ആദ്യമായി ഒരു ഉദ്യോഗസ്ഥന്‍ എത്തിയതിന്റെ സന്തോഷം, അതും 15 കിലോമീറ്റര്‍ നടന്നു മല കയറി; ട്രോളിയില്‍ ഇരുത്തി മല ചുറ്റിക്കാണിച്ച് ഗ്രാമവാസികള്‍, ഗംഭീര സ്വീകരണം (ചിത്രങ്ങള്‍)

വടക്കുകിഴക്കന്‍ സംസ്ഥാനമായ മിസോറാമിലെ വിദൂരഗ്രാമത്തില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥന് നല്‍കിയ ഗംഭീര സ്വീകരണത്തിന്റെ വാര്‍ത്തയാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ നിറയുന്നത്
ആദ്യമായി ഒരു ഉദ്യോഗസ്ഥന്‍ എത്തിയതിന്റെ സന്തോഷം, അതും 15 കിലോമീറ്റര്‍ നടന്നു മല കയറി; ട്രോളിയില്‍ ഇരുത്തി മല ചുറ്റിക്കാണിച്ച് ഗ്രാമവാസികള്‍, ഗംഭീര സ്വീകരണം (ചിത്രങ്ങള്‍)

ഐസ്വാള്‍: ആദ്യമായാണ് ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ അവരുടെ ഗ്രാമത്തില്‍ എത്തിയത്. അതുകൊണ്ട് തന്നെ ഉദ്യോഗസ്ഥന് ഗംഭീര സ്വീകരണം നല്‍കി. ഇത് ഇന്ത്യയില്‍ തന്നെയാണോ എന്ന സംശയം തോന്നാം. എന്നാല്‍ ഇത് ഇവിടെ തന്നെയാണ് സംഭവിച്ചത്.

വടക്കുകിഴക്കന്‍ സംസ്ഥാനമായ മിസോറാമിലെ വിദൂരഗ്രാമത്തില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥന് നല്‍കിയ ഗംഭീര സ്വീകരണത്തിന്റെ വാര്‍ത്തയാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ നിറയുന്നത്. ഡെപ്യൂട്ടി കമ്മീഷണര്‍ ഭൂപേഷ് ചൗധരിയാണ് ഐസ്വോളില്‍ നിന്ന് 400 കിലോമീറ്റര്‍ അകലെയുളള ഗ്രാമത്തില്‍ എത്തിയത്. 400 പേരാണ് ഈ ഗ്രാമത്തില്‍ താമസിക്കുന്നത്. കൃഷിയാണ് മുഖ്യ ആശ്രയം.

15 കിലോമീറ്റര്‍ മല കയറിയാണ് ഇദ്ദേഹം ഇവിടെ എത്തിയത്. അതുകൊണ്ട് തന്നെ ഗ്രാമത്തില്‍ ആദ്യമായി എത്തിയ സര്‍ക്കാര്‍ ഉദ്യോഗസ്ഥന് ഗ്രാമവാസികള്‍ ഗംഭീര സ്വീകരണമാണ് നല്‍കിയത്. പൂക്കളും മറ്റും നല്‍കിയാണ് സ്വീകരിച്ചത്. ഗ്രാമം മുഴുവന്‍ കാണിക്കാനായി ട്രോളി നിര്‍മ്മിച്ച് അതില്‍ ഇരുത്തി ഗ്രാമവാസികള്‍ പ്രദേശം മുഴുവന്‍ ചുറ്റികാണിച്ചു. സ്ഥലം കാണാനെത്തിയ പ്രതീതിയാണ് ഗ്രാമവാസികള്‍ ഉദ്യോഗസ്ഥന് ഒരുക്കി നല്‍കിയത്.

സിയാ ജില്ലയിലെ ഈ വിദൂര ഗ്രാമത്തില്‍ ജനങ്ങള്‍ ഓരോ ദിവസവും അനുഭവിക്കുന്ന ബുദ്ധിമുട്ടുകള്‍ നേരിട്ടു മനസ്സിലാക്കാന്‍ സാധിച്ചുവെന്ന് ഭൂപേഷ് ചൗധരി ട്വിറ്ററില്‍ കുറിച്ചു. ഗ്രാമവാസികള്‍ നല്‍കിയ ഊഷ്മള വരവേല്‍പ്പിന്റെ ചിത്രങ്ങള്‍ സഹിതമാണ് ട്വീറ്റ്. പ്രധാനമന്ത്രി ഗ്രാം സഡക് യോജനയുമായി സഹകരിച്ച് പ്രവര്‍ത്തിക്കുന്ന ഉദ്യോഗസ്ഥനാണ് ഭൂപേഷ് ചൗധരി. വിദൂര ഗ്രാമങ്ങളെ മുഖ്യധാരയുമായി ബന്ധിപ്പിച്ചു കൊണ്ട് റോഡ് നിര്‍മ്മിക്കാന്‍ ലക്ഷ്യമിട്ടുളളതാണ് ഈ പദ്ധതി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com