കള്ളവണ്ടി കയറിയ ‘യാത്രക്കാരനെ’ റെയിൽവേ ജീവനക്കാർ തല്ലിക്കൊന്നു!

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 29th September 2018 04:52 AM  |  

Last Updated: 29th September 2018 04:52 AM  |   A+A-   |  

 

മംഗളൂരു: ടിക്കറ്റില്ലാതെ, ടിക്കറ്റ് എക്സാമിനറെ പേടിക്കാതെ കൊച്ചുവേളിയിൽ നിന്നു മംഗളൂരു വഴി ചെന്നൈയിലേക്ക് എസി കോച്ചിൽ യാത്ര. പക്ഷേ ചെന്നൈയിലെത്തിയിട്ടും ആൾ ഇറങ്ങിയില്ല. ചെന്നൈയിൽ ഇറങ്ങാൻ മറന്ന ആ ‘യാത്രക്കാരനെ’ ഏറെ കഷ്ടപ്പെട്ട് ജീവനക്കാർ പിടികൂടി തല്ലിക്കൊന്നു!

ആൾ ചില്ലക്കാരനല്ല. വെള്ളിക്കെട്ടൻ, ശംഖുവരയൻ തുടങ്ങിയ പേരുകളിൽ അറിയുന്ന പാമ്പാണു കഥാപാത്രം. 25നു കൊച്ചുവേളിയിൽ നിന്നു പുറപ്പെട്ട മാവേലി എക്സ്പ്രസിലാണു പാമ്പ് കയറിയത്. വാതിലിനു മുകളിൽ കയറിപ്പറ്റിയ പാമ്പ് കൊച്ചുവേളിയിൽ വച്ചു തന്നെ ട്രെയിനിലെ എസി അറ്റൻഡറുടെ ദേഹത്തു വീണിരുന്നു. തുടർന്നു കൊല്ലാൻ ശ്രമിക്കുന്നതിനിടെ കോച്ചുകൾ ഘടിപ്പിക്കുന്ന ഭാഗത്തെ വിടവിലൂടെ താഴേക്ക് ഇറങ്ങി. ജീവനക്കാർ പാളത്തിൽ നോക്കിയെങ്കിലും കണ്ടില്ല. പാളത്തിൽ ഉൾപ്പെടെ പടർന്നു കിടക്കുന്ന കാട്ടിലേക്കു കയറിക്കാണുമെന്നായിരുന്നു ജീവനക്കാർ കരുതിയത്. 

26നു രാവിലെ മംഗളൂരുവിലെത്തിയ ട്രെയിൻ ഉച്ചയ്ക്ക് മംഗളൂരു – ചെന്നൈ മെയിലായി പുറപ്പെട്ട് 27നു ചെന്നൈയിലെത്തി. അവിടെ ശുചീകരണം നടത്തവേയാണ് രണ്ടാം ക്ലാസ് കോച്ചിനകത്ത് പാമ്പിനെ വീണ്ടും കണ്ടത്. വാതിലിന്റെ വിടവിൽ ഒളിഞ്ഞു കിടക്കുകയായിരുന്ന പാമ്പിനെ തല്ലിക്കൊന്നു കുഴിച്ചിടുകയും ചെയ്തു. കൊച്ചുവേളിക്കും തിരുവനന്തപുരത്തിനും ഇടയിൽ പണികൾ നടക്കുന്നതിനാൽ മാവേലി എക്സ്പ്രസ് നിലവിൽ കൊച്ചുവേളിയിൽ യാത്ര അവസാനിപ്പിച്ചു നിർത്തിയിടുകയാണ്. കാടുമൂടിയ ഇവിടെ വച്ചാണു പാമ്പ് ട്രെയിനിൽ കയറിയതെന്ന് കരുതുന്നു.