം കഞ്ചാവു വില്‍പനയിലൂടെ നികുതി വരുമാനം പ്രതീക്ഷിക്കുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com