നെഞ്ചുപൊള്ളിക്കുന്ന ഈ ചിത്രത്തിനാണ് ഇത്തവണത്തെ ഫോട്ടോ ജേണലിസ്റ്റ് പുരസ്‌കാരം

സാന്ദ്ര സാഞ്ചസ് എന്ന യുവതിയും അവരുടെ മകള്‍ യനേലയും അനധികൃതമായി യുഎസിലേക്ക് കടക്കുന്നതിനിടെ കഴിഞ്ഞ വര്‍ഷം ജൂണ്‍ 12നാണ് യുഎസ് മെക്‌സിക്കോ അതിര്‍ത്തിയില്‍ വെച്ച് പിടിക്കപ്പെട്ടത്.
നെഞ്ചുപൊള്ളിക്കുന്ന ഈ ചിത്രത്തിനാണ് ഇത്തവണത്തെ ഫോട്ടോ ജേണലിസ്റ്റ് പുരസ്‌കാരം

ആംസ്റ്റര്‍ഡാം: അനധികൃത കുടിയേറ്റം നടത്തുന്നതിനിടെ യുഎസ് അതിര്‍ത്തിയില്‍ വെച്ച് പിടിക്കപ്പെട്ട സ്ത്രീയെ ചോദ്യം ചെയ്യുന്നത് കണ്ട് ഏങ്ങലിടിച്ച് കരയുന്ന കുഞ്ഞിന്റെ ചിത്രം ഏറെ വേദനയോടെയാണ് നമ്മള്‍ കണ്ടത്. ലോകത്തെമ്പാടുമുള്ള മനുഷ്യരുടെ ഹൃദയം നുറുക്കിയ ആ ചിത്രത്തിന്റെ പേരില്‍ അമേരിക്കന്‍ ഭരണകൂടം ഏറെ വിമര്‍ശനങ്ങള്‍ ഏറ്റു വാങ്ങിയിരുന്നു.

ജോണ്‍ മൂര്‍ എടുത്ത ഈ ചിത്രം ലോക പ്രസ് ഫോട്ടോ പുരസ്‌കാരത്തിന് അര്‍ഹമായിരിക്കുകയാണ്. ലോകത്താകമാനമുള്ള 4738 ഫോട്ടോഗ്രഫര്‍മാരുടെ 78,801 ചിത്രങ്ങളില്‍ നിന്നാണ് പുരസ്‌കാരത്തിനര്‍ഹമായ ചിത്രം തെരഞ്ഞെടുത്തത്. 

സാന്ദ്ര സാഞ്ചസ് എന്ന യുവതിയും അവരുടെ മകള്‍ യനേലയും അനധികൃതമായി യുഎസിലേക്ക് കടക്കുന്നതിനിടെ കഴിഞ്ഞ വര്‍ഷം ജൂണ്‍ 12നാണ് യുഎസ് മെക്‌സിക്കോ അതിര്‍ത്തിയില്‍ വെച്ച് പിടിക്കപ്പെട്ടത്. സാന്ദ്രയെ യുഎസ് സുരക്ഷാ ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്യുന്നത് കണ്ട കുഞ്ഞു യനേല സുരക്ഷാ ഉദ്യോഗസ്ഥരുടെ മുഖത്ത് നോക്കി പേടിച്ച് കരയാന്‍ തുടങ്ങി. ഈ ചിത്രമാണ് മൂര്‍ തന്റെ കാമറയില്‍ പകര്‍ത്തിയത്. 

പിന്നീടിത് സമൂഹമാധ്യമങ്ങളിലൂടെയും മറ്റും പ്രചരിച്ച് ലോകശ്രദ്ധ നേടി. അനധികൃത കുടിയേറ്റക്കാരെ അവരുടെ കുട്ടികളില്‍ നിന്ന് വേര്‍പിരിക്കുന്ന അമേരിക്കയുടെ വിവാദ നയത്തിനെതിരെ ലോകത്തിന്റെ പ്രതിഷേധത്തെ ആളിക്കത്തിക്കുന്നതില്‍ ഈ ചിത്രം വലിയ പങ്കു വഹിച്ചു. 

ലോകത്തിന്റെ നാനാ ഭാഗങ്ങളില്‍ നിന്നും പ്രതിഷേധം കനത്തതോടെ യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് മാതാപിതാക്കളെയും കുട്ടികളെയും വേര്‍പിരിക്കുന്ന തങ്ങളുടെ നയത്തില്‍ മാറ്റം വരുത്തുകയുണ്ടായി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com