മനുഷ്യത്വത്തിന്റെ മൊട്ടത്തല; മുടി പൂര്‍ണമായി ക്യാന്‍സര്‍ രോഗികള്‍ക്ക് നല്‍കി യുവ എഴുത്തുകാരി

മുടി നഷ്ടപ്പെട്ടവര്‍ക്ക് സ്വന്തം മുടി ദാനം ചെയ്ത് നിരവധിപേരാണ് മനുഷ്യത്വത്തിന്റെ സന്ദേശം പകര്‍ന്ന് രംഗത്ത് വന്നിട്ടുള്ളത്. ആ നല്ല മനുഷ്യരുടെ ഇടയിലേക്ക് കടന്നുവന്നിരിക്കുയാണ് യുവ എഴുത്തുകാരി സാഹിറ
മനുഷ്യത്വത്തിന്റെ മൊട്ടത്തല; മുടി പൂര്‍ണമായി ക്യാന്‍സര്‍ രോഗികള്‍ക്ക് നല്‍കി യുവ എഴുത്തുകാരി


ക്യാന്‍സറിന്റെ യാതനകളില്‍ നിന്ന് പുറത്തെത്തുന്നവരെ അലട്ടുന്ന ഏറ്റവും വലിയ പ്രശ്‌നങ്ങളിലൊന്ന് ചികിത്സയുടെ ഭാഗമായി നഷ്ടപ്പെട്ട മുടിയാണ്. അത്തരത്തില്‍ മുടി നഷ്ടപ്പെട്ടവര്‍ക്ക് സ്വന്തം മുടി ദാനം ചെയ്ത് നിരവധിപേരാണ് മനുഷ്യത്വത്തിന്റെ സന്ദേശം പകര്‍ന്ന് രംഗത്ത് വന്നിട്ടുള്ളത്. ആ നല്ല മനുഷ്യരുടെ ഇടയിലേക്ക് കടന്നുവന്നിരിക്കുയാണ് യുവ എഴുത്തുകാരി സാഹിറ കുറ്റിപ്പുറം. സ്വന്തം മുടി ക്യാന്‍സര്‍ രോഗികള്‍ക്ക് വിഗ് നിര്‍മ്മിക്കാന്‍ നല്‍കിയിരിക്കുകയാണ് സാഹിറ. 

'എപ്പോഴും മുടി ഉണ്ടായിരുന്നാല്‍ അതില്ലാത്തവരുടെ വേദന എങ്ങനെ അറിയാനാവും' എന്ന് മുടി മുറിച്ച ചിത്രം ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ചുകൊണ്ട് സാഹിറ കുറിച്ചു. സാധാരണ സ്ത്രീകള്‍ മുടി നല്‍കുന്ന പതിവുണ്ടെങ്കിലും പൂര്‍ണമായി മൊട്ടയടിക്കാറില്ല. എന്നാല്‍ അതില്‍ നിന്ന് വ്യത്യസ്തമായി മുഴുവന്‍ മുടിയും മുറിച്ചു നല്‍കിയിരിക്കുകയാണ് ഈ എഴുത്തുകാരി. 

മലപ്പുറം സ്വദേശിയായ സാഹിറ, തൃശൂര്‍ കേരള വര്‍മ്മ കോളജിലെ വിദ്യാര്‍ത്ഥിനിയാണ്. മനുഷ്യപക്ഷത്ത് നിന്ന് കവിതകളെഴുതുന്ന എഴുത്തുകാരിയുടെ പുതിയ ചുവടുവയ്പിനെ നിറഞ്ഞ കയ്യടിയോടെയാണ് സാമൂഹ്യമാധ്യമങ്ങള്‍ സ്വീകരിച്ചിരിക്കുന്നത്.

ഒരു പെണ്ണിനെ സംബന്ധിച്ച് മുടിയാണ് ഏറ്റവും വലുത് എന്നതാണ് പൊതബോധം. അത്രയും സ്‌നേഹിച്ച് കൊണ്ടു നടന്നത് പകുതി പകുതിയായി രോഗം കാരണം ഇല്ലാതാകുന്നതിന്റെ വേദന വളരെ വലുതായിരിക്കും. ഈ ഒരു ചെറിയ ജീവിതം കൊണ്ട് ആര്‍ക്കെങ്കിലും ഒരു സന്തോഷം ലഭിക്കുന്നെങ്കില്‍ ആകട്ടേ...എവിടെയോഉള്ള ഒരാള്‍ പേരറിയാത്ത എന്നെ ഓര്‍ത്ത് സന്തോഷിക്കും,അത് വലിയ കാര്യമാണ്. മുടി പൂര്‍ണമായും കൊടുത്താല്‍ ക്യന്‍സര്‍ രോഗിയായി ചിത്രീകരിക്കപ്പെടും എന്ന് പറഞ്ഞവരുമുണ്ട്. അത് കാര്യമാക്കുന്നില്ല, തുറിച്ചു നോട്ടങ്ങളെ ഭയപ്പെടുന്നുമില്ല.സ്‌നേഹമുള്ളവര്‍ ചേര്‍ത്തുപിടിക്കുന്നു,അത് വലിയ സന്തോഷം...ഉമ്മയുടെ പ്രതികരണം എങ്ങനെയാകുമെന്ന് പേടിയുണ്ടായിരുന്നു. പിന്നെ തീരുമാനമെടുത്താല്‍ മാറില്ല എന്ന് ഉമ്മയ്ക്കറിയാം,അതുകൊണ്ട് വലിയ ബഹളം ഒന്നുമുണ്ടാക്കിയില്ല- സാഹിറ സമകാലിക മലയാളത്തോട് പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com