മിഥുനത്തിലെ ഇന്നസെന്റായി നാഗമ്പടം പാലം; ട്രിപ്പിള്‍ സ്‌ട്രോങ്ങാണെന്ന് സോഷ്യല്‍ മീഡിയ; ട്രോള്‍ പൂരം

പാലം തകരുന്നത് കാണാന്‍ മണിക്കൂറുകളോളം ആളുകള്‍ കാത്തിരുന്നിട്ടും ഒരു തൂണുപോലും ഇളക്കാന്‍ കഴിയാഞ്ഞതാണ് ട്രോളിന് കാരണമായിരിക്കുന്നത്
മിഥുനത്തിലെ ഇന്നസെന്റായി നാഗമ്പടം പാലം; ട്രിപ്പിള്‍ സ്‌ട്രോങ്ങാണെന്ന് സോഷ്യല്‍ മീഡിയ; ട്രോള്‍ പൂരം

സോഷ്യല്‍ മീഡിയയിലെ ഇപ്പോഴത്തെ താരം നാഗമ്പടം പാലമാണ്. തകര്‍ക്കാന്‍ രണ്ട് തവണ സ്‌ഫോടനം നടത്തിയിട്ടും ഒരു കുലുക്കവുമില്ലാതെ തല ഉയര്‍ത്തി നില്‍ക്കുകയാണ് ഇപ്പോഴും നാഗമ്പടം പാലം. എന്തായാലും ചീറ്റിപ്പോയ പരിപാടി ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചിരി നിറയ്ക്കുകയാണ്. പാലം തകരുന്നത് കാണാന്‍ മണിക്കൂറുകളോളം ആളുകള്‍ കാത്തിരുന്നിട്ടും ഒരു തൂണുപോലും ഇളക്കാന്‍ കഴിയാഞ്ഞതാണ് ട്രോളിന് കാരണമായിരിക്കുന്നത്. മിഥുനത്തിലെ ഇന്നസെന്റിന്റെ കഥാപാത്രത്തോടാണ് നാഗമ്പടം പാലത്തെ ഉപമിക്കുന്നത്. ഇപ്പ പൊട്ടിക്കും ഇപ്പ പൊട്ടിക്കും എന്ന് പറഞ്ഞ് മണിക്കൂറുകള്‍ കാത്തിനിര്‍ത്തി അവസാനം പൊട്ടിച്ചപ്പോള്‍ നെഞ്ചുവിരിച്ച് നില്‍ക്കുകയാണ് നാഗമ്പടം പാലം.

പ്രളയത്തില്‍ പോലും തകരാതെ കരുത്തോടെ നിന്ന് ചെറുതോണി പാലത്തിന് ഒപ്പമാണ് ഇപ്പോള്‍ നാഗമ്പടം പാലത്തിന്റെ സ്ഥാനം. അഴിമതി ഇല്ലാതെ പണിഞ്ഞ പാലങ്ങളുടെ എണ്ണം രണ്ടായി എന്നാണ് പറയുന്നത്. സ്‌ഫോടനം നടത്തി പാലം പൊളിക്കാനുള്ള ശ്രമം റെയില്‍വേ ഇന്നലെ വൈകിട്ട് ആറോടെ  ഉപേക്ഷിച്ചിരുന്നു. ആറു മണിക്കൂറിനിടെ രണ്ടു വട്ടം സ്‌ഫോടനം നടത്തിയെങ്കിലും പാലത്തിന്റെ ഒരു ശതമാനം പോലും തകര്‍ന്നില്ല.  

പാലം തകര്‍ക്കാന്‍ കരാര്‍ ഏറ്റെടുത്ത കമ്പനിക്കും കണക്കിന് ട്രോള്‍ കിട്ടുന്നുണ്ട്. അതിനൊപ്പം പാലാരിവട്ടം മേല്‍പ്പാലത്തെ കളിയാക്കാനും ട്രോളന്മാര്‍ മറന്നില്ല. ചരക്ക് വണ്ടി വരുമ്പോള്‍ കുലുങ്ങുന്ന പാലാരിവട്ടം മേല്‍പ്പാലം നാഗമ്പടം പാലത്തെ കണ്ടു പഠിക്കണമെന്നാണ് പറയുന്നത്. 

ഇന്നലെ ഉച്ചയ്ക്ക് 12.15 നാണ് ജനക്കൂട്ടത്തെ സാക്ഷിയാക്കി ആദ്യ സ്‌ഫോടം നടന്നത്. എന്നാല്‍ അത് പരാജയപ്പെട്ടു. തുടര്‍ന്ന് 5.15 ന് മറ്റൊരു സ്‌ഫോടനം കൂടി നടത്തിയെങ്കിലും ഇടതു തൂണിന്റെ ഒരു ഭാഗം പൊട്ടിയതല്ലാതെ ഒരു കുലുക്കവുമുണ്ടായില്ല. പാലത്തിന്റെ കരുത്തു മൂലം നിയന്ത്രിത സ്‌ഫോടന പദ്ധതി പ്രായോഗികമല്ലെന്ന് റെയില്‍വേയുടെ വിലയിരുത്തല്‍. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com