എട്ടാം വയസില്‍ ആദ്യമായി ശബ്ദം ചെവിയിലെത്തി; കളക്റ്ററുടെ ചേമ്പറില്‍ ഇരുന്ന് ആഹ്ലാദത്തോടെ ഒച്ചവെച്ച് അമ്പാടി

കേള്‍വി തകരാറുള്ള എട്ടു വയസുകാരന്‍ അമ്പാടിയെ ശബ്ദങ്ങളുടെ ലോകത്തേക്ക് എത്തിച്ചതിന്റെ സന്തോഷത്തിലാണ് എറണാകുളം ജില്ലാ ഭരണകൂടം
എട്ടാം വയസില്‍ ആദ്യമായി ശബ്ദം ചെവിയിലെത്തി; കളക്റ്ററുടെ ചേമ്പറില്‍ ഇരുന്ന് ആഹ്ലാദത്തോടെ ഒച്ചവെച്ച് അമ്പാടി


കൊച്ചി; കുറുമ്പ് കുറച്ചു കൂടുതലാണ് അമ്പാടിക്ക്. കളക്റ്ററുടെ ചേമ്പറില്‍ ഇരിക്കുമ്പോഴും കുറുമ്പിന് തെല്ലു കുറവുണ്ടായിരുന്നില്ല. അതിനൊപ്പം ആദ്യമായി ശബ്ദം കേള്‍ക്കുന്നതിന്റെ ആഹ്ലാദം കൂടിയായപ്പോള്‍ അവന്‍ അവിടെ ഇരുന്ന് ഒച്ചവെക്കാന്‍ തുടങ്ങി. അമ്പാടിയുടെ കുട്ടിക്കുറുമ്പിനെ എല്ലാവരും നിറഞ്ഞ ചിരിയോടെയാണ് സ്വീകരിച്ചത്. കേള്‍വി തകരാറുള്ള എട്ടു വയസുകാരന്‍ അമ്പാടിയെ ശബ്ദങ്ങളുടെ ലോകത്തേക്ക് എത്തിച്ചതിന്റെ സന്തോഷത്തിലാണ് എറണാകുളം ജില്ലാ ഭരണകൂടം. ജ്യോതി പദ്ധതിയിലൂടെയാണ് ലക്ഷങ്ങള്‍ വില വരുന്ന ശ്രവണ സഹായി അമ്പാടിക്ക് ലഭ്യമാക്കിയത്. 

നിര്‍മാണ തൊഴിലാളിയായ പൊന്നുരുത്തി സ്വദേശി രാജന്റേയും ഓട്ടോ ഡ്രൈവറായ സ്‌നേഹയുടേയും മകനാണ് അമ്പാടി എന്നു പേരുള്ള അഭിനവ്. ചെവിക്ക് തകരാറുള്ളതിനാല്‍ ഹൈപ്പര്‍ ആക്റ്റീവായിരുന്നു ഈ എട്ടു വയസുകാരന്‍. വീട്ടുകാര്‍ക്കും അധ്യാപകര്‍ക്കും അമ്പാടിയുടെ വികൃതിയെ നിയന്ത്രിക്കാനായില്ല. പെരുമാറ്റത്തിലെ പൊരുത്തക്കേടുകള്‍ കാരണം സ്‌കൂളിലെ പഠനത്തിലും തടസ്സമുണ്ടാകാന്‍ തുടങ്ങി. 

കുട്ടിയുടെ വികൃതിയും സംസാര ശേഷി കുറവാണെന്നും കാട്ടി പല സ്ഥലങ്ങളിലും മാതാപിതാക്കള്‍ ചികിത്സതേടി. അതിനിടയിലാണ് ജില്ല ഭരണകൂടത്തിന്റേയും സെന്റര്‍ ഫോര്‍ എംപവര്‍മെന്റ് ആന്‍ഡ് എന്‍ റിച്ച്‌മെന്റിന്റേയും(സിഫി) സംയുക്ത സംരംഭമായ ജ്യോതി പദ്ധതിയെക്കുറിച്ചറിഞ്ഞത്. നാലുമാസം മുന്‍പാണ് മകന്റെ ഹൈപ്പര്‍ആക്റ്റീവ് സ്വഭാവം കാട്ടി മാതാപിതാക്കള്‍ വിഫി വോളന്റിയറായ രാജേഷ് രാമകൃഷ്ണന്റെ അടുത്തെത്തി. തുടര്‍ന്നു നടന്ന പരിശോധനയിലാണ് കേള്‍വിക്കുറവാണ് എല്ലാ പ്രശ്‌നത്തിനും കാരണം എന്ന് മനസിലാക്കുന്നത്. 

കുഞ്ഞിന്റെ ബുദ്ധിയ്ക്ക് തകരാറൊന്നുമില്ലെന്നും കണ്ടെത്തി. തുടര്‍ന്ന് അമ്പാടിയ്ക്കും മാതാപിതാക്കള്‍ക്കും കൗണ്‍സിലിങ്ങും സ്പീച്ച് തെറാപ്പിയും നല്‍കിവരികയായിരുന്നു. കുട്ടിയുടെ ഇരു ചെവികള്‍ക്കും വ്യത്യസ്തമായ കേള്‍വിശക്തിയാണ് ഇവര്‍ നേരിട്ട ഏറ്റവും വലിയ വെല്ലുവിളി. ശ്രവണസഹായി വെച്ചശേഷം സ്പീച്ച് തെറാപ്പി നല്‍കിയാല്‍ സംസാരവൈകല്യം മാറി അമ്പാടി മുടുക്കനാവുമെന്നാണ് ഡോക്റ്റര്‍മാര്‍ പറഞ്ഞത്. 

തുടര്‍ന്ന് ജ്യോതി പദ്ധതിയിലുള്‍പ്പെടുത്തി കളക്റ്റര്‍ മുഹമ്മദ് വൈ സഫിറുള്ള അനുമതി നല്‍കി. കര്‍ണപാളിയെ പിന്താങ്ങുകയും സ്വരവ്യതിയാനങ്ങളെ നിയന്ത്രിക്കുകയും ചെയ്യുന്ന തരത്തിലുള്ള 3,20,000 രൂപ വിലവരുന്ന ഉപകരണമാണ് ഇപ്പോള്‍ അമ്പാടിക്ക് ലഭ്യമാക്കിയിരിക്കുന്നത്. ഉപകരണത്തിന് രണ്ട് വര്‍ഷത്തെ സര്‍വീസും സ്പീച്ച് തെറാപ്പിയും സൗജന്യമായി നല്‍കാനാണ് സിഫിയുടെ തീരുമാനം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com