കരയില്‍ സിംഹക്കൂട്ടം, വെള്ളത്തില്‍ മുതല, കാട്ടുപോത്തിന്റെ ജീവന്‍മരണ പോരാട്ടം, അവിശ്വസനീയ രക്ഷപ്പെടല്‍ (വീഡിയോ)

പുഴയോരത്ത് വെള്ളം കുടിക്കാനെത്തിയ കാട്ടുപോത്തിനെയാണ് സിംഹക്കൂട്ടം ആക്രമിക്കാനെത്തിയത്
കരയില്‍ സിംഹക്കൂട്ടം, വെള്ളത്തില്‍ മുതല, കാട്ടുപോത്തിന്റെ ജീവന്‍മരണ പോരാട്ടം, അവിശ്വസനീയ രക്ഷപ്പെടല്‍ (വീഡിയോ)

ജോഹന്നാസ് ബര്‍ഗ് : പട പേടിച്ച് പന്തളത്ത് ചെന്നപ്പോ പന്തം കൊളുത്തിപ്പട എന്ന പഴഞ്ചൊല്ലിനെ അനുസ്മരിപ്പിക്കുന്ന അവസ്ഥയാണ് കാട്ടുപോത്തിനെ കാത്തിരുന്നത്. ദക്ഷിണാഫ്രിക്കയിലെ ക്രൂഗര്‍ ദേശീയ പാര്‍ക്കിലാണ് സംഭവം. പുഴയോരത്ത് വെള്ളം കുടിക്കാനെത്തിയ കാട്ടുപോത്തിനെയാണ് സിംഹക്കൂട്ടം ആക്രമിക്കാനെത്തിയത്. സിംഹക്കൂട്ടത്തെ കണ്ടതോടെ കാട്ടുപോത്ത് രക്ഷപ്പെടാന്‍ ഓട്ടം തുടങ്ങി. പിന്നാലെ സിംഹക്കൂട്ടവും. 

ശരീരത്തിലേക്ക് കുതിച്ചുചാടിയ സിംഹത്തെ കുടഞ്ഞെറിഞ്ഞ് കാട്ടുപോത്ത് ചെറുത്തു നിന്നു. ഒടുവില്‍ സ്വയരക്ഷയ്ക്കായി പുഴയിലേക്ക് ചാടി. അവിടെയും കാട്ടുപോത്തിന് കടുത്ത പരീക്ഷണമാണ് കാത്തിരുന്നത്. വെള്ളത്തില്‍ നീന്തിയെത്തിയ പോത്തിനെ ഭീമന്‍ മുതല ആക്രമിച്ചു. 

പോത്തിന്റെ കാലുകളിലും കൊമ്പിലും ശരീരത്തിലുമെല്ലാം പിടുത്തമിട്ടെങ്കിലും കുടഞ്ഞെറിഞ്ഞു. ഇതോടെ കരയില്‍ കയറിയാല്‍ സിംഹം പിടിക്കും, വെള്ളത്തില്‍ തുടര്‍ന്നാല്‍ മുതല പിടിക്കും എന്ന അവസ്ഥയിലായി കാട്ടുപോത്ത്. 

ഒടുവില്‍ രണ്ടുകല്‍പ്പിച്ച് കരയിലേക്ക്. സിംഹങ്ങളുടെ മടയിലേക്ക് തിരിച്ചുകയറി ജീവന്‍മരണ പോരാട്ടത്തിന് തന്നെ കാട്ടുപോത്ത് തീരുമാനിച്ചു. ആക്രമിക്കാന്‍ വളഞ്ഞ സിംഹങ്ങളെ അതിസാഹസികമായി നേരിട്ടു. 

ഒടുവില്‍ സമീപത്ത് മേഞ്ഞു നടന്ന കാട്ടുപോത്തിന്‍കൂട്ടം പോത്തിന്റെ രക്ഷയ്‌ക്കെത്തി. കാട്ടുപോത്തുകള്‍ കൂട്ടത്തോടെ എത്തിയത് കണ്ടതോടെ സിംഹങ്ങള്‍ സ്ഥലം വിട്ടു. അങ്ങനെ കാട്ടുപോത്ത് രക്ഷപെട്ടു. പാര്‍ക്കിലെത്തിയ വിനോദസഞ്ചാരികളാണ് അപൂര്‍വ്വ ദൃശ്യങ്ങള്‍ പകര്‍ത്തിയത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com