'കണ്ണീരുപ്പ് കൊണ്ട് സ്വാമിയാരുടെ കത്തിലെ മഷി പടര്‍ന്നു പോയിരുന്നു'; 1924 ലെ പ്രളയത്തെ കുറിച്ച് ഇതാ ഒരു ഹൃദയ സ്പര്‍ശിയായ കുറിപ്പ്

അപ്പോഴേക്കും മഴവെള്ളം വീണു അണ്ഡാവ് നിറഞ്ഞു കവിഞ്ഞു ഒഴുകി. തട്ടിന്റെ ഇടയിലൂടെ ആ വെള്ളം താഴോട്ടിറങ്ങി. ആ വെള്ളം ഒലിച്ചിറങ്ങുന്നത് ആകെ കുതിര്‍ന്ന മതിലില്‍ കൂടി ആയിരിക്കുമെന്നത് മുരുകന്‍ ഓര്‍ത്തില്ല..
'കണ്ണീരുപ്പ് കൊണ്ട് സ്വാമിയാരുടെ കത്തിലെ മഷി പടര്‍ന്നു പോയിരുന്നു'; 1924 ലെ പ്രളയത്തെ കുറിച്ച് ഇതാ ഒരു ഹൃദയ സ്പര്‍ശിയായ കുറിപ്പ്

'വെള്ളപ്പൊക്കത്തില്‍' ദേവന്‍ കഴുത്തറ്റം മുങ്ങി നില്‍ക്കുന്നു എന്ന് തകഴി എഴുതിയത് ഇനിയൊരിക്കലും നമുക്ക് വെറും കഥമാത്രമായി
തോന്നുകയേയില്ല. മലയാള വര്‍ഷം 1099 ലെ വെള്ളപ്പൊക്കത്തിന്റെ തനിയാവര്‍ത്തനമായിരുന്നു കഴിഞ്ഞു പോയതെന്നതിന്റെ ചരിത്രരേഖകളാണ് അന്നത്തെ പ്രളയത്തെ അതിജീവിച്ചവരുടെ ഓരോ ഓര്‍മ്മയും.  സുഹൃത്തിന്റെ കണ്ണീരുപ്പ് കലര്‍ന്ന ആ പ്രളയജീവിതം കോസ്‌മോ പൊളീറ്റന്‍ ആശുപത്രിയിലെ സീനിയര്‍ കണ്‍സള്‍ട്ടന്റും എഴുത്തുകാരനുമായ ഡോക്ടര്‍ കെ രാജശേഖരന്‍
നായര്‍ ഫേസ്ബുക്കില്‍ പകര്‍ത്തിയിരിക്കുന്നത് വായിക്കാം..


ഒരു പ്രളയ കഥ

പ്രയാസമായിരുന്നു മച്ചിലേക്കു ആ ഗര്‍ഭിണിയെ കയറ്റാന്‍.

മുളംകാലുകള്‍ കൊണ്ടുള്ള ഏണിയിലൂടെ അവര്‍ക്കു കയറാന്‍ വയ്യായിരുന്നു. രണ്ടു ചേലകള്‍ ഒരുമിച്ച് നൂര്‍ത്തുവിരിച്ച് മടക്കി അതില്‍ അവരെ കിടത്തി. ആ ചേലകളുടെ രണ്ടറ്റവും മുട്ടിച്ച് ഒരു നീണ്ട മുളങ്കഴയും കൂടി കെട്ടി.

മച്ചിലേക്കു കയറുന്ന മരപ്പടി വാതിലിനു കഷ്ടിച്ച് രണ്ട് അടി മാത്രമേ വലിപ്പമുണ്ടായിരുന്നുള്ളൂ. മച്ചിന്റെ തട്ടിലെ തുലാങ്ങളുടെ ഇടയിലുള്ള രണ്ടുമൂന്നു പട്ടികകള്‍ മുറിച്ചു പലകകള്‍ കുറെ ഇളക്കേണ്ടി വന്നു ആറരയടി നീളം കിട്ടാന്‍. ചേലയില്‍ കിടത്തിയ അവരെ സ്വാമിയും മുരുകനും കൂടി മുകളിലേക്കു കയറ്റിയപ്പോള്‍ ഇരുട്ട് തുടങ്ങാറായിരുന്നു. ശരിക്കും നിവര്‍ന്നു നില്‍ക്കണമെങ്കില്‍ തട്ടിന്‍പുറത്തിന്റെ നടുക്കോട്ടു നടക്കണം. രണ്ടു മൂന്നു ഓടിയിളക്കിയാല്‍ വെട്ടം വീഴും. പക്ഷെ കൊടും മഴയാണ് പുറത്ത്. ആ വെള്ളം മച്ചില്‍ വീഴും. പിന്നെ അവിടെ ഇരിക്കാനും ആവില്ല.

മുരുകന്‍ അപ്പോള്‍ കണ്ടത് സ്വാമിയോട് പറയാന്‍ പോയില്ല. മച്ചിന്റെ കഴുക്കോലിന്റെ പുറത്ത് നല്ല വലിയ ഒരു മൂര്‍ഖന്‍ പാമ്പ്. മഴയത്ത് അതും അഭയം തേടിയത് അവിടെയായിരുന്നു. മുളങ്കഴയുടെ അറ്റം കൊണ്ട് മുരുകന്‍ അതിനെ തുരത്തിവിട്ടു. പോകാന്‍ വേറെ ഇടമില്ലാതെ അതു ചീറ്റിക്കൊണ്ട് ഇരുട്ടത്ത് വേറെ ഒരു മൂലയിലേക്കു മറഞ്ഞു.

*** *** *** *** *** *** *** *** *** *** *** ***

കാലം 1099 മിഥുനം കര്‍ക്കിടം. (ജൂലൈ 1924).

അമ്പലപ്പുഴ പ്രവൃത്തിയാര്‍ ആപ്പീസിലെ (വില്ലേജ് ഓഫീസ്) മേലെഴുത്തുപിള്ള (ഹെഡ് ക്ലാര്‍ക്ക് / സൂപ്രണ്ട്) ആയിരുന്നു ശ്രീ. അയ്യര്‍ സാമി. നാലുമാസം മുമ്പാണ് അമ്പലപ്പുഴയിലേക്കു സ്ഥലം മാറ്റം കിട്ടിയത്. ബന്ധുക്കളും പരിചയക്കാരും ആരുമില്ല അവിടെ. ബ്രാഹ്മണ അഗ്രഹാരങ്ങളും അവിടെ അന്ന് അധികമില്ലായിരുന്നു. പ്രവൃത്തിയാര്‍ ആപ്പീസിലെ ഒരു രായസം (ക്ലര്‍ക്ക്) കേശവന്‍ മുരുകന്റെ വീട്ടിന്റെ പകുതിയില്‍ അയ്യര്‍സ്വാമി താമസം ഇടപാടാക്കി. വലിയ വീടായിരുന്നു. രണ്ടു കുടുംബത്തിനു താമസിക്കാം. വൃത്തിയും വെടുപ്പിനും വേണ്ടി സ്വാമി താമസിക്കുന്ന സ്ഥലം മുഴുവന്‍ വേര്‍തിരിച്ചുകൊടുത്തു മുരുകന്‍.


മുറ്റത്തെ വലിയ തൊഴുത്തില്‍ നിറയെ നല്ല പശുക്കളും അവയുടെ പൈക്കിടാങ്ങളും. കൃഷിക്കുള്ള കാലികള്‍ വേറെ. വീടിന്റെ കൂരയോളം പൊക്കമുള്ള വലിയ രണ്ടു വൈക്കോല്‍ തുറുക്കള്‍ കുറെ മാറി. നല്ല ഐശ്വര്യമുള്ള വീട്ടിലായിരുന്നു സ്വാമി ചെന്ന് ചേക്കേറിയത്. സ്വാമിക്ക് ഏറ്റവും പ്രിയമായി തോന്നിയത് വെളുത്ത ഒരു പൂവാലിപ്പശുവിനെ ആയിരുന്നു.

*** *** *** *** *** *** *** *** *** *** *** ***

1099 മിഥുനം 32 നാണ് (1924 ജൂലൈ 15) മഴ തുടങ്ങിയത്. നല്ല മഴയായിരുന്നു തുടക്കം മുതല്‍. കള്ളക്കര്‍ക്കിടം തുടങ്ങിയതു മുതല്‍ മഴ മാത്രമല്ല മെല്ലെ വെള്ളം കയറാനും തുടങ്ങി. മുരുകന്റെ വീട്ടിന്റെ മുമ്പിലുള്ള പാടത്തു മുഴുവന്‍ വെള്ളം കയറിയപ്പോള്‍ വരമ്പുകളെല്ലാം മുങ്ങി. ആര്‍ക്കും പോകാനും വരാനും വയ്യാതായി. അന്നും ആരും കരുതിയില്ല മുരുകന്റെ വീട്ടിലേക്കും വെള്ളം വരുമെന്ന്. തന്റെ വീട്ടിന്റെ മുന്നില്‍ വെള്ളം കയറിയപ്പോഴും മുരുകന് വലിയ പ്രശ്‌നമൊന്നും തോന്നിയില്ല. പാടങ്ങളുടെ നടുക്കായിരുന്നെങ്കിലും ഇത്തിരി ഉയര്‍ന്ന പീഠഭൂമിയിലായിരുന്നു ആ വീട്. മുന്നിലെ ഒരിക്കലും വറ്റാത്ത കിണറില്‍ വെള്ളം ഉണ്ട്. പത്തായത്തില്‍ നിറയെ നെല്ലമുണ്ട്. അത്യാവശ്യമുള്ള പലവ്യഞ്ജനങ്ങള്‍ അടുക്കളയിലുമുണ്ട്. ഉണങ്ങിയ വിറക് വെട്ടി അടുക്കിയിട്ടുണ്ട് പത്തായപ്പുരയില്‍. തങ്ങള്‍ക്കു മാത്രമല്ല സ്വാമിയുടെ കുടുംബത്തിനു കൂടി കൊടുക്കാനുള്ളത് ഉണ്ട് എന്ന തോന്നലായിരുന്നു.

കര്‍ക്കിടം നാലാം തീയതി (ജൂലൈ 19) രാത്രി കടുത്ത കാറ്റും മഴയുമായിരുന്നു. തീരെ പ്രതീക്ഷിക്കാത്ത സമയത്ത് കാലികള്‍ അലമുറയിടുന്നതു കേട്ടാണ് അവരൊക്കെ ഉണര്‍ന്നത്. അപ്പോഴേക്കും വീട്ടിനകത്തെ തറയിലേക്കു വെള്ളം കയറിയിരുന്നു. കിടന്ന മെത്തപ്പായില്‍ നനവുതോന്നി സ്വാമി ചാടി എണീറ്റപ്പോഴാണ് വെള്ളം ക്രമേണ പുരയ്ക്കകത്തും കയറുന്നതു കണ്ടത്. കതകു തുറന്ന് പുറത്തേക്കു നോക്കി. കൂരിരിട്ട്. ഒന്നും കാണാന്‍ വയ്യ. മുരുകന്റെ മക്കളുടെ ഒച്ച മാത്രം കേട്ടു. വെള്ളത്തില്‍ പെട്ടുപോയ കാലികളുടെ കയറഴിച്ചു വിടാന്‍ അവര്‍ വൃഥാ ശ്രമിക്കുകയായിരുന്നു.


നോക്കെത്താ ദൂരത്തൊക്കെ കായലുപോലെ വെള്ളമായിരുന്നെങ്കിലും മുരുകന്റെ രണ്ടു ആണ്‍ മക്കളും എവിടുന്നെങ്കിലും ഒരു തോണികൊണ്ടുവരാന്‍ നീന്തിപ്പോയി. അവര്‍ തിരിച്ചു വരുന്നതും കാത്ത് ആ രാത്രി മുഴുവന്‍ മുരുകനും ഭാര്യയും മകളും സ്വാമിയുടേയും ഭാര്യയുടേയും അടുത്തു നിന്നു. അപ്പോഴേക്കും വെള്ളം അരയ്‌ക്കൊപ്പം കയറിക്കഴിഞ്ഞിരുന്നു നേരം വെളുത്തപ്പോഴാണ് കണ്ടത് ആ വീട്ടിന്റെ ചുറ്റും വെള്ളം മാത്രം. തോണി കൊണ്ടുവരാന്‍ പോയ പൈതങ്ങള്‍ എവിടെ പോയി എന്നൊരു വിവരവുമില്ല.

ഇനിയും വെള്ളം പൊങ്ങിയാല്‍ മച്ചും മുങ്ങുമെന്നൊരു സംശയമുണ്ടായിരുന്നെങ്കിലും വേറെ വഴിയൊന്നും കാണാത്തതുകൊണ്ട് അവിടെയെയുള്ളൂ രക്ഷ എന്നു കരുതി അവര്‍.

പൂര്‍ണ്ണഗര്‍ഭിണിയായ അമ്യാരെ എന്തെടുക്കണമെന്ന് അവര്‍ക്കാര്‍ക്കും ഒരു രൂപവുമുണ്ടായിരുന്നില്ല. അപ്പോഴാണ് അവരെ മുകളിലേക്ക് കയറ്റാന്‍ മുരുകന്‍ ഒരു വഴി കണ്ടത്. ഉള്ളതെല്ലാം വെള്ളത്തില്‍ പെട്ട് ആഹാരമൊന്നുമില്ലാതായി. ആരോടും ഒന്നും ചോദിക്കാനുമില്ല. അപ്പോഴാണ് മുരുകന്റെ ഭാര്യ നാരായണി മടിയില്‍ കരുതിവച്ച രണ്ടുപിടി അവില്‍ അമ്യാര്‍ക്കു കൊടുത്തത്. മുരുകന്റെ വിശന്നു തളര്‍ന്ന മകളുപോലും ഒന്നും പറയാതെ നിന്നു.

അന്നു വൈകുന്നേരം അമ്യാര്‍ പ്രസവിച്ചു. പ്രസവമെടുക്കാന്‍ നാരായണിയും. വെള്ളം വേണം കുടിക്കാനും കൈകഴുകാനുമൊക്കെ. മുരുകന്‍ അപ്പോഴാണ് ആ തട്ടിന്‍പുറത്തെ ഏറ്റവും അരുകില്‍ കമഴ്ത്തിവച്ചിരുന്ന ക്ലാവ് പിടിച്ച വലിയ ഒരു അണ്ഡാവ് കാണുന്നത്. മുരുകന്‍ മേല്‍ മുണ്ടുകൊണ്ട് അതൊന്നു തുടച്ച്, അമ്യാര് കിടന്ന സ്ഥലത്തു നിന്ന് അകലെയുള്ള മൂലയിലുള്ള സ്ഥലത്തു നിന്നു കുറെ ഓടുകള്‍ ഇളക്കി ആ അണ്ഡാവില്‍ മഴ വെള്ളം പിടിക്കാന്‍ തുടങ്ങി.


ഉള്ള വെളിച്ചത്തില്‍ വേറെ എന്തെങ്കിലും പാത്രം കൂടി കിട്ടാനായി മുരുകന്‍ അവിടെയൊക്കെ തെരഞ്ഞു. ആകെ കിട്ടിയത് പൊടിയും മാറാലയും ക്ലാവുമൊക്കെ പിടിച്ച വേറൊരു മൊന്ത കൂടി. നാരായണി അത് കഴുകി അണ്ഡാവില്‍ നിന്നു വെള്ളം പകര്‍ന്നു അമ്യാരുടെ അടുക്കല്‍ വച്ചുകൊടുത്തു. കുഞ്ഞിനെ പുതപ്പിക്കാന്‍ ആകെ ഉണ്ടായിരുന്നത് സ്വാമിയുടെ മേല്‍മുണ്ടും. കിട്ടിയ വെള്ളത്തില്‍ കുറെ അവല്‍ നനച്ച് അമ്യാര്‍ക്കു സ്വാമി കൊടുത്തു.

ഇരുട്ടു വല്ലാതെ കടുത്തപ്പോള്‍ ക്ഷീണം കൂടുതലായി തോന്നിയ മുരുകന്‍ ഒന്നു തലചായ്ക്കാനായി തട്ടിന്റെ മറ്റേ മൂലയ്ക്ക് പോയി. കൂട്ടത്തില്‍ നാരായണിയും. അപ്പോഴേക്കും മഴവെള്ളം വീണു അണ്ഡാവ് നിറഞ്ഞു കവിഞ്ഞു ഒഴുകി. തട്ടിന്റെ ഇടയിലൂടെ ആ വെള്ളം താഴോട്ടിറങ്ങി. ആ വെള്ളം ഒലിച്ചിറങ്ങുന്നത് ആകെ കുതിര്‍ന്ന മതിലില്‍ കൂടി ആയിരിക്കുമെന്നത് മുരുകന്‍ ഓര്‍ത്തില്ല.

തളര്‍ന്നുപോയ അവര്‍ മയങ്ങിപ്പോയി. സ്വാമിയും അമ്യാരും ഞെട്ടിയുണര്‍ന്നത് എന്തോ ഒരു ഭയങ്കരമായ ശബ്ദം കേട്ടാണ്. അവര്‍ കിടന്ന ഇടം മുഴുവന്‍ കുലുങ്ങി ചരിയുന്നതായും തോന്നി. ഒന്നും കാണാന്‍ വയ്യ. മുരുകനെ വിളിച്ചു നോക്കി. മറുപടിയൊന്നും കേട്ടില്ല. കേട്ടത് കോരിച്ചൊരിയുന്ന മഴയുടെ ശബ്ദം മാത്രമല്ല വെള്ളം സീല്‍ക്കാരത്തോടെ ഒഴുകുന്ന ശബ്ദവും ആയിരുന്നു. കുറച്ചു കഴിഞ്ഞ് ഏതോ ഒന്ന് മച്ചില്‍ വന്ന് ഇടിക്കുന്ന ശബ്ദവും കേട്ടു. ആ ഇടിയുടെ ആഘാതത്തില്‍ അമ്യാരും കുഞ്ഞും ചരിഞ്ഞ മച്ചില്‍ ഉരുണ്ടു പോകാതിരിക്കാന്‍ സ്വാമി അട വച്ചതുപോലെ അവരുടെ അടുക്കല്‍ ഇരുന്നു നേരം വെളുപ്പിച്ചു.

പിറ്റേന്ന് രാവിലെ കണ്ടത് മുരുകനും നാരായണിയും പോയ മച്ചിന്റെ സ്ഥലം മുഴുവന്‍ ഇടിഞ്ഞു പോയതാണ്. വെള്ളം പിടിച്ചു വച്ച അണ്ഡാവിന്റെ ഭാരം താങ്ങാനാവാതെ വെള്ളത്തില്‍ കുതിര്‍ന്നു പോയ മതില്‍ ഇടിഞ്ഞു വീടിന്റെ ആ ഭാഗം താണു വീണതാണ്. എങ്ങനെയോ ഏതോ ഒരു വലിയ മരം കടപുഴകി ഒലിച്ച് വന്ന് മച്ചില്‍ വന്നിടിച്ച് കുത്തനെ നിന്നത് ബാക്കി മച്ചിനെ താങ്ങി നിറുത്തി.

ആ മച്ചില്‍ താനും ഭാര്യയും കുഞ്ഞുമായി പിന്നെയും തങ്ങേണ്ടി വന്നു കുറെ ദിവസം കൂടി. തിന്നാന്‍ ഒന്നുമില്ല. മൊന്തയില്‍ പിടിച്ച മഴവെള്ളം മാത്രം കുടിക്കാന്‍. ആരും തങ്ങളെ സഹായിക്കാന്‍ വരില്ല എന്ന് നിശ്ചയിച്ച് സകല ആശയും വിട്ട് സ്വാമിയും ഭാര്യയും വിശപ്പും ദാഹവുമായി അവിടെ തന്നെ കഴിഞ്ഞു.

ദിവസവും തീയതിയുമെല്ലാം സ്വാമിക്കു വിട്ടുപോയി. അഞ്ചാമത്തയോ ആറാമത്തയോ പക്കം പുലര്‍ന്നപ്പോള്‍ ആരോ വിളിച്ചു കൂവുന്നതു കേട്ടു 'ഓഹോയ് ഇവിടെ ആരെങ്കിലും ഉണ്ടോ?'

മഴയത്താണെങ്കിലും ഓട് പൊന്തിച്ചു സ്വാമി അലറി 'ഇവിടെ ഞങ്ങളുണ്ടേ, രക്ഷിക്കണേ' എന്ന്. തോണിയില്‍ വന്നത് മുരുകന്റെ മക്കളായിരുന്നു. അച്ഛനും അമ്മയും പെങ്ങളുമൊക്കെ വെള്ളത്തില്‍ പോയി എന്നറിഞ്ഞ് അവര്‍ വാവിട്ടു നിലവിളിച്ചുപോയി. ഒരു തരത്തില്‍ ഇടിഞ്ഞുപോയ കൂരയുടെ ഉള്ളില്‍ നിന്ന് ചോരക്കുഞ്ഞിനേയും, അമ്യാരേയും സ്വാമിയേയും അവര്‍ തോണിയിലാക്കി.

സ്വാമി ഒന്നേ നോക്കിയുള്ളൂ. ചത്തു ചീഞ്ഞ് വീര്‍ത്തു പൊങ്ങിക്കിടന്ന പൂവാലിപ്പശുവിന്റെ ജഡം. അതിനടുത്ത് വേറെയും കാലികളുടേയും ജഡം. ഛര്‍ദ്ദിച്ചുപോകുമെന്ന് സ്വാമിക്കു തോന്നി. എത്രയോ നേരമെടുത്തു ആ തോണി ഒരു കടവിലെത്താന്‍. ആ സമയം മുഴുവന്‍ സ്വാമി കണ്ണടച്ചിരിക്കുകയായിരുന്നു ഇനിയും അഹിതങ്ങള്‍ കാണാതിരിക്കാന്‍.

**** **** *** *** **** *** *** *** *** *** *** ***

മുക്കാല്‍ നൂറ്റാണ്ടു കഴിഞ്ഞ് ആ അമ്യാരുടെ അന്നു പിറന്ന മകന്‍ എനിക്ക് ഒരു കത്തെഴുതി. മകന്‍ സ്വാമി തന്റെ അച്ഛനെ പേലെ വേറൊരു 'മേലെഴുത്തുപിള്ള' ആയി. അച്ഛന്റെ പല സ്വഭാവങ്ങളും അതുപോലെയായിരുന്നു മകന്‍ സ്വാമിക്കും. വെള്ളക്കടലാസ്സില്‍ മാര്‍ജിന്‍ മടക്കി വച്ച് കുനുകുനാ അക്ഷരങ്ങളായി ഫൗണ്ടന്‍ പേനകൊണ്ടേ എഴുതൂ. അച്ചുകള്‍ പോലെ സുന്ദരമായ കൈപ്പടയായിരുന്നു അദ്ദേഹത്തിന്റേത്. അദ്ദേഹത്തിന്റെ അച്ഛനും അമ്മയും പറഞ്ഞുകേട്ട ആ കഥകള്‍ എഴുതിയിട്ട പേപ്പറില്‍ പലയിടത്തും മഷി പടര്‍ന്നു കണ്ടിരുന്നു. 'സ്വാമീസ് മ്യൂസിങ്‌സ്' എന്നുള്ള കുറിമാനം എല്ലാ മാസവും കിട്ടിയിരുന്ന എനിക്ക് അത്ഭുതം തോന്നി. പതിവില്ലാതെ എന്തേ ഈ ഭംഗികേട്.

പിന്നെ വളരെ പിന്നെയാണ് ഞാന്‍ അറിഞ്ഞത് ആ മഷി പടര്‍ന്നത് സ്വാമിയുടെ കണ്ണീരു അറിയാതെ വീണുപോയ പാടുകള്‍ ആയിരുന്നെന്ന്. അപ്പോഴാണ് വേറൊന്നും കൂടി എനിക്ക് കത്തിയത്. മുരുകന്റെ പര്യായമാണല്ലോ സുബ്രമണിയനും, വേലായുധനും, കാര്‍ത്തികേയനും ഒക്കെ എന്ന്.

വെറുമൊരു കല്‍പിത കഥയായി ഇതിനെ കണ്ടാല്‍ മതി. അത്രയും നന്ന്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com