നിക്കല്‍ ഖനിയില്‍ നിന്ന് കണ്ടെത്തിയത് സ്വര്‍ണത്തിന്റെ പാറക്കൂട്ടം;  വിറ്റൊഴിയാനിരുന്ന ഖനി നല്‍കിയ സമ്മാനം കണ്ട് ഞെട്ടി ലോകം

ഓസ്‌ട്രേലിയയിലുള്ള ബീറ്റ ഹണ്ട് എന്ന ഖനിയില്‍ നിന്നാണ് സ്വര്‍ണ ശേഖരം കണ്ടെടുത്തത്
നിക്കല്‍ ഖനിയില്‍ നിന്ന് കണ്ടെത്തിയത് സ്വര്‍ണത്തിന്റെ പാറക്കൂട്ടം;  വിറ്റൊഴിയാനിരുന്ന ഖനി നല്‍കിയ സമ്മാനം കണ്ട് ഞെട്ടി ലോകം

വില്‍ക്കാനിട്ടിരുന്ന ഖനിയില്‍ നിന്ന് കമ്പനിക്ക് ലഭിച്ചത് ഞെട്ടിപ്പിക്കുന്ന നിധിശേഖരം. ഓസ്‌ട്രേലിയയിലെ നിക്കല്‍ ഖനിയില്‍ നിന്നാണ് ടൊറന്റോ ആസ്ഥാനമായുളള ഖനിക്കമ്പനിയായ റോയല്‍ നിക്കല്‍ കോര്‍പറേഷനാണ് (ആര്‍എന്‍സി) അപൂര്‍വ നിധി കണ്ടെത്തിയത്. കഥകളിലും മറ്റു കേള്‍ക്കുന്നതു പോലെ കുടത്തിലും പെട്ടിയിലുമൊക്കെ അടച്ച നിധിയല്ല,  ലോകത്തിലെ ഏറ്റവും പരിശുദ്ധമായ സ്വര്‍ണമുള്ള പാറക്കൂട്ടമാണ് കമ്പനിക്ക് നിധിയായി ലഭിച്ചത്. 

ഓസ്‌ട്രേലിയയിലുള്ള ബീറ്റ ഹണ്ട് എന്ന ഖനിയില്‍ നിന്നാണ് സ്വര്‍ണ ശേഖരം കണ്ടെടുത്തത്. നിക്കലിനായുള്ള ഖനനത്തിനിടെ ബീറ്റ ഹണ്ടിലെ ഒരു ജീവനക്കാരനാണ് ഈ കണ്ടെത്തലിന് പിന്നില്‍. ഖനി വിറ്റു കളയാനുള്ള ശ്രമങ്ങള്‍ നടക്കുന്നതിനിടെയാണ് കമ്പനിയെത്തേടി നിധി എത്തിയത്. ഖനിയില്‍ നിധി ശേഖരമുണ്ടെന്ന സൂചന കിട്ടിയതോടെയാണ് 2016 ല്‍ കമ്പനി നിധി വാങ്ങുന്നത്. എന്നാല്‍ നിക്കല്‍ കുഴിച്ചെടുക്കുന്നതിന് ഇടയില്‍ വളരെ കുറച്ച് സ്വര്‍ണം മാത്രമാണ് ഇതുവരെ ലഭിച്ചിരുന്നത്. 

കഴിഞ്ഞ ദിവസം നടത്തിയ ഖനനത്തിന് ഇടയില്‍ കെന്റി ഡോള്‍ എന്ന ഖനിത്തൊഴിലാളിയാണ് ഈ സ്വര്‍ണ നിധി കണ്ടെത്തിയത്. നൂറ്റാണ്ടിലൊരിക്കല്‍ സംഭവിക്കുന്ന അദ്ഭുതം എന്നാണ് മാധ്യമങ്ങള്‍ ഇതിനെ വിശേഷിപ്പിച്ചത്. ലോകത്തിലെ ഏറ്റവും വലിയ സ്വര്‍ണ കട്ടിയെന്നും ഏറ്റവും വലിയ സ്വര്‍ണക്കട്ടിയെന്നുമാണ് ഇതിനെ വേള്‍ഡ് ഗോള്‍ഡ് കൗണ്‍സില്‍ പറഞ്ഞത്. എന്തായാലും നിധി കമ്പനിയുടെ തലവര മാറ്റിമറച്ചിരിക്കുകയാണ്. റോയല്‍ നിക്കല്‍ കോര്‍പറേഷന്‍ ഓഹരി മൂല്യം ഒറ്റയടിക്കു 83 ശതമാനമാണു കുതിച്ചു കയറിയത്.

പുതിയ നിക്കല്‍ ഖനി വാങ്ങുന്നതിനായാണ് ഇത് വില്‍ക്കാന്‍ കമ്പനി തീരുമാനിച്ചത്. അതിന് മുന്‍പ് ഖനി നിധി കൊണ്ടുവന്നു തരികയായിരുന്നു. ഭൗമോപരിതലത്തില്‍ നിന്ന് ഏകദേശം 500 മീറ്റര്‍ താഴെയായിട്ടായിരുന്നു ഖനനം നടന്നിരുന്നത്. ഖനിയില്‍ നിന്നു വേര്‍തിരിച്ചെടുത്തതാകട്ടെ മൂന്നു മീറ്റര്‍ നീളവും അത്രതന്നെ വീതിയുമുള്ള പാറക്കഷ്ണങ്ങളും. ഇതിന്റെ രണ്ടു വലിയ കഷ്ണങ്ങളിലായി ഏകദേശം 9000 ഔണ്‍സിന്റെ സ്വര്‍ണമുണ്ടായിരുന്നു. നിലവിലെ വിപണിമൂല്യമനുസരിച്ച് ഏകദേശം 1.4- 1.5 കോടി ഡോളര്‍ വില വരും ഇതില്‍ നിന്നുള്ള സ്വര്‍ണത്തിന്. 

ഒരു ടണ്ണില്‍ രണ്ടോ നാലോ ഗ്രാം എന്ന കണക്കിനായിരുന്നു നേരത്തെ അയിരില്‍ നിന്നു സ്വര്‍ണം ലഭിച്ചിരുന്നത്. എന്നാല്‍ പുതിയ പാറക്കൂട്ടത്തില്‍ ഒരു ടണ്ണിന് രണ്ടായിരം ഗ്രാം എന്ന നിലയിലാണു സ്വര്‍ണം. 94 കിലോഗ്രാം വരുന്ന ഒരു പാറക്കഷ്ണം കമ്പനി അടര്‍ത്തിയെടുത്തിരുന്നു. അതില്‍ മാത്രം ഏകദേശം 2440 ഔണ്‍സ് സ്വര്‍ണമാണുണ്ടായിരുന്നത്. സംസ്‌കരിക്കാന്‍ പോലും അയയ്‌ക്കേണ്ടാത്ത വിധം പരിശുദ്ധമാണ് ഈ സ്വര്‍ണമെന്നും ആര്‍എന്‍സി അവകാശപ്പെടുന്നു. 

നിധിയെ ഒരു കാഴ്ചവസ്തു ആക്കണമെന്നാണ് വിദഗ്ധരുടെ അഭിപ്രായം. അത്രയും അപൂര്‍വമായ നിധി ശേഖരം ആയതിനാല്‍ സ്വര്‍ണം വേര്‍തിരിച്ചെടുക്കാതെ ഒരു മ്യൂസിയം പീസായി നിലനിര്‍ത്തണമെന്നാണ് ഒരു വിഭാഗം ആവശ്യപ്പെടുന്നത്. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com