'എടോ ആ ചാക്കെടുത്ത് അകത്ത് കൊണ്ട് പോയി വയ്ക്ക്' ; 'ഉത്തരവ്' കേട്ട് കലക്ടര്‍ ചാക്കുചുമലിലേറ്റി, ഐഡന്റിറ്റി വെളിപ്പെടുത്താതെ ഐഎഎസ് ഓഫീസര്‍ ദുരിതാശ്വാസ പ്രവര്‍ത്തനത്തില്‍ 

സെപ്റ്റംബര്‍ ഒന്നുമുതല്‍ തന്റെ ഐഡന്റിറ്റി വെളിപ്പെടുത്താതെ സേവനത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന ആള്‍ ആരെന്ന് അറിഞ്ഞതോടെ എല്ലാവരും ഞെട്ടി. 
'എടോ ആ ചാക്കെടുത്ത് അകത്ത് കൊണ്ട് പോയി വയ്ക്ക്' ; 'ഉത്തരവ്' കേട്ട് കലക്ടര്‍ ചാക്കുചുമലിലേറ്റി, ഐഡന്റിറ്റി വെളിപ്പെടുത്താതെ ഐഎഎസ് ഓഫീസര്‍ ദുരിതാശ്വാസ പ്രവര്‍ത്തനത്തില്‍ 

കൊച്ചി: എന്തിനും ഏതിനും പേര് കിട്ടാന്‍ നെട്ടോട്ടം ഓടുന്നവരാണ് ഭൂരിപക്ഷം ആളുകളും. എന്നാല്‍ ഇത്തരം കീര്‍ത്തിയിലും പ്രശസ്തിയിലും ഒരു കാര്യവുമില്ലെന്ന് തിരിച്ചെറിഞ്ഞ് പ്രവര്‍ത്തിക്കുന്നവരും നമ്മുടെ ചുറ്റിലുമുണ്ട്. 

ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായുളള ജില്ലയിലെ സംഭരണകേന്ദ്രത്തില്‍ ഒരു മടിയും കൂടാതെ എല്ലാ ജോലിയും ചെയ്യാന്‍ തയ്യാറായി ഒരാള്‍ ഓടിനടക്കുന്നുണ്ട്. കാക്കനാട് കെ ബി പി എസ് പ്രസ്സില്‍ വന്ന ലോറികളില്‍ ഒന്നില്‍ നിന്ന് സാധനങ്ങള്‍ ഇറക്കുന്ന സമയത്ത് അടുത്ത് നിന്ന സ്ത്രീ 'എടോ ആ ചാക്കെടുത്ത് അകത്ത് കൊണ്ട് പോയി വയ്ക്ക് ' എന്നു പറഞ്ഞപ്പോള്‍ ഒരു മടിയും കൂടാതെ ചാക്ക് കെട്ട് ചുമലില്‍ താങ്ങി അയാള്‍ അകത്തേക്ക് പോയി. സെപ്റ്റംബര്‍ ഒന്നുമുതല്‍ തന്റെ ഐഡന്റിറ്റി വെളിപ്പെടുത്താതെ സേവനത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന ആള്‍ ആരെന്ന് അറിഞ്ഞതോടെ എല്ലാവരും ഞെട്ടി. 

സ്വന്തം നാട്ടിലെ ദുരിത ബാധിതരെ സഹായിക്കാന്‍ ജോലിയില്‍ നിന്നും ലീവെടുത്ത് വന്ന ദാദ്ര നഗര്‍ ഹവേലി കളക്ടറായ കണ്ണന്‍ ഗോപിനാഥനാണ് ഒരു മടിയും കൂടാതെ സന്നദ്ധ പ്രവര്‍ത്തനത്തിന് എത്തിയത്. ജോലിയില്‍ നിന്ന് ലീവെടുത്ത് മൂന്നു ദിവസം ആലപ്പുഴയിലെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളിലും പങ്കെടുത്ത ശേഷമാണ് അടുത്ത ദിവസം എറണാകുളത്ത് എത്തിയത്.

ജില്ലയിലെ സംഭരണ കേന്ദ്രങ്ങളുടെ ചുമതലയുള്ള കളക്ടര്‍ മുഹമ്മദ് വൈ സഫീറുള്ളയും സബ് കളക്ടര്‍ പ്രജ്ഞാല്‍ പട്ടീലും കെ ബി പി എസ് സന്ദര്‍ശിച്ചപ്പോഴാണ് അതുവരെ കൂടെ പണിയെടുത്തിരുന്നത് ദാദ്ര നഗര്‍ ഹവേലി കലക്ടര്‍  കണ്ണന്‍ ഗോപിനാഥനാണെന്ന്  എല്ലാവരും തിരിച്ചറിയുന്നത്. എന്നിട്ടും എല്ലാവരും നോക്കി നില്‍ക്കെ അദ്ദേഹം വീണ്ടും പണിയില്‍ മുഴുകി.

സ്വന്തം  ബാച്ചുകാരന്‍ ജില്ലാ കളക്ടര്‍ ആയിരിക്കുന്ന ആലപ്പുഴയില്‍ പോയിട്ട് പോലും ആരോടും തന്റെ ഐഡന്റിറ്റി വെളിപ്പെടുത്താതെ തന്നാല്‍ കഴിയുന്ന പോലെ പ്രവര്‍ത്തിച്ച ശേഷമാണ് കണ്ണന്‍ ഗോപിനാഥന്‍ എറണാകുളത്ത് പ്രവര്‍ത്തിക്കാന്‍ എത്തിയത്. ആളെ തിരിച്ചറിഞ്ഞ ശേഷം പലരും സെല്‍ഫി എടുക്കാനായി മറ്റും ചുറ്റും കൂടിയെങ്കിലും കലക്ടര്‍ അതെല്ലാം സ്‌നേഹപൂര്‍വ്വം നിരസിച്ചു. യാതൊരു പ്രശസ്തിയും ആഗ്രഹിക്കാതെ വെറും ഒരു സന്നദ്ധ പ്രവര്‍ത്തകനായി മാത്രം ജോലി ചെയ്യാനാണ് താന്‍ ആഗ്രഹിക്കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി. ആരുമറിയാതെ സേവനത്തിനായി ഇവിടെ എത്തിയ കലക്ടര്‍ തിങ്കളാഴ്ച വൈകുന്നേരം  ദാദ്ര നഗര്‍ ഹവേലിയ്ക്ക് തിരിച്ചുപോയി. 2012 ബാച്ച് ഐ എ എസ് കാരനായ കോട്ടയം പുതുപ്പള്ളി സ്വദേശിയാണ് കണ്ണന്‍ ഗോപിനാഥന്‍ ഐഎഎസ്.  

ആലുവ താലൂക്കില്‍ ഉള്‍പ്പെട്ട വില്ലേജുകളില്‍ പ്രളയദുരിതാശ്വാസ ക്യാമ്പില്‍ കഴിഞ്ഞവര്‍ക്കുള്ള കിറ്റുകളുടെ തയ്യാറാക്കലും വിതരണവും ആണ് കെ ബി പി എസ്സില്‍ നടക്കുന്നത്. കോളേജ് കുട്ടികളും മറ്റുമായി നിരവധി സന്നദ്ധ പ്രവര്‍ത്തകര്‍ ഇവിടെ സന്നിഹിതരാണ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com