റെയില്‍വേ സ്റ്റേഷന്‍ പ്ലാറ്റ്‌ഫോമില്‍ നിന്ന് റെക്കോര്‍ഡിങ് റൂമിലേക്ക്: രാണു ഇനി പിന്നണിഗായിക, വീഡിയോ

ഹിമേഷിന്റെ പുതിയ ചിത്രമായ ഹാപ്പി ഹാര്‍ഡിയിലെ തേരി മേരി കഹാനി എന്ന ഗാനം ആലപിച്ചു കൊണ്ടാണ് രാണു പിന്നണി ഗാനരംഗത്തേക്കെത്തുന്നത്.
റെയില്‍വേ സ്റ്റേഷന്‍ പ്ലാറ്റ്‌ഫോമില്‍ നിന്ന് റെക്കോര്‍ഡിങ് റൂമിലേക്ക്: രാണു ഇനി പിന്നണിഗായിക, വീഡിയോ

രാണുവിനെ  ഓര്‍മയില്ലേ? പശ്ചിമ ബംഗാളിലെ രണാഘട്ട് സ്‌റ്റേഷന്റെ പ്ലാറ്റ്‌ഫോമിലിരുന്ന് പാട്ടുപാടി ലോകത്തിലെ സംഗീതാസ്വാദകരുടെ ഹൃദയത്തിലിടം നേടിയ വനിത. ആരെയും അമ്പരപ്പിക്കുന്ന ശബ്ദത്തില്‍ 'ഏക് പ്യാര്‍ കാ നഗ്മാ ഹേ' എന്ന ഗാനം ഇവര്‍ ആലപിച്ചപ്പോള്‍ കേട്ടവരുടെ കണ്ണും മനസും ഒരുപോലെ നിറഞ്ഞു.

രാണു മൊണ്ടല്‍ ഇനി പിന്നണി ഗായികയായാണ് അറിയപ്പെടാന്‍ പോകുന്നത്. എത്തിപ്പിടിക്കാന്‍ ധൈര്യമുണ്ടെങ്കില്‍ നിങ്ങളുടെ ഏത് സ്വപ്‌നവും പൂവണിയും എന്നാണ് രാണു മൊണ്ടാലിനെ ചൂണ്ടിക്കാണിച്ച് കൊണ്ട് ബോളിവുഡ് നടനും സംഗീത സംവിധായകനും ഗായകനും ഗാനരചയിതാവുമായ ഹിമേഷ് രഷാമിയ പറഞ്ഞത്. 

ഹിമേഷിന്റെ പുതിയ ചിത്രമായ ഹാപ്പി ഹാര്‍ഡിയിലെ തേരി മേരി കഹാനി എന്ന ഗാനം ആലപിച്ചു കൊണ്ടാണ് രാണു പിന്നണി ഗാനരംഗത്തേക്കെത്തുന്നത്. 'ഹാപ്പി ഹാര്‍ഡിയിലെ തേരി മേരി കഹാനി എന്ന ഗാനം ദൈവിക ശബ്ദത്തിനുടമ രാണു മൊണ്ടലിനൊപ്പം റെക്കോര്‍ഡ് ചെയ്തു..എത്തിപ്പിടിക്കാന്‍ ധൈര്യമുണ്ടെങ്കില്‍ സ്വപ്നങ്ങള്‍ പൂവണിയും..പോസ്റ്റിറ്റീവ് ആയ ഒരു മനോഭാവം ഉണ്ടെങ്കില്‍ സ്വപ്നങ്ങള്‍ കൈയ്യിലൊതുങ്ങും..'- റെക്കോര്‍ഡിങ് വീഡിയോ പങ്കുവച്ചു കൊണ്ട് ഹിമേഷ് കുറിച്ചു. നിരവധി പേരാണ് ഹിമേഷിനെയും രാണുവിനെയും അഭിനന്ദിച്ചുകൊണ്ട് രംഗത്തെത്തിയത്.  

മുഷിഞ്ഞ വസ്ത്രം ധരിച്ച് പ്ലാറ്റഫോമിലിരുന്ന് ശ്രുതിമാധുര്യത്തോടെ ഗാനമാലപിക്കുന്ന രാണുവിന്റെ വീഡിയോ വൈറലായതോടെ ഈ ഗായികയെ തേടി കൈനിറയെ അവസരങ്ങളാണ് വന്നുകൊണ്ടിരുന്നത്. കൊല്‍ക്കത്ത, മുംബൈ, കേരളം എന്നിവിടങ്ങളില്‍ നിന്നും എന്തിനേറെ ബംഗ്ലാദേശില്‍ നിന്നുവരെ പരിപാടികള്‍ അവതരിപ്പിക്കാന്‍ ഇവര്‍ക്ക് അഭ്യര്‍ഥനകള്‍ ലഭിക്കുന്നുണ്ടെന്നും സ്വന്തം മ്യൂസിക്കല്‍ ആല്‍ബം ചെയ്യാന്‍ വരെ ഓഫര്‍ ലഭിച്ചിട്ടുണ്ടെന്നും ഇവരെ കണ്ടെത്തിയവര്‍ പറഞ്ഞിരുന്നു.

ഷോറ എന്ന ചിത്രത്തില്‍ മുകേഷിനൊപ്പം  ലതാ മങ്കേഷ്‌കര്‍ പാടി ഹിറ്റാക്കിയ നിത്യഹരിത ഗാനങ്ങളില്‍ ഒന്നായ 'ഏക് പ്യാര്‍ കാ നഗ്മാ ഹേ' ആയാസരഹിതമായി ആലപിക്കുന്ന രാണുവിന്റെ വീഡിയോ ആണ് വൈറലായിരുന്നത്. മുംബൈ സ്വദേശിയായ ബാബു മൊണ്ടാല്‍ ആയിരുന്നു ഇവരുടെ ഭര്‍ത്താവ്. ബാബുവിന്റെ മരണശേഷം രണാഘട്ടിലേക്ക് തിരിച്ചെത്തിയ രാണു ട്രെയിനില്‍ പാട്ടു പാടിയാണ് ജീവിച്ചിരുന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com