ഈ ജയിലില്‍ തടവുപുള്ളികള്‍ക്ക് കുടുംബസമേതം താമസിക്കാം; പുറത്തു പോയി ജോലിയും ചെയ്യാം!
By സമകാലികമലയാളം ഡെസ്‌ക് | Published: 09th September 2018 09:55 PM |
Last Updated: 09th September 2018 10:52 PM | A+A A- |

ഇരുട്ടുനിറഞ്ഞ ചെറിയ സെല്ലുകളും സ്വാതന്ത്ര്യമില്ലാത്ത അന്തരീക്ഷവുമാണ് ജയിലുകളുടെ മുഖമുദ്ര. എന്നാല്‍ ജയിലുകളെക്കുറിച്ചുള്ള ധാരണകളെല്ലാം തിരുത്തുന്നതാണ് മധ്യപ്രദേശിലെ ദേവി അഹില്യാഭായ് ഓപണ്‍ കോളണി ജയില്‍. കുടുംബസമേതം താമസിക്കാന്‍ രണ്ടുമുറി വീടും പുറത്തുപോയി ജോലിചെയ്യാനുള്ള അവസരവും ഒരുക്കുന്നതാണ് ഈ ജയില്‍. ജയില്‍ അന്തേവാസികളുടെ ജീവിതത്തില്‍ ഒരു പോസിറ്റീവ് മാറ്റം കൊണ്ടുവരാന്‍ ലക്ഷ്യമിട്ടാണ് ഇത്തരത്തിലൊരു ആശയം അവതരിപ്പിച്ചിട്ടുള്ളത്.
പത്ത് കുടുംബങ്ങളാണ് ഇപ്പോള്‍ ഇവിടെയുള്ളത്. 'പെട്ടന്നുണ്ടാകുന്ന വികാരത്തില്‍ വലിയ കുറ്റങ്ങള്‍ ചെയ്യുന്ന ഒരുപാടുപേര്‍ ഉണ്ട്. അത്തരം ആളുകള്‍ ദീര്‍ഘനാള്‍ ജയിലില്‍ കഴിയുമ്പോള്‍ സാമൂഹിക വ്യവസ്ഥകള്‍ക്കെതിരെ അവര്‍ നെഗറ്റീവ് ചിന്താഗതികള്‍ രൂപപ്പെടുത്തും. ഇത്തരം നെഗറ്റീവ് ചിന്താഗതികളില്‍ ഇല്ലാതാക്കാനാണ് ഇത്തരത്തിലൊരു സംവിധാനം ഒരുക്കിയിട്ടുള്ളത്. ഒരു ഓപ്പണ്‍ ജയിലില്‍ നിന്ന് പുറത്തിറങ്ങുമ്പോള്‍ സാമൂഹ്യ യാഥാര്‍ത്ഥ്യങ്ങളെ കൂടുതല്‍ മനസിലാക്കാന്‍ അവര്‍ക്ക് സാധിക്കും', സെഷന്‍സ് കോടതി ജഡ്ജി രാജീവ് കുമാര്‍ ശ്രീവാസ്തവ പറഞ്ഞു.
ഇന്‍ഡോര്‍ ജില്ലാ ജയിലിന്റെ മേല്‍നോട്ടത്തിലാണ് ഓപ്പണ്‍ ജയില്‍ പ്രവര്‍ത്തിക്കുന്നത്. ഹൈകോടതിയുടെ നിര്‍ദേശപ്രകാരമാണ് ജയില്‍ പ്രവര്‍ത്തനം ആരംഭിച്ചതെന്ന് ജില്ലാ ജയില്‍ എസ്‌ഐ അദിതി ചതുര്‍വേദി പറഞ്ഞു. ജീവപര്യന്തം ശിക്ഷ ലഭിച്ച ആളുകളില്‍ നിന്നാണ് ഓപ്പണ്‍ പ്രസണില്‍ കഴിയാനുള്ളവരെ തിരഞ്ഞെടുക്കുന്നത്. ശിക്ഷാ കാലയളവില്‍ നല്ല രീതിയില്‍ പെരുമാറുകയും ശിക്ഷ പൂര്‍ത്തിയാക്കാന്‍ രണ്ടു വര്‍ഷത്തില്‍ കുറവുമാത്രം ബാക്കിയുള്ളവരെയുമാണ് ഇതിനായി പരിഗണിക്കുന്നത്.
രാവിലെ എട്ടുമണിമുതല്‍ ആറുമണിവരെ ഓപ്പണ്‍ പ്രിസണില്‍ ഉള്ളവര്‍ക്ക് പുറത്തുപോകാനുള്ള അനുവാദം നല്‍കിയിട്ടുണ്ട്. എന്നാല്‍ സ്റ്റേഷന്‍ പരിധിക്ക് പുറത്ത് കടക്കാന്‍ ഇവര്‍ക്ക് അനുവാദമില്ലെന്ന് ചതുര്‍വേദി പറഞ്ഞു. തടവുകാരുടെയും കുടുംബത്തിന്റെയും സുരക്ഷ ഉറപ്പാക്കാനായി ഉദ്യോഗസ്ഥരെ നിയമിച്ചിട്ടുണ്ടെന്നും സന്ദര്‍ശകരുടെയും മറ്റും കൃത്യമായ റെക്കോര്‍ഡുകള്‍ സൂക്ഷിക്കുന്നുണ്ടെന്നും അവര്‍ പറഞ്ഞു.