'ബ്രില്ല്യന്റ് ഗേള്‍, ഇവളാണെന്റെ ​ഹീറോ'; പത്താം ക്ലാസ് പരീക്ഷയെഴുതാൻ കുതിരപ്പുറത്ത് പാഞ്ഞ തൃ‍ശ്ശൂർക്കാരിയെ തിരക്കി ആനന്ദ് മഹീന്ദ്രയും 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 08th April 2019 02:55 PM  |  

Last Updated: 08th April 2019 02:57 PM  |   A+A-   |  

krishna

ത്താം ക്ലാസ് പരീക്ഷയെഴുതാൻ കുതിരപ്പുറത്ത് പോയ മാള സ്വദേശിനി കൃഷ്ണയാണ് ട്വിറ്ററിൽ ഇപ്പോൾ താരം. കൂട്ടുകാരെല്ലാം സ്കൂൾബസ്സിൽ പരീക്ഷയ്ക്കെത്തിയപ്പോൾ അച്ഛൻ വാങ്ങിക്കൊടുത്ത കുതിരയായിരുന്നു കൃഷ്ണയുടെ വാഹനം. മൂന്നര കിലോമീറ്റര്‍ ദൂരം കുതിരസവാരി നടത്തി സ്കൂളിൽ എത്തി പരീക്ഷയെഴുതിയ ഈ മിടുക്കി സോഷ്യൽ മീഡിയയിൽ കൈയ്യടി നേടുകയാണ്. 

ഇപ്പോഴിതാ മഹീന്ദ്ര ഗ്രൂപ്പ് ചെയര്‍മാന്‍ ആനന്ദ് മഹീന്ദ്രയും ഈ തൃശ്ശൂർക്കാരിയെ തിരക്കിയിറങ്ങിക്കഴിഞ്ഞു. ബ്രില്ല്യന്റ് ഗേള്‍, ഇതു കൂടിയാണ് ഇന്‍ക്രെഡിബിള്‍ ഇന്ത്യ എന്ന് കുറിച്ച് കുതിരപ്പുറത്ത് പോകുന്ന കൃഷ്ണയുടെ വിഡിയോ പങ്കുവയ്ക്കുകയായിരുന്നു ആനന്ദ് മഹീന്ദ്ര. 

പിന്നാലെ തൃശ്ശൂരുള്ള ആര്‍ക്കെങ്കിലും ഈ പെണ്‍കുട്ടിയെ അറിയുമോ എന്നന്വേഷിച്ച് അ​ദ്ദേഹത്തിന്റെ അടുത്ത ട്വീറ്റെത്തി. അവളുടെയും ആ കുതിരയുടെയും ചിത്രം എനിക്ക് സ്‌ക്രീന്‍ സേവറായി വേണം. അവളാണ് എന്റെ ഹീറോ, അവൾ സ്കൂളിലേക്ക് പോകുന്ന കാഴ്ച എന്നില്‍ ശുഭാപ്തിവിശ്വാസം നിറച്ചു, എന്നായിരുന്നു രണ്ടാമത്തെ ട്വീറ്റ്. 

പുത്തന്‍വേലിക്കര മഹാവിഷ്ണു ക്ഷേത്രത്തിലെ പൂജാരിയായ അജയ് കാലിന്ദയുടെ ഏകമകളാണ് കൃഷ്ണ. മനോജ് കുമാര്‍ എന്നയാളാണ് കൃഷ്ണയുടെ വിഡിയോ ആദ്യം ട്വീറ്റ് ചെയ്തത്. ഇത് കണ്ട് വിഡിയോ പങ്കുവയ്ക്കുകയായിരുന്നു ആനന്ദ് മഹീന്ദ്ര. റാണാ കൃഷ് എന്നു പേരിട്ടിരിക്കുന്ന കുതിരയുടെ പുറത്താണ് കൃഷ്ണ പരീക്ഷയെഴുതാന്‍ കുതിച്ചത്. 

 

മാള ഹോളിഗ്രേസ് സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ഥിനിയാണ് കൃഷ്ണ. സ്‌കൂളില്‍ സംഘടിപ്പിച്ച ഒരു ദിവസത്തെ കുതിര സവാരി പരിശീലന പരിപാടിക്ക് ശേഷമാണ് കുതിരകമ്പം തുടങ്ങിയത്. മകള്‍ അസ്സലായി കുതിരസവാരി നടത്തുമെന്ന പരിശീലകന്റെ വാക്ക് കേട്ടതോടെയാണ് അജയ് മകള്‍ക്ക് കുതിരയെ വാങ്ങി നല്‍കിയത്. സ്‌കൂളില്‍ മാത്രമല്ല കടയില്‍ സാധനം വാങ്ങുന്നതും നാട്ടിലെ കറക്കവുമൊക്കെ കുതിരപ്പുറത്താക്കിയ ഈ മിടുക്കിയുടെ അടുത്ത ലക്ഷ്യം കുതിരയോട്ട മത്സരങ്ങളാണ്.