ദാനം കിട്ടിയ ജീവൻ പകുത്തു കൊടുക്കാനൊരുങ്ങി ജ്യോതി; അബൂബക്കറിന്റെ ജീവൻ രക്ഷിക്കാൻ ജ്യോതിയുടെ വൃക്ക ദാനം 

വാഹനാപകടത്തിൽ തനിക്ക് തിരിച്ചു കിട്ടിയ ജീവനാണ് കുറ്റിപ്പുറം സ്വദേശിനി ജ്യോതി മറ്റൊരാൾക്ക് കൂടി വീതിച്ചു നൽകുന്നത്
ദാനം കിട്ടിയ ജീവൻ പകുത്തു കൊടുക്കാനൊരുങ്ങി ജ്യോതി; അബൂബക്കറിന്റെ ജീവൻ രക്ഷിക്കാൻ ജ്യോതിയുടെ വൃക്ക ദാനം 

വയവദാനത്തിൻ്റെ മഹത്തായ സന്ദേശവുമായി അബൂബക്കറിൻ്റെ ജീവിതത്തിൽ പ്രകാശം പരത്താൻ ജ്യോതി. രണ്ടുവർഷം മുൻപ് നടന്ന വാഹനാപകടത്തിൽ തനിക്ക് തിരിച്ചു കിട്ടിയ ജീവനാണ് കുറ്റിപ്പുറം സ്വദേശിനി ജ്യോതി മറ്റൊരാൾക്ക് കൂടി വീതിച്ചു നൽകുന്നത്.

37കാരിയായ ജ്യോതിയുടെ (ആര്യനാമിക) വൃക്ക ഇന്നു തവനൂർ സ്വദേശി അബൂബക്കറിൽ വച്ചുപിടിപ്പിക്കും. നിയമപരമായ നടപടിക്രമങ്ങൾ പൂർത്തിയാക്കി എറണാകുളം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിലാണ് വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയ. 

2017ൽ കുന്നംകുളത്തുണ്ടായ വാഹനാപകടത്തിൽ നിന്ന് അദ്ഭുതകരമായി രക്ഷപ്പെട്ടതോടെയാണ് തിരികെ കിട്ടിയ ജീവിതം കൊണ്ട് മറ്റൊരാൾക്ക് നന്മ ചെയ്യാൻ ജ്യോതി ആ​ഗ്രഹിച്ചത്. ഈ നല്ല മനസ്സ് 42കാരനായ അബൂബക്കറിനും കുടുംബത്തിനും തുണയായി. പരിശോധനയിൽ ജ്യോതിയുടെ വൃക്ക അബൂബക്കറിനു യോജിക്കുമെന്നു കണ്ടെത്തുകയായിരുന്നു. ‘‘തിരികെ കിട്ടിയ ജീവിതമാണ് എന്റേത്. അതുകൊണ്ടു മറ്റുള്ളവർക്കു നൻമ ചെയ്യണമെന്നു മാത്രമേ ആഗ്രഹമുള്ളൂ’’ എന്ന് ജ്യോതി പറയുമ്പോൾ നന്ദി വാക്കുകൾ മാത്രമാണ് അബൂബക്കറിന്റെ കുടുംബത്തിന് ഈ വലിയ മനസ്സിനോട് പറയാനുള്ളത്. 

അസുഖ ബാധിതനായതോടെയാണ് ഗൾഫിലെ ജോലി വിട്ട് അബൂബക്കർ നാട്ടിലേക്ക് മടങ്ങിയെത്തിയത്. വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയ മാത്രമായിരുന്നു ഡോക്ടർമാർ നിർദ്ദേശിച്ച ഏക പോംവഴി. എന്നാൽ ഇതിനായുള്ള ചിലവും യോജിച്ച വൃക്ക ലഭിക്കാനുള്ള ബുദ്ധിമുട്ടുകളും ഇവർക്ക് മുന്നിൽ വിലങ്ങുതടിയായപ്പോഴാണ് രക്ഷകയായി ജ്യോതി എത്തിയത്. ചികിത്സാചിലവ് നാട്ടുകാർ ചേർന്ന് സമാഹരിച്ചു നൽകുകയും ചെയ്തു.

തിരുനാവായ കൃഷിഭവനിൽ അഗ്രിക്കൾച്ചർ അസി. ഓഫിസറാണ് ജ്യോതി. 2014ൽ വൃക്കദാനം ചെയ്ത കലശമല ആര്യലോക് അതീന്ദ്രിയ ഗുരുകുലം ആൻഡ് ആശ്രമം ചാരിറ്റബിൾ ട്രസ്റ്റ് സ്ഥാപകനും ഗുരുവുമായ ആര്യമഹർഷിയാണ് അവയവദാനത്തിനു ജ്യോതിക്കു പ്രചോദനം. ആര്യമഹർഷിയുടെ ഭാര്യ സിമിയും 2014ൽ വൃക്കദാനം ചെയ്തിരുന്നു. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com