സാഹസികചാട്ടത്തിനിടെ അപകടം; മലമുകളില്‍ നിന്ന് തലയിടിച്ച് വീണ യുവാവിന് ഗുരുതര പരിക്ക്, നടുക്കുന്ന വീഡിയോ

മലമുകളില്‍ നിന്നുള്ള സാഹസികച്ചാട്ടത്തിനിടെ സാങ്കേതികപ്പിഴവ് മൂലം പാറക്കെട്ടുകളിലേക്ക് തലയിടിച്ച് വീഴുന്ന ഒരു യുവാവിന്റെ ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നത്.
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

സാഹസികമായ പലതരം വിനോദങ്ങളിലും ആളുകള്‍ ഏര്‍പ്പെടാറുണ്ട്. അപകടം കുറഞ്ഞ പാരാ ഗ്ലൈഡിങ് പോലെയുള്ള ചില ഗെയിമുകളിലെല്ലാം സാധാരണ ആളുകളും താല്‍പര്യം പ്രകടിപ്പിക്കാറുണ്ട്. എന്നാല്‍ ഭീമാകാരമായ കൊടുമുടികളില്‍ നിന്നും ചാടുക, വലിയ വെള്ളച്ചാട്ടത്തില്‍ നീന്തുക തുടങ്ങിയ ചില സാഹസിക പ്രവര്‍ത്തനങ്ങളില്‍ തല്‍പരരായ ആളുകളുമുണ്ട്.

അസാമാന്യ ധൈര്യവും കായികക്ഷമതയും ഉള്ള ആളുകളാണ് സാധാരണയായി ഇത്തരം പ്രവൃത്തികളില്‍ ഏര്‍പ്പെടുക. ഇങ്ങനെയുള്ള സംഭവങ്ങളില്‍ അപകടം സംഭവിക്കുന്ന വാര്‍ത്തകള്‍ നമ്മള്‍ അധികം കേള്‍ക്കാറുമില്ല. എന്നാല്‍ കഴിഞ്ഞ ദിവസം ഇറ്റലിയില്‍ നിന്നും പുറത്തുവന്ന ഒരു അപകടദൃശ്യം നടുക്കുന്നതാണ്. 

മലമുകളില്‍ നിന്നുള്ള സാഹസികച്ചാട്ടത്തിനിടെ സാങ്കേതികപ്പിഴവ് മൂലം പാറക്കെട്ടുകളിലേക്ക് തലയിടിച്ച് വീഴുന്ന ഒരു യുവാവിന്റെ ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നത്. ഇറ്റലിയിലെ ട്രെന്റോയിലെ മോന്റെ ബ്രെന്റോ മലയിടുക്കില്‍ സാഹസിക പ്രകടനത്തിനെത്തിയ യുവാവിനാണ് ഗുരുതര പരിക്കേറ്റത്. കഴിഞ്ഞ ദിവസം നടന്ന അപകടത്തിന്റെ ദൃശ്യങ്ങള്‍ വന്നതോടെയാണ് സംഭവം പുറം ലോകമറിയുന്നത്.

നിരവധി മലയിടുക്കുകളില്‍ സാഹസിക പ്രകടനം നടത്തി പ്രസിദ്ധനായ കാള്‍ എന്ന യുവാവിനാണ് ഗുരുതര പരിക്കേറ്റത്. വിങ് സ്യൂട്ടുമായി കൈകളില്‍ ഘടിപ്പിച്ച ക്യാമറയുമായി മലയിടുക്കിലേക്ക് കാള്‍ ചാടുകയായിരുന്നു. എന്നാല്‍ വിങ്‌സ്യൂട്ട് പ്രവര്‍ത്തിക്കാതെ വന്നതോടെ കാള്‍ പരിഭ്രാന്തനാവുന്നതും പാരച്യൂട്ട് തുറക്കാന്‍ ശ്രമിക്കുന്നതും ദൃശ്യങ്ങളില്‍ കാണാം. പാരച്യൂട്ട് തുറക്കാന്‍ താമസം നേരിട്ടതോടെയാണ് യുവാവ് വന്‍ അപകടത്തില്‍പ്പെട്ടത്. 

പാരച്യൂട്ടിന്റെ വള്ളികള്‍ പിടിച്ച് തുറക്കാന്‍ ശ്രമിക്കുന്ന ദൃശ്യങ്ങള്‍ കൈകളില്‍ ഘടിപ്പിച്ച ക്യാമറയിലാണ് അപകട ദൃശ്യങ്ങള്‍ പതിഞ്ഞത്. വന്‍പാറക്കെട്ടുകളിലേക്ക് കാലുകള്‍ ഇടിച്ച് ഇറങ്ങാനുള്ള ശ്രമങ്ങള്‍ പാളിപ്പോയതിന് പിന്നാലെ പാരച്യൂട്ടിന്റെ നിയന്ത്രണം നഷ്ടമായി കാള്‍ മലയിടുക്കിലേക്ക് വീഴുകയായിരുന്നു. പാരച്യൂട്ട് പൂര്‍ണമായി നിവരാതെ വന്നതോടെയാണ് അപകടമുണ്ടായത്. 

പകുതി തുറന്ന പാരച്യൂട്ടുമായി പാറകളില്‍ പിടിച്ച് കയറാന്‍ ശ്രമിക്കുന്ന കാള്‍ വേദന മൂലം നിലവിളിക്കുന്ന ദൃശ്യങ്ങള്‍ കഴിഞ്ഞ ദിവസമാണ് പുറത്ത് വന്നത്. ഇയാളെ പിന്നീട് വിമാനമാര്‍ഗം ആശുപത്രിയിലെത്തിച്ചു. തലനാരിഴയക്കാണ് യുവാവ് രക്ഷപ്പെട്ടതെന്ന് രക്ഷാപ്രവര്‍ത്തനം നടത്തിയവര്‍ പറയുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com