ഒരു പത്തുവയസ്സുകാരി കണ്ട സ്വപ്നം, നാവികസേനയിലെ ആദ്യ വനിതാ പൈലറ്റായി പറന്നുയർന്ന് ശിവാംഗി 

രാജ്യത്തിന്‍റെ അഭിമാനം വാനോളം ഉയര്‍ത്തി നാവികസേനയുടെ ആദ്യ വനിതാ പൈലറ്റ് ആയി സബ് ലെഫ്റ്റനന്‍റ് ശിവാംഗി ചുമതലയേറ്റു
ചിത്രം: പിടിഐ
ചിത്രം: പിടിഐ

രു മന്ത്രി ഹെലികോപ്റ്ററിൽ പറന്നിറങ്ങുന്നത് കാണാൻ മുത്തച്ഛനോടൊപ്പം എത്തിയതാണ് കുഞ്ഞു ശിവാംഗി. അന്ന് അവിടെ കൂടിയവരെല്ലാം ഹെലികോപ്റ്ററിൽ നിന്നിറങ്ങിയ മന്ത്രിയെയാണ് ശ്രദ്ധിച്ചതെങ്കിൽ ആ 10വയസ്സുകാരി മാത്രം കണ്ടത് കോപ്റ്ററിലെ പൈലറ്റിനെയായിരുന്നു. അന്ന് മനസ്സിൽ കുറിച്ചതാണ്  ഒരു ദിവസം താനും ഇതുപോലൊന്നു പറത്തുമെന്ന്. പത്താം വയസ്സിൽ കണ്ട ആ സ്വപ്നം സാക്ഷാത്കരിക്കാനാണ് എംടെക് പാതിവഴിയിൽ ഉപേക്ഷിച്ച് ശിവാംഗി നാവികസേനയിൽ ചേർന്നത്. 

ഇന്നലെ ദക്ഷിണ നാവിക കമാൻഡ് ആസ്ഥാനത്ത് ‘ഡോർണിയർ കൺവേർഷൻ’ കോഴ്സ് പൂർത്തിയാക്കി ശിവാം​ഗി ആ സ്വപ്നത്തിലേക്ക് പറന്നടുത്തു. രാജ്യത്തിന്‍റെ അഭിമാനം വാനോളം ഉയര്‍ത്തി നാവികസേനയുടെ ആദ്യ വനിതാ പൈലറ്റ് ആയി സബ് ലെഫ്റ്റനന്‍റ് ശിവാംഗി ചുമതലയേറ്റു. 

സ്കൂൾ പ്രിൻസിപ്പലായ ഹരിഭൂഷൺ സിങ്ങിന്റെയും പ്രിയങ്കയുടെയും മകളാണു ബിഹാർ മുസഫർപുർ സ്വദേശി ശിവാംഗി. കഴിഞ്ഞ വർഷം ജയ്പുർ മാൾവിയ നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ എംടെക് വിദ്യാർഥിയായിരിക്കെ ആണ് ശിവാംഗി നാവികസേനയിൽ ചേരുന്നത്. പഠനം ഉപേക്ഷിച്ച് വിമാനം പറപ്പിക്കാനുള്ള മകളുടെ തീരുമാനത്തിനൊപ്പം കൂടുകയായിരുന്നു മാതാപിതാക്കളും. 

ഏഴിമല നാവിക അക്കാദമിയിൽ ആറ് മാസത്തെ കോഴ്സ് പൂർത്തിയാക്കിയതിന് ശേഷം ശിവാം​ഗി തെലങ്കാന ഡുണ്ടിഗലിലെ എയർഫോഴ്സ് അക്കാദമിയിലും ദക്ഷിണ നാവിക കമാൻഡിലെ ഐഎൻഎഎസ് 550ലുമായി ഒരു വർഷത്തെ പറക്കൽ പരിശീലനം നേടി. പൈലറ്റായി ചുമതലയേറ്റെങ്കിലും ഇനി മൂന്നാം ഘട്ട പരിശീലനം കൂടി ശിവാംഗിയ്ക്ക് പൂര്‍ത്തിയാക്കേണ്ടതുണ്ട്. നാവികസേനയുടെ നിരീക്ഷണവിമാനമായ ഡോണിയര്‍ ആയിരിക്കും ശിവാംഗി പറത്തുക. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com