കല്യാണ സദ്യ ഒരുക്കാന്‍ വെള്ളമില്ല; ആചാരം മാറ്റിവച്ച് ഗൗഡസമുദായം വിവാഹം നടത്തി

സാധാരണയായി വരനും സംഘവുമെത്തി വിവാഹം നടത്തി കല്യാണപ്പെണ്ണിനെയും കൊണ്ട് മടങ്ങാറാണ് പതിവ്.
കല്യാണ സദ്യ ഒരുക്കാന്‍ വെള്ളമില്ല; ആചാരം മാറ്റിവച്ച് ഗൗഡസമുദായം വിവാഹം നടത്തി

പുല്‍പ്പള്ളി: കല്യാണസദ്യ ഒരുക്കാന്‍ വെള്ളമില്ലാത്തതിനെ തുടര്‍ന്ന് വധുവിന്റെ വീട്ടില്‍ വച്ച് നടത്തേണ്ടിയിരുന്ന വിവാഹം വരന്റെ വീട്ടില്‍ വച്ച് നടത്തി. വയനാട് പുല്‍പ്പള്ളിയിലെ വേടൈ ഗൗഡ സമുദായക്കാരാണ് ജലക്ഷാമത്തെ തുടര്‍ന്ന് ആചാരം മാറ്റിയത്. പനവല്ലി സ്വദേശിയായ ശോഭയുടെ വിവാഹമാണ് വരന്റെ വീടായ മരക്കടവില്‍ വച്ച് നടത്തിയത്.

സാധാരണയായി വരനും സംഘവുമെത്തി വിവാഹം നടത്തി കല്യാണപ്പെണ്ണിനെയും കൊണ്ട് മടങ്ങാറാണ് പതിവ്. എന്നാല്‍ വിവാഹ നിശ്ചയത്തിന് ശേഷം പനവല്ലിയില്‍ കുടിവെള്ള ക്ഷാമം രൂക്ഷമാവുകയായിരുന്നു. ഇതോടെ കല്യാണം മാറ്റി വച്ചാലോ എന്നായി ശോഭയുടെ വീട്ടുകാരുടെ ചിന്ത. നൂറിലേറെ കുടുംബങ്ങള്‍ ഉള്ള ഇവിടെ സദ്യ തയ്യാറാക്കാന്‍ നിലവിലെ സാഹചര്യത്തില്‍ സാധിക്കില്ലെന്ന് ഉറപ്പായതോടെയാണ് നാഗേഷിന്റെ വീട്ടുകാര്‍ വിവാഹം മരക്കടവിലേക്ക് മാറ്റിയത്.

രാവിലെ തന്നെ പനവല്ലിയില്‍ നിന്നെത്തിയ വധുവിനെയും സംഘത്തെയും വാദ്യഘോഷങ്ങളും കാളകളുമായെത്തി വരനും സംഘവും സ്വാഗതം ചെയ്തു. ആചാരങ്ങളുടെ ഭാഗമായി കാളയും നെല്ലും അരിയും വിവാഹ സമയത്ത് ഇവര്‍ കൈമാറ്റം ചെയ്യാറുണ്ട്. പിന്നീട് വിവാഹ സദ്യയും കഴിഞ്ഞാണ് വധുവിന്റെ വീട്ടുകാര്‍ മടങ്ങിയത്. ചിത്രദുര്‍ഗയില്‍ നിന്നും കമ്പനീതീരത്ത് എത്തിയ വേടൈഗൗഡ സമുദായക്കാര്‍ കൃഷിക്കാരാണ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com