വീടിന്റെ മുന്നില്‍ പത്തിവിടര്‍ത്തി മൂര്‍ഖന്‍; കടിച്ചുകുടഞ്ഞു ജൂലി, വിഷമേറ്റ് മരണം മുന്നില്‍ക്കണ്ടു; ജീവിതത്തിലേക്ക് 

മൂര്‍ഖന്‍ പാമ്പില്‍  നിന്നും കുടുംബത്തെ രക്ഷിച്ച കഥയാണ് ജൂലി എന്ന നായയ്ക്ക് പറയാനുളളത്
വീടിന്റെ മുന്നില്‍ പത്തിവിടര്‍ത്തി മൂര്‍ഖന്‍; കടിച്ചുകുടഞ്ഞു ജൂലി, വിഷമേറ്റ് മരണം മുന്നില്‍ക്കണ്ടു; ജീവിതത്തിലേക്ക് 

ആലപ്പുഴ:വീട്ടില്‍ ഒരു നായ വേണമെന്ന് ഒരു നിമിഷം പോലും ചിന്തിക്കാത്തവര്‍ കുറവായിരിക്കും. മാറിയ സാഹചര്യത്തില്‍ വീടിന്റെ സുരക്ഷിതത്വം ഉറപ്പിക്കാന്‍ നായ വേണമെന്ന് ചിന്തയ്ക്ക് ഇപ്പോള്‍ സമൂഹത്തില്‍ കനംവെച്ചിരിക്കുകയാണ്. ഈ ചിന്തയെ ന്യായീകരിക്കുന്ന സംഭവമാണ് ആലപ്പുഴയില്‍ ഉണ്ടായിരിക്കുന്നത്.

മൂര്‍ഖന്‍ പാമ്പില്‍  നിന്നും കുടുംബത്തെ രക്ഷിച്ച കഥയാണ് ജൂലി എന്ന നായയ്ക്ക് പറയാനുളളത്. സ്വന്തം രക്ഷ നോക്കാതെ നാലു പേരുടെ ജീവനാണ് നായ കാത്തത്.  അവളെ മരണത്തിനു വിട്ടുകൊടുക്കാതെ സംരക്ഷിച്ച വീട്ടുകാര്‍ക്കും ഡോക്ടര്‍മാര്‍ക്കും പോലും അദ്ഭുതമാണ് അവളുടെ മടങ്ങിവരവ്.  മാന്നാര്‍ വിഷവര്‍ശേരിക്കര കുന്നുംപുറത്ത് മണിയമ്മാളിന്റെ ചെന്നിത്തലയിലെ വാടകവീട്ടിലാണ് സംഭവം. 15ന് രാത്രി, ജൂലിയെന്ന ഏഴു വയസുകാരി ജര്‍മന്‍ ഷെപ്പേഡ് നായയുടെ കുര കേട്ട് വീട്ടുകാര്‍ പുറത്തിറങ്ങി. ഈ സമയത്ത് മണിയമ്മാളിന്റെ കൂടെ മക്കളായ കാര്‍ത്തിക, കീര്‍ത്തി, മരുമകന്‍ ശിവജിത്ത് എന്നിവര്‍ വീട്ടിലുണ്ടായിരുന്നു.

കണ്ടത് പത്തി വിടര്‍ത്തി നില്‍ക്കുന്ന മൂര്‍ഖനെ.  വീട്ടുകാര്‍ പുറത്തിറങ്ങിയതും ജൂലി പാമ്പിനെ കടിച്ചു കുടഞ്ഞതും ഒരുമിച്ച്. പിന്നാലെ കൂട്ടില്‍ പോയി കിടന്നു നായ. പിറ്റേന്നു രാവിലെ കൂട്ടില്‍ ഛര്‍ദ്ദിച്ച് അവശയായി, മുഖത്ത് നീരു വച്ചു കിടന്ന ജൂലിയെ കണ്ടപ്പോഴാണ് പാമ്പുകടിയേറ്റ വിവരം വീട്ടുകാര്‍ അറിയുന്നത്. ഉടന്‍ ചെങ്ങന്നൂര്‍ വെറ്ററിനറി പോളി ക്ലിനിക്കിലെത്തിച്ചു. സീനിയര്‍ വെറ്ററിനറി സര്‍ജന്‍ ഡോ.ദീപു ഫിലിപ് മാത്യുവിന്റെ നേതൃത്വത്തില്‍ ചികിത്സ തുടങ്ങി. അപ്പോഴാണ് അടുത്ത വെല്ലുവിളി. മൂര്‍ഖന്റെ വിഷത്തിനുള്ള ആന്റിവെനം കിട്ടാല്‍ പ്രയാസം.

മനുഷ്യന് അത്യാവശ്യമുള്ളത് ആയതിനാല്‍ മൃഗങ്ങള്‍ക്കു നല്‍കരുതെന്ന സര്‍ക്കുലര്‍ പോലും നിലവിലുണ്ട്. ഏറെ പാടുപെട്ട് കോഴഞ്ചേരിയില്‍ നിന്നു 3 കുപ്പി ആന്റിവെനം സംഘടിപ്പിച്ചു. 10 മണിയോടെ കുത്തിവയ്‌പെടുത്തിട്ടും മാറ്റമൊന്നും കണ്ടില്ല. വൈകിട്ട് അഞ്ചരയോടെ അവള്‍ കണ്ണു തുറന്നപ്പോഴാണ് വീട്ടുകാരുടെ കണ്ണീര്‍ തോര്‍ന്നത്. 3 ദിവസത്തെ ചികിത്സയ്‌ക്കൊടുവില്‍ ആരോഗ്യം വീണ്ടെടുത്തു.  വിഷമിറങ്ങി ജീവന്‍ തിരികെ കിട്ടുന്നത് അപൂര്‍വമായതുകൊണ്ട് വീട്ടുകാര്‍ സന്തോഷത്തിലാണ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com