വിവാഹം തീരുമാനിച്ചതിന് പിന്നാലെ അച്ഛന്‍ മരിച്ചു; മൃതദേഹം സാക്ഷിയാക്കി മകന്റെ വിവാഹം; ഫോട്ടോ വൈറല്‍

മരിച്ച അച്ഛന്റെ മൃതദേഹം പുതിയ വസ്ത്രങ്ങളെല്ലാം ധരിപ്പിച്ച് കസേരയില്‍ ഇരുത്തിയായിരുന്നു വിവാഹം
വിവാഹം തീരുമാനിച്ചതിന് പിന്നാലെ അച്ഛന്‍ മരിച്ചു; മൃതദേഹം സാക്ഷിയാക്കി മകന്റെ വിവാഹം; ഫോട്ടോ വൈറല്‍

വിവാഹം തീരുമാനിച്ചതിന് പിന്നാലെ അച്ഛന്‍ മരിച്ചതിനെ തുടര്‍ന്ന് സംസ്‌കാരത്തിന് മുന്‍പ് മൃതദേഹത്തെ സാക്ഷിയാക്കി മകന്റെ വിവാഹം. തമിഴ്‌നാട്ടിലെ വില്ലുപുരത്തിനടുത്ത് തിണ്ടിവനത്താണ് വിചിത്രം വിവാഹം നടന്നത്. മരിച്ച അച്ഛന്റെ മൃതദേഹം പുതിയ വസ്ത്രങ്ങളെല്ലാം ധരിപ്പിച്ച് കസേരയില്‍ ഇരുത്തിയായിരുന്നു വിവാഹം. തുടര്‍ന്ന് അച്ഛനൊപ്പമുള്ള വിവാഹ ചിത്രവും എടുത്തു. തുടര്‍ന്ന് ഈ ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലായി. 

തിണ്ടിവനം സ്വദേശിയും അധ്യാപകനുമായ അലക്‌സാണ്ടറും സഹപ്രവര്‍ത്തകയായ അന്നപൂര്‍ണാനിയും തമ്മിലാണ് വിവാഹം കഴിച്ചത്. സെപ്തംബര്‍ രണ്ടിനാണ് ആദ്യം വിവാഹം ഉറപ്പിച്ചിരുന്നത്. എന്നാല്‍ ഓഗസ്റ്റ് ഒമ്പതിന് അലക്‌സാണ്ടറിന്റെ പിതാവ് ദേവമണി അന്തരിച്ചതോടെ മൃതദേഹം സംസ്‌കരിക്കും മുന്‍പ് വിവാഹം നടത്താന്‍ തീരുമാനിക്കുകയായിരുന്നു. 

മൈലം സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തില്‍ വച്ച് വിവാഹം നടത്താനാണ് ഇരു വീട്ടുകാരും നേരത്തെ തീരുമാനിച്ചിരുന്നത്. എന്നാല്‍ പിതാവിന്റെ മരണത്തെ തുടര്‍ന്ന് തന്റെ വീട്ടില്‍വെച്ച് അന്നു തന്നെ വിവാഹം നടത്താന്‍ വധുവിന്റെ വീട്ടുകാരോട് അലക്‌സാണ്ടര്‍ അനുവാദം ചോദിച്ചു. വധുവിന്റെ ബന്ധുക്കള്‍ സമ്മതിച്ചതോടെ ഉടന്‍ വിവാഹം നടത്തുകയായിരുന്നു. മകന്റെ വിവാഹം ദേവമണിയുടെ സ്വ്പ്‌നമായിരുന്നു. അതുകൊണ്ടാണ് സംസ്‌കാരത്തിനു മുന്നേ മൃതദേഹത്തെ സാക്ഷിയാക്കി വിവാഹം നടത്താന്‍ തീരുമാനിച്ചതെന്ന് അലക്‌സാണ്ടറുടെ ബന്ധുക്കളിലൊരാള്‍ പറഞ്ഞു. കല്യാണത്തിന് നേരത്തെ നിശ്ചയിച്ച ദിവസം വിവാഹസത്കാരം നടത്താന്‍ ആലോചനയുണ്ടെന്നും അദ്ദേഹം പറഞ്ഞു. വിവാഹത്തിനു ശേഷം പിറ്റേദിവസം ദൈവമണിയുടെ ശവസംസ്‌കാരം നടന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com