അമ്പലത്തില്‍ പണം കൊടുത്താല്‍ ഈ സന്തോഷം കിട്ടുമോ? 26 വര്‍ഷമായി പാവങ്ങളെ ഊട്ടുകയാണ് ഈ മനുഷ്യന്‍

കഴിഞ്ഞ 26 വര്‍ഷമായി പാട്‌ന മെഡിക്കല്‍ കോളെജിലെ രോഗികള്‍ക്ക് ഭക്ഷണം വിളമ്പുകയാണ് ബിഹാര്‍ സ്വദേശിയായ ഗുര്‍മീത് സിങ്
അമ്പലത്തില്‍ പണം കൊടുത്താല്‍ ഈ സന്തോഷം കിട്ടുമോ? 26 വര്‍ഷമായി പാവങ്ങളെ ഊട്ടുകയാണ് ഈ മനുഷ്യന്‍

പാട്‌ന; ഈ ലോകത്ത് സ്വന്തമെന്ന് പറയാന്‍ പോലും ആരും ഇല്ലാത്തവരായി നിരവധി പേരുണ്ട്. രോഗം വന്ന് ചികിത്സതേടി ആശുപത്രിയെത്തിയാല്‍ നോക്കാന്‍ ആരുമില്ലാതെ തങ്ങള്‍ക്കായി അനുവദിച്ച പ്രത്യേക വാര്‍ഡില്‍ അവര്‍ക്ക് ചുരുണ്ടു കൂടേണ്ടിവരും. എന്നാല്‍ പാട്‌ന മെഡിക്കല്‍ കോളേജില്‍ ചികിത്സതേടി എത്തുന്ന ആരും അങ്ങനെ അനാഥരാവില്ല. അവര്‍ക്ക് ഭക്ഷണം നല്‍കാന്‍ ഗുര്‍മീത് സിങ്ങുണ്ട്. കൈനിറയെ ഭക്ഷണ പൊതികളുമായി എത്തുന്ന ഈ മനുഷ്യന്‍ ആശുപത്രിയിലുള്ളവര്‍ക്ക് ദൈവതുല്യനാണ്. 

കഴിഞ്ഞ 26 വര്‍ഷമായി പാട്‌ന മെഡിക്കല്‍ കോളെജിലെ രോഗികള്‍ക്ക് ഭക്ഷണം വിളമ്പുകയാണ് ബിഹാര്‍ സ്വദേശിയായ ഗുര്‍മീത് സിങ്. ആരും നോക്കാനില്ലാത്ത വീട്ടുകാര്‍ ഉപേക്ഷിച്ച് പോയവര്‍ക്കാണ് അദ്ദേഹം ഭക്ഷണം എത്തിക്കുന്നത്. ഇതിനായി തന്റെ ഓരോ ദിവസത്തെയും വരുമാനത്തിലെ 10 ശതമാനം മാറ്റിവെച്ചിരിക്കുകയാണ് ഗുര്‍മീത്. 

പാവങ്ങളെ സഹായിക്കുന്നതിലൂടെ തനിക്ക് സന്തോഷം ലഭിക്കുന്നുണ്ടെന്നാണ് ഗുര്‍മീത് പറയുന്നത്. അമ്പലങ്ങളിലേക്ക് പണം നല്‍കിയിട്ട് ഒരു ഗുണവുമില്ല, അതിന് പകരം പാവങ്ങളെ സഹായിച്ചാല്‍ സന്തോഷം ലഭിക്കുമെന്നാണ് അദ്ദേഹം പറയുന്നത്.

ഒരു ചെറിയ തുണിക്കടയില്‍ നിന്നുള്ള വരുമാനത്തില്‍ നിന്നാണ് ഗുര്‍മീത് ഭക്ഷണത്തിനും മരുന്നിനുമുള്ള പണം കണ്ടെത്തുന്നത്. എന്നും രാവിലെ അദ്ദേഹം തുണിക്കടയിലേക്ക് പോകും. രാത്രിയില്‍ കട അടച്ച് നേരെ പോകുന്നത് ആശുപത്രിയിലേക്കാണ്. വഴിയില്‍ രാധെ കൃഷ്ണ ഹോട്ടലില്‍ നിന്ന് ഭക്ഷണം വാങ്ങും. ബേക്കറിയില്‍ കയറി മധുര പലഹാരം എന്തെങ്കിലും വാങ്ങും. ചില സമയങ്ങളില്‍ പലഹാരത്തിന് പകരം മുട്ടയായിരിക്കും വാങ്ങുക. അങ്ങനെ അവശ്യമായ സാധനങ്ങള്‍ നിറച്ച ബാഗുമായി നേരെ ആശുപത്രിയിലെ ഉപേക്ഷിക്കപ്പെട്ട വാര്‍ഡിലേക്ക്. അവിടെ ചെന്ന് വാഷ് ബെയ്‌സണില്‍ കൈ കഴുകി സൂക്ഷിച്ചു വെച്ചിരിക്കുന്ന സ്റ്റീല്‍ പാത്രങ്ങള്‍ കഴുകിയെടുത്ത് തനിക്കായി പ്രതീക്ഷയോടെ കാത്തിരിക്കുന്ന രോഗികള്‍ക്ക് ഭക്ഷണം വിളമ്പും. രണ്ട് തവണയാണ് ആശുപത്രിക്ക് ചീത്തപ്പേരുണ്ടാക്കുന്നു എന്നാരോപിച്ച് അദ്ദേഹത്തിന് പ്രവേശനം നിഷേധിച്ചത്.

ഓരോ ആളുകളുടേയും അടുത്തെത്തി രോഗ വിവരം അന്വേഷിക്കും അവര്‍ക്ക് ആവശ്യമുള്ള മരുന്നുകള്‍ നല്‍കും. വീട്ടിലെ ആഘോഷങ്ങളെല്ലാം മാറ്റിവെച്ചാണ് അദ്ദേഹം അവശ്യത്തിനുള്ള പണം കണ്ടെത്തുന്നത്. വീട്ടില്‍ ഒരു പണം ഇടാനായി ഒരു ബോക്‌സ് സ്ഥാപിച്ചിട്ടുണ്ട്. നാല് സഹോദരന്മാരാണ് ഗുര്‍മീതിന്. നാലുപേരും തങ്ങളുടെ വരുമാനത്തിന്റെ 10 ശതമാനം പാവങ്ങള്‍ക്ക് ഭക്ഷണം നല്‍കാനുള്ള ഉദ്യമത്തിനായി സംഭാവന ചെയ്യും. തങ്ങളുടെ കുട്ടികളുടെ ബര്‍ത്‌ഡേ ആഘോഷിക്കാതെയും ദിപാവലിക്ക് പടക്കം പൊട്ടിക്കാതെയും അതിന് ചെലവു വരുന്ന പണം മുഴുവനായി ഇതിനായി ഉപയോഗിക്കും.

രണ്ട് പതിറ്റാണ്ട് മുന്‍പ് തന്റെ ജീവിതത്തിലുണ്ടായ ഒരു സംഭവമാണ് ഗുര്‍മീതിന്റെ ജീവിതം മാറ്റിമറിച്ചത്. പ്ലാസ്റ്റിക് ബാഗ് വില്‍ക്കുന്ന ഒരു സ്ത്രീ ഗുര്‍മീതിന്റെ കടയ്ക്ക് മുന്നില്‍ ആകസ്മികമായി വന്നുപെട്ടു. ഗുരുതരമായി പൊള്ളലേറ്റ ഒരു ആണ്‍കുട്ടിയും ഇവരുടെ കൈയിലുണ്ടായിരുന്നു. കുഞ്ഞിനെയും കൊണ്ട് ഗുര്‍മീത് പാട്‌ന ആശുപത്രിയിലേക്ക് പോയി. അപ്പോള്‍ അവിടെ ഡോക്റ്റര്‍മാരുടെ സമരം നടക്കുകയായിരുന്നു. അപ്പോഴാണ് ആശുപത്രിയിലെ യഥാര്‍ത്ഥ അവസ്ഥ ഗുര്‍മീത് മനസിലാക്കുന്നത്. ഉപേക്ഷിക്കപ്പെട്ട കുറേ രോഗികളുടെ അവസ്ഥ കണ്ടാണ് അദ്ദേഹം ഭക്ഷണ വിതരണം ചെയ്യാന്‍ തീരുമാനിക്കുന്നത്.

കഴിഞ്ഞ 26 വര്‍ഷമായി ആശുപത്രിയില്‍ ഭക്ഷണവും മരുന്നുമായി മുടങ്ങാതെ എത്തുന്ന ഗുര്‍മീത് എല്ലാവര്‍ക്കും ചിരപരിചിതനാണ്. നിരവധി പുരസ്‌കാരങ്ങളും അദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com