'അച്ഛന്‍ വരുമെന്ന് ഞങ്ങള്‍ കുഞ്ഞുങ്ങളോട് കള്ളം പറയും'; ഹൃദയസ്പര്‍ശിയായി ഒരു കശ്മീരി പൊലീസുകാരന്റെ ഭാര്യയുടെ കുറിപ്പ് 

കശ്മീര്‍ താഴ്‌വരയില്‍ ഭീകരവാദികള്‍ പൊലീസുകാരെ ലക്ഷ്യം വെയ്ക്കുമ്പോള്‍ രാജ്യത്തിനു വേണ്ടി സേനാംഗങ്ങള്‍ നടത്തുന്ന ത്യാഗങ്ങളെപ്പറ്റി ഒരു പൊലീസുകാരന്റെ ഭാര്യ എഴുതിയ കുറിപ്പ് വൈറലാകുന്നു
'അച്ഛന്‍ വരുമെന്ന് ഞങ്ങള്‍ കുഞ്ഞുങ്ങളോട് കള്ളം പറയും'; ഹൃദയസ്പര്‍ശിയായി ഒരു കശ്മീരി പൊലീസുകാരന്റെ ഭാര്യയുടെ കുറിപ്പ് 

ശ്മീര്‍ താഴ്‌വരയില്‍ ഭീകരവാദികള്‍ പൊലീസുകാരെ ലക്ഷ്യം വെയ്ക്കുമ്പോള്‍ രാജ്യത്തിനു വേണ്ടി സേനാംഗങ്ങള്‍ നടത്തുന്ന ത്യാഗങ്ങളെപ്പറ്റി ഒരു പൊലീസുകാരന്റെ ഭാര്യ എഴുതിയ കുറിപ്പ് വൈറലാകുന്നു. ജമ്മു-കശ്മീരിലെ പൊലീസ് ഉദ്യോഗസ്ഥന്റെ ഭാര്യ അരിഫ തൗസിഫ് എഴുതിയ കുറിപ്പാണ് വൈറലായിരിക്കുന്നത്. ഭര്‍ത്താവിന്റെ സാന്നിദ്ധ്യം ആഗ്രഹിക്കുമ്പോള്‍ അത് കിട്ടാതാകുന്നതും ഒറ്റയ്ക്ക് മക്കളെ വളര്‍ത്തുന്നതും മുതല്‍ നിലവിലെ സാഹചര്യങ്ങളില്‍ അനുഭവിക്കുന്ന സമ്മര്‍ദ്ദവും കുറിപ്പില്‍ ആരിഫ വിവരിക്കുന്നു. 

ജീവിതത്തിലെ സന്തോഷത്തിലും സങ്കടത്തിലും ഒന്നിച്ചുണ്ടാകും എന്ന കൗമാര ഭാവന ഒരു പൊലീസുകാരന്റെ ഭാര്യയെ സംബന്ധിച്ചിടത്തോളം വിദൂര സ്വപ്‌നം മാത്രമാണെന്നെഴുതിയാണ് അരിഫ കുറിപ്പ് ആരംഭിച്ചത്. 'ഒന്നിച്ച് ഭക്ഷണം കഴിക്കാനായി ഞങ്ങള്‍ കാത്തിരിക്കും. ഫാമിലി ഫങ്ഷനുകളിലും മരണ വീടുകളിലും ഒന്നിച്ചെത്താന്‍ ഞങ്ങള്‍ പദ്ധതിയിടും, പക്ഷെ ദൈവം അത് നിഷേധിക്കും. ഒന്നിച്ച് പുറത്തുപോകാന്‍ ഞങ്ങള്‍ ആഗ്രഹിക്കും പക്ഷെ അതൊരിക്കലും നടക്കാറില്ല', കുറിപ്പില്‍ പറയുന്നു.

പൊലീസുകാരന്റെ ഭാര്യമാരാണ് ഏറ്റവും കൂടുതല്‍ നുണപറയുന്നവരെന്നും അരിഫ പറയുന്നു. വാരാന്ത്യത്തിലും ആഘോഷദിനങ്ങളിലും അച്ഛന്‍ വീട്ടിലെത്തുമെന്ന് ഞങ്ങള്‍ കുട്ടികളെ നുണപറഞ്ഞ് വിശ്വസിപ്പിക്കും. വരുന്ന ശനിയാഴ്ച അച്ഛന്‍ വീട്ടിലെത്തും എന്നുമുതല്‍ അടുത്ത പിടിഎ മീറ്റിംഗില്‍ അച്ഛനുമുണ്ടാകും എന്നുവരെ അവരോട് ഞങ്ങള്‍ക്ക് പറയേണ്ടിവരും. പ്രായമായ മാതാപിതാക്കളോട് മകന്‍ ഈദിന് വീട്ടിലുണ്ടാകും എന്ന് പറയും. ഞങ്ങള്‍ ഞങ്ങളോട് തന്നെയും ഇങ്ങനെ നുണകള്‍ പറയാറുണ്ട്, അരിഫ കുറിപ്പില്‍ പങ്കുവയ്ക്കുന്നു. 

ഒറ്റയ്ക്ക് കിടന്നുറങ്ങുന്നത് അത്ര സമ്മര്‍ദ്ദമുണ്ടാക്കില്ലെങ്കുലും ഉറക്കത്തിനിടെ അസ്വസ്ഥതമൂലം എഴുന്നേല്‍ക്കുന്നതും അശ്വസിപ്പിക്കാന്‍ അടുത്താരും ഇല്ലെന്നറിയുന്നതും സമ്മര്‍ദ്ദമാണ്. ഇന്ന്, നാളെ, അടുത്തദിവസം എന്നെല്ലാമോര്‍ത്ത് ഞങ്ങള്‍ കാത്തിരിക്കും. പക്ഷെ ആ കാത്തിരിപ്പ് ഒരിക്കലും ശമിക്കാറില്ല. ഒരു പൊലീസ് ഉദ്യോഗസ്ഥന്‍ വീട്ടിലേക്കെത്തിയാലും അയാളുടെ ശരീരം മാത്രമേ വീട്ടില്‍ ഉണ്ടാകുകയൊള്ളു എന്നും മനസ്സുകൊണ്ട് അയാള്‍ തന്റെ ഉത്തരവാദിത്വങ്ങളിലായിരിക്കുമെന്നും അരിഫ എഴുതുന്നു. 

ഇത്തരം കാര്യങ്ങളെല്ലാം ജീവിതത്തിലെ സമ്മര്‍ദ്ദം വര്‍ധിപ്പിക്കുന്നതിനു പുറമെയാണ് തങ്ങളുടെ ഭര്‍ത്താക്കന്മാരുടെ ജീവന് സുരക്ഷയില്ലെന്ന ചിന്തയും ഇവരെ അലട്ടുന്നത്. ദിവസം ചെല്ലുന്തോറും അപകടസാധ്യത കൂടികൊണ്ടിരിക്കുകയാണ്. ഏത് പൊലീസ് ഉദ്യോഗസ്ഥനെക്കുറിച്ചും കേള്‍ക്കുന്ന അവിചാരിത സംഭവവും തങ്ങളുടെ ജീവിതത്തെ കൂടുതല്‍ അസ്ഥിരവും ഭയമുള്ളതും ആക്കുമെന്ന് അരിഫ പറയുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com