മരിച്ചെന്ന് പറഞ്ഞ് ഡോക്ടര്‍മാര്‍ കുപ്പയില്‍ തള്ളിയ കുഞ്ഞ്, അതിജീവനം; ഇന്ന് 'കോന്‍ ബനേഗ ക്രോര്‍പതി' വിജയി

ജനിച്ച മിനിറ്റുകള്‍ക്ക് ശേഷം ഡോക്ടര്‍മാരില്‍ നിന്നുണ്ടായ അവഗണന ശാരീരിക പ്രശ്‌നങ്ങളായി ഇന്നും അവളെ വേട്ടയാടുകയാണ്
മരിച്ചെന്ന് പറഞ്ഞ് ഡോക്ടര്‍മാര്‍ കുപ്പയില്‍ തള്ളിയ കുഞ്ഞ്, അതിജീവനം; ഇന്ന് 'കോന്‍ ബനേഗ ക്രോര്‍പതി' വിജയി

ഉന്നവോ; ജനിച്ചപ്പോഴെ കുഞ്ഞ് മരിച്ചുപോയെന്ന് പറഞ്ഞ് ഡോക്ടര്‍മാര്‍ അവളെ മാലിന്യക്കൂനയില്‍ തള്ളിയതാണ്. പക്ഷേ ഡോക്ടര്‍മാരുടെ വിധിയെഴുത്തില്‍ തീരാനുള്ളതായിരുന്നില്ല അവളുടെ ജീവിതം. ബന്ധുക്കള്‍ അവളുടെ കുഞ്ഞു ശരീരത്തില്‍ ജീവന്റെതുടിപ്പ് തിരിച്ചറിഞ്ഞത് കുപ്പത്തൊട്ടിയില്‍ നിന്ന് അവളെ ജീവിതത്തിലേക്ക് എത്തിച്ചു. എന്നാല്‍ ജനിച്ച മിനിറ്റുകള്‍ക്ക് ശേഷം ഡോക്ടര്‍മാരില്‍ നിന്നുണ്ടായ അവഗണന ശാരീരിക പ്രശ്‌നങ്ങളായി ഇന്നും അവളെ വേട്ടയാടുകയാണ്. 29 വര്‍ഷങ്ങള്‍ക്ക് ശേഷം രാജ്യത്തിന് തന്നെ മാതൃകയായി മാറുകയാണ് ആ പെണ്‍കുട്ടി. 

പറയുന്നത് രാജ്യത്തെ ഏറ്റവും വലിയ റിയാലിറ്റി ഷോ ആയ 'കോന്‍ ബനേഗ ക്രോര്‍പതി'യിലെ വിജയിയായ ഉത്തര്‍പ്രദേശ് സ്വദേശിയായ നൂപുര്‍ സിങ്ങിനെക്കുറിച്ചാണ്.  അമിതാഭ് ബച്ചന്‍ അവതാരകനായി എത്തുന്ന റിയാലിറ്റി ഷോയില്‍ നിന്ന് 12.5 ലക്ഷം രൂപയാണ് നൂപുര്‍ സ്വന്തമാക്കിയത്. 12 ചോദ്യങ്ങള്‍ക്കാണ് ഉത്തരം നല്‍കിയത്.

ഉന്നവോ ജില്ലയിലെ ബിഗപൂര്‍ സ്വദേശിയായ കര്‍ഷകന്‍ രാംകുമാറിന്റേയും കല്‍പന സിങ്ങിന്റെയും മകളാണ് നൂപുര്‍. തന്റെ ശാരീരിക അവശതകളെ കണക്കിലെടുക്കാതെ പഠനത്തില്‍ മികവു പുലര്‍ത്തിയതാണ് നൂപുറിന്റെ വിജയത്തിന് കാരണമായത്. ബിഎഡ് പൂര്‍ത്തിയാക്കിയ ഇവര്‍ ഇന്ന് അധ്യാപികയാണ്. കൂടാതെ പത്താം ക്ലാസ് വിദ്യാര്‍ത്ഥികളെ സൗജന്യമായി പഠിപ്പിക്കുന്നുണ്ട്. 

മുന്‍പ് ടിവിയില്‍ റിയാലിറ്റി ഷോ കാണുമ്പോള്‍ അതില്‍ ചോദിക്കുന്ന ചോദ്യങ്ങള്‍ക്കെല്ലാം ശരിയായ ഉത്തരം പറയാന്‍ നൂപുറിന് കഴിയുമായിരുന്നു. അങ്ങനെ വീട്ടുകാരുടെ നിര്‍ബന്ധത്തിലാണ് ക്രോര്‍പതിയില്‍ മത്സരാര്‍ത്ഥിയായി എത്തുന്നത്. മകള്‍ റിയാലിറ്റി ഷോയില്‍ വിജയിച്ചതില്‍ സന്തോഷമുണ്ട് എന്നാണ് അമ്മ പറയുന്നത്. തന്നെ ഈ അവസ്ഥയിലാക്കിയ ഡോക്ടര്‍മാരോട് മകള്‍ക്ക് യാതൊരു ദേഷ്യവുമില്ലെന്നും ഇത് തന്റെ വിധിയാണെന്നാണ് അവള്‍ പറയാറുള്ളതെന്നും കല്‍പ്പന കൂട്ടിച്ചേര്‍ത്തു. കോന്‍ ബനേഗ ക്രോര്‍പതി വിജയിച്ചതോടെ ഗ്രാമത്തിലെ താരമായിരിക്കുകയാണ് നൂപുര്‍. നിരവധി പേരാണ് നൂപുറിനെ കാണാന്‍ വീട്ടില്‍ എത്തുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com