'എന്റെ കുട്ടിക്ക് ഇപ്പോള്‍ നടക്കാന്‍ പോലും വയ്യ'; കൂടപ്പിറപ്പുകള്‍ക്ക് വേണ്ടി അച്ഛന്റെ പീഡനം സഹിക്കേണ്ടി വന്ന മകള്‍; തടുക്കാനാകാതെ അമ്മ; തുറന്ന് പറഞ്ഞ് ഡോക്ടറുടെ കുറിപ്പ്

അഞ്ചാമത്തെ കുട്ടിയെ വയറ്റില്‍ ചുമക്കുന്ന സമയത്താണ് തന്റെ പത്തില്‍ പഠിക്കുന്ന മോള്‍ക്ക് അനുഭവിക്കേണ്ടി വരുന്ന ശാരീരിക പീഡനങ്ങളെക്കുറിച്ചു അവള്‍ക്കു ബോധ്യം വരുന്നത്
'എന്റെ കുട്ടിക്ക് ഇപ്പോള്‍ നടക്കാന്‍ പോലും വയ്യ'; കൂടപ്പിറപ്പുകള്‍ക്ക് വേണ്ടി അച്ഛന്റെ പീഡനം സഹിക്കേണ്ടി വന്ന മകള്‍; തടുക്കാനാകാതെ അമ്മ; തുറന്ന് പറഞ്ഞ് ഡോക്ടറുടെ കുറിപ്പ്

ദിവസേനെ നിരവധി ലൈംഗിക പീഡന വാര്‍ത്തകളാണ് മാധ്യമങ്ങളില്‍ നിറയുന്നത്. വാര്‍ത്തകളുടെ പെരുപ്പത്തിലും സ്ത്രീകള്‍ക്കെതിരായ ആക്രമണത്തിന് യാതൊരു കുറവുമില്ല. അതിനിടെ ആദ്യ ഭര്‍ത്താവിലെ മക്കളെ പീഡിപ്പിക്കുകയാണ് ഭര്‍ത്താവ് എന്നറിഞ്ഞിട്ടും അയാള്‍ക്കെതിരെ പരാതിപ്പെടാനാകാതെ നിസ്സഹായയായ വീട്ടമ്മയുടെ അനുഭവങ്ങള്‍ പങ്കുവെച്ച ഡോക്ടറുടെ കുറിപ്പ് സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധേയമാകുന്നു.  ഡോ. അശ്വതി സോമനാണ് കുറച്ചു കാലങ്ങള്‍ക്കു മുമ്പ് മഞ്ചേരിയില്‍ വെച്ചു നേരിട്ടറിഞ്ഞ ഒരു അമ്മയുടെ അനുഭവം ഫേസ്ബുക്കില്‍ കുറിച്ചത്.

ഡോക്ടര്‍ അശ്വതി സോമന്റെ ഫേസ്ബുക്ക് കുറിപ്പ്:

#അനുഭവക്കുറിപ്പ് #11 #വിശപ്പാണ് ചോരയുടെ നിറം

'ഒരുനേരത്തെ ഭക്ഷണത്തിന് വേണ്ടി പട്ടിണി കിടക്കുമ്പോഴും സമാധാനിച്ചത് വൈകുന്നേരം നാല് കാലില്‍ വന്നാലും തന്റെ 5 മക്കള്‍ക്ക് ഭക്ഷണം കൊടുക്കുന്ന ഒരു ഭര്‍ത്താവുണ്ടല്ലോ എന്നാണ്. എന്നാല്‍ അയാള്‍ പത്തില്‍ പഠിക്കുന്ന എന്റെ ആദ്യ ഭര്‍ത്താവിലെ മോളെ പീഡിപ്പിക്കുകയാണെന്നു അറിയില്ലായിരുന്നു മേഡം. അറിഞ്ഞിട്ടും ഞാന്‍ മിണ്ടാതെ നിന്നു. പഠിപ്പോ വിവരവോ ഇല്ല. സഹായത്തിന് പോലും ആരും ഇല്ല. ഞാനെങ്ങനെ അയാള്‍ക്കെതിരെ കേസ് കൊടുക്കും? കേസ് കൊടുത്താല്‍ ഏമാന്മാര്‍ അയാളെ കൊണ്ടോകും, അവളുടെ താഴെയുള്ള 4 കുട്ടികളുടെ വിശന്ന് തളര്‍ന്നുറങ്ങുന്ന മുഖം കാണാന്‍ വയ്യ മാഡം. 3 മാസവും, 1.5 വയസും ഉള്ള കൊച്ചിനെ അങ്കണവാടിയില്‍ വിടാന്‍ പോലും പറ്റില്ല. അവരെ വെച്ചു എന്തു ജോലിയാ ഞാന്‍ ചെയ്യുക.അയാള്‌ടെ മക്കളെ അയാള്‍ ഒന്നും ചെയ്യാറില്ല. പക്ഷേ ഇവളും ന്റെ മോള്‍ തന്നെയല്ലേ. ന്റെ കുട്ടിക്ക് നടക്കാന്‍ പോലും വയ്യ ഇപ്പോ.ഇനി സഹിക്കാന്‍ വയ്യാത്തത് കൊണ്ടാണ് ഇപ്പൊ കേസ് കൊടുത്തത്.'

കുറച്ചു കാലങ്ങള്‍ക്കു മുമ്പ് മഞ്ചേരിയില്‍ വെച്ചു നേരിട്ടറിഞ്ഞ ഒരു അമ്മയുടെ പൊള്ളുന്ന യാഥാര്‍ഥ്യമാണ് ഇത്.

****************************************************
ഏതാണ്ട് 1വര്‍ഷത്തിന്റെ അടുത്തു പഴക്കം വരും ഈ അനുഭവത്തിന്. ഇടക്ക് മനസ്സില്‍ എന്നെ ഒന്നിനും കൊള്ളില്ല എന്ന തോന്നലോ ജീവിതത്തിന്റെ കഷ്ടപ്പെടലുകളോ പരിഹാസങ്ങളോ കാരണം ഞെരിഞ്ഞമരുമ്പോള്‍ ചുമ്മാ നമ്മുടെ നാട്ടുകാരുടെ ഇടയിലേക്ക് ഇറങ്ങി ചെല്ലാറുണ്ട്. നിര്‍ഭയയില്‍ സ്വന്തം വീട്ടില്‍ പോലും അരക്ഷിതാവസ്ഥ നിറഞ്ഞു നില്‍ക്കുന്നവരെ അടുത്തറിയുമ്പോള്‍ എന്റെ ഏതു പ്രശ്‌നങ്ങളും ഉരുകി ഇല്ലാതാകുന്നതും ഞാന്‍ അറിയാറുണ്ട്. അങ്ങനെ സ്വന്തം പ്രശ്‌നങ്ങളില്‍ നിന്നുള്ള ഒരു ഒളിച്ചോട്ട ചര്‍ച്ചയില്‍ ആണ് ഇവരെ കുറിച്ചു അറിഞ്ഞത്.

തത്കാലം അവളെ ലക്ഷ്മി എന്നു വിളിക്കാം.5ക്ലാസ്സ് വരെ പഠിച്ചു, ഏകദേശം 15 വയസ്സോടെ കല്യാണം കഴിഞ്ഞു 3 വയസ്സു വ്യത്യാസത്തില്‍ രണ്ടു പെങ്കൊച്ചുങ്ങളുമായി ജീവികുന്നതിന് ഇടയിലാണ് ആദ്യ ഭര്‍ത്താവ് ആകസ്മികമായി ഉണ്ടായ ആക്‌സിഡന്റില്‍ മരിക്കുന്നത്. വീട്ടില്‍ അടക്കപ്പെട്ട ഒരു ജീവിതവുമായി ആണ് അവള്‍ പിന്നെ കഴിഞ്ഞത് .മകള്‍ക്കു 10, 7ഉം വയസ്സായെങ്കിലും വെളുത്തു മെലിഞ്ഞ് സുന്ദരിയായ അവളെ സ്‌നേഹിക്കാന്‍ ഒരാള്‍ വന്നത് അവള്‍ക്കു ആശ്വാസമായിരുന്നു.

താന്‍ ഇനിയും സ്‌നേഹിക്കപ്പെടാന്‍ അര്‍ഹയാണെന്നുള്ള തിരിച്ചറിവ് അവള്‍ക്കു ജീവിക്കാന്‍ ഒരു ധൈര്യം നല്‍കി. വീട്ടുകാരുടെ പുസ്തകത്തിലെ തെറ്റില്‍ നിന്നു അവളുടെ ശരിയിലേക്കു അങ്ങനെ 2 മക്കളോടൊപ്പം അവള്‍ ഒളിച്ചോടി. അവരുടെ ജീവിതവും ആദ്യമൊക്കെ വളരെ നല്ല രീതിയില്‍ തന്നെയായിരുന്നു. ഭര്‍ത്താവു കുറച്ചു കുടിക്കും എന്നതൊഴിച്ചു ഒരു അല്ലലും ഇല്ല. ഈ സാക്ഷര കേരളത്തില്‍ കുടിക്കാത്ത ഭര്‍ത്താക്കന്മാരോ? അതൊക്കെ ഒരു തെറ്റാണോ? എന്തായാലും അവര്‍ക്ക് 3 കുട്ടികള്‍ കൂടി പിറന്നു.

5മത്തെ കുട്ടിയെ വയറ്റില്‍ ചുമക്കുന്ന സമയത്താണ് തന്റെ പത്തില്‍ പഠിക്കുന്ന മോള്‍ക്ക് അനുഭവിക്കേണ്ടി വരുന്ന ശാരീരിക പീഡനങ്ങളെക്കുറിച്ചു അവള്‍ക്കു ബോധ്യം വരുന്നത്. അയാളുടെ ഉദ്ദേശശുദ്ധിയെ കുറിച്ചു യാതൊരു തെറ്റിദ്ധാരണയും ഇല്ലാതിരുന്ന അവള്‍ക്കു പക്ഷേ അതു സഹിക്കാന്‍ ആവുന്നതല്ലായിരുന്നു. ഒരുപാട് കെഞ്ചി പറഞ്ഞു നോക്കി. തെറ്റി പിരിഞ്ഞു ഒരു അകന്നബന്ധുവിന്റെ അടുത്തു പോയപ്പോള്‍ അയാള്‍ക്ക് അതും സുഖം.കുട്ടിയെ ഒറ്റക്ക് കിട്ടിയല്ലോ.ഒച്ചവെച്ചു നാട്ടുകാരെ അറിയിച്ച് ഉള്ള മാനവും പോകുന്ന അവസ്ഥയായി.കൂടാതെ കൂലിപ്പണിക്കാരന് എല്ലാ ദിവസവും എവിടെ പണി.ഈ കഥ കുറച്ചു പേര്‍ അറിഞ്ഞപ്പോള്‍ അവന്‍ ഒരു പാഠം പഠിക്കട്ടെ ,കുടി നിര്‍ത്തട്ടെ എന്ന് കരുതി അവരും ജോലി കൊടുക്കാതായി .വൈകാതെ കുടുംബം പട്ടിണിയിലും ആയി.

ആവറേജിലും below IQ ഉള്ള ഇവരോട് സാമ്പത്തിക ഭദ്രതയെ കുറിച്ചും, ഭാവിയിലേക്കുള്ള ഇന്‍വെസ്റ്റിമെന്റിനെ കുറിച്ചൊക്കെ പറഞ്ഞിട്ടു എന്ത് കാര്യം. കുടുംബം പട്ടിണിയായി. അമ്മക്ക് പ്രസവവും അടുത്തു. മൂത്ത കുട്ടിയുടെ പഠിത്തം മുടക്കേണ്ട എന്ന് കരുതി വീട്ടില്‍ തന്നെ ആക്കി. അങ്ങനെ ഒന്നും ചെയ്യാന്‍ പറ്റാത്ത അവസ്ഥ.

പ്രസവം കഴിഞ്ഞു വീട്ടില്‍ വന്നപ്പോഴേക്കും മറ്റുള്ളവരുടെ സംസാരത്തില്‍ നിന്നു കേസ് കൊടുക്കണം എന്നു വിചാരിച്ചതാണ്.പക്ഷേ അപ്പോഴേക്കും ഭര്‍ത്താവിന്റെ സ്‌നേഹ സംസാരത്തില്‍ വീണു പോയി.. കുമ്പസാരം എന്നു വേണം പറയാന്‍. എനിക്ക് സ്വന്തം മക്കളോട് ഒന്നും തൊന്നുന്നില്ലല്ലോ . എല്ലാവരെയും അയാള്‍ പൊന്നു പോലെ നോക്കുന്നും ഉണ്ടല്ലോ എന്നു. അതുകൊണ്ടു മൂത്ത കുട്ടിയുടെ അടുത്ത് നടന്നതൊക്കെ മറക്കാന്‍. ഇവളോടും പുതിയ വാവയോടും ഒക്കെ സ്‌നേഹം തന്നെ. പിന്നെ 15 വയസ്സുകാരിയുടെ അച്ചടക്ക കുറവും മാത്രമായി കാരണം. അയാള്‍ ഈ കേസില്‍ അകത്തു പോയാല്‍ ഇവള്‍ക്ക് സംഭവിക്കാവുന്ന മാനഹാനിയും, പട്ടിണിയും എല്ലാം കൊണ്ടു ഒരു ബ്രെയിന്‍ വാഷ്, വിജയിച്ച ഒരു കുതന്ത്രം. 5കഌസ് വിവരവും, ചെറിയ ബുദ്ധിയും ,ആരും തുണയുമില്ലാത്ത 'തുല്യത' എന്ന വാക്ക് പോലും കേള്‍ക്കാത്ത ആ പാവത്തിന് അപ്പോഴും ഒന്നും ചെയ്യാന്‍ കഴിഞ്ഞില്ല.

സ്വന്തം വീട്ടില്‍ വെച്ചു, അമ്മയുടെ മൗനാനുവാധത്തോടെ സ്വന്തം കൂടപ്പിറപ്പുകള്‍ക്കു വേണ്ടി, അച്ഛനാല്‍ അവള്‍ പലപ്പോഴായി പീഡിപ്പിച്ചു കൊണ്ടേയിരുന്നു. അവളോടുള്ള മത്ത് മാറി അവളുടെ അനിയത്തിയുടെ നേര്‍ക്കു തിരിഞ്ഞതോടെ ചേച്ചിക്ക് ബുദ്ധി വെച്ചു. വേച്ചു വേച്ചു നടക്കുന്ന അവള്‍ എല്ലാവരോടും എല്ലാം പറയും എന്നും, മരിക്കാന്‍ പോകുകയാണെന്നും, പറഞ്ഞു സ്വന്തം അമ്മയെ കെട്ടിപിടിച്ചു കരഞ്ഞു കൊണ്ടേയിരുന്നു. അവസാനം ആ അമ്മ മനസ്സിലും വല്ലാത്ത നീറ്റല്‍ കാരണം ചൈല്‍ഡ് ലൈനിലും , cwc യിലും കേസ് കൊടുത്തു. അയാള്‍ പൊലീസ് പിടിയിലും ആയി.

കഥ ഇവിടെ ശുഭ പര്യവസായി ആകാന്‍ ഇതു സിനിമ അല്ലല്ലോ.. ജീവിതമല്ലേ.. ലേ

താങ്ങാന്‍ ആരും ഇല്ല. 3മാസവും, 1 വയസ്സും 2 മാസവും , 3 വയസ്സും, 12ഉം ,15ഉം വയസ്സുള്ള 5 കുട്ടികളും ഒരു പെറ്റ വയറും. ഇതു നിറക്കാന്‍ ഈ പറയുന്ന കേസൊ കൂട്ടോ ഒന്നിനും പറ്റില്ലല്ലോ. പിന്നെ തന്നെ ജീവന് തുല്യം സ്‌നേഹിച്ച ഭര്‍ത്താവില്ലാത്ത ഒറ്റപ്പെടലും , അരക്ഷിതാവസ്ഥയും. രണ്ടു കുട്ടികളെ സ്‌കൂളില്‍ അയക്കാന്‍ കാശ് വേണ്ടേ. ഒരു കുട്ടിയെ അങ്കണവാടിയിലും ആക്കി. പല ദിവസവും പട്ടിണി കിടന്നു. അയാളെ പൊലീസില്‍ പിടിപ്പിച്ചത് വല്യ ഒരു തെറ്റായി,കുറ്റബോധമായി. എരിയുന്ന വയര്‍ അണയാന്‍ ഒരു വഴിയും കണ്ടിരുന്നില്ല. മറ്റുള്ളവരോട് സഹായം ചോദിക്കാന്‍ തുടങ്ങി. ഇടക്കൊക്കെ വല്ലതും കിട്ടും. കൊച്ചു കുട്ടികളെ കൊണ്ടു ആരും ജോലിക്കു നിര്‍ത്തില്ല.

രണ്ടാമത്തെ കല്യാണവും, വീട്ടില്‍ നിന്നുള്ള ഒളിച്ചോട്ടവും അവളുടെ സ്വഭാവ സര്‍ട്ടിഫിക്കേറ്റു നിര്‍ണയത്തിന് മാത്രം സഹായിച്ചു. പിഴച്ചവളും, അവളുടെ പിഴച്ച മകളും നാട്ടുകാരില്‍ ചിലരുടെ ക്രൂര വിനോദങ്ങള്‍ക്കും, നോട്ടങ്ങള്‍ക്കും, സംസാരങ്ങള്‍ക്കും ഇരയായി എന്നു മാത്രം.

പലരും സഹായിച്ചു, ഞങ്ങളും. പറ്റുന്ന പോലെ ഒക്കെ സഹായിച്ചു. വാടക വീട്ടില്‍ നില്‍ക്കുന്ന ഇവരുടെ മുഴുവന്‍ ചിലവും എല്ലാര്‍ക്കും, എല്ലാക്കാലത്തും ചെയ്തു കൊടുക്കാവുന്ന ഒന്നല്ലല്ലോ. ജോലി എടുക്കാന്‍ പറ്റാത്ത സാഹചര്യത്തില്‍ അവര്‍ക്ക് റീഹാബിലിറ്റേഷന്‍ ക്ലാസ്സിലും കാര്യമില്ല. കുട്ടികളെ പല സ്ഥലത്താക്കി അവര്‍ക്ക് ജീവിക്കാനും പറ്റില്ല.......

ചില പൊള്ളുന്ന ജീവിതങ്ങള്‍ ഇങ്ങനെ ആണ്. ഞാന്‍ ചുറ്റിലും കാണുന്ന ഇതുപോലെ ഉള്ള പല ജീവിതങ്ങളില്‍ ഒന്ന് മാത്രമാണ് ഇതു. അതു കൊണ്ടു കുട്ടികളെ നോക്കാന്‍ വയ്യാതെ ചൈല്‍ഡ് ലൈനില്‍ ഏല്‍പ്പിച്ച ആ അമ്മ 'മിടുക്കി' .ഭക്ഷണം മറ്റുള്ളവര്‍ നല്‍കിയിട്ടും കുട്ടികള്‍ക്ക് കൊടുക്കാന്‍ മടി കാണിച്ചു എന്നു നാട്ടുകാര്‍ പറയുന്നു. സത്യം അറിയില്ല. കുട്ടികള്‍ മണ്ണ് തന്നത് വിശപ്പ് അകറ്റാന്‍ ആകാം അല്ലെങ്കില്‍ രക്തക്കുറവ് കാരണമോ നുട്രീഷ്യന്‍ കുറവ് കാരണമോ ആകാം. അവരുടെ നന്മയെ കരുതി നാട്ടുകാര്‍ ഇടപ്പെട്ട് കുട്ടികളെ രക്ഷിച്ചതും ,അതിന് അമ്മ എതിരു നിലക്കാതിരുന്നതും നല്ലതു തന്നെ.

അനുഭവങ്ങള്‍, ഇത്രക്ക് കാഠിന്യം ഉള്ളതലെങ്കിലും ഇനിയും പറയാനുണ്ട്. തന്റെ 3 കുട്ടികളെ ഒരു അനാഥാലയത്തില്‍ ആക്കി,കള്ളുകുടിയനും ഉപദ്രവകാരിയും ആയ ഭര്‍ത്താവില്‍ നിന്നു രക്ഷപെടാന്‍ ആയി എന്റെ വീട്ടില്‍ പണിക്കു നിന്ന ഒരു കൊച്ചുണ്ടായിരുന്നു. പ്രേമിച്ചു എന്ന ഒരു തെറ്റുമാത്രമേ ഇവര്‍ ചെയ്തിട്ടുള്ളൂ. ഒറ്റക്കുള്ള സ്ത്രീയുടെ അരക്ഷിതാവസ്ഥ അത്രക്ക് മനസ്സിലാകും എനിക്ക്.സ്വയം ഒരു സര്‍ക്കാര്‍ ജോലി കിട്ടി തിരുവനന്തപുരത്തു ട്രെയിനിങ് വന്നപ്പോള്‍ ,2.8ഉം ,9മാസവും ഉള്ള കുട്ടികളെ സുരക്ഷിതമായി 1ആഴ്ച താമസിപ്പിക്കുവാന്‍ ഗതിയില്ലാതെ,സ്ഥലമില്ലാതെ ഈ അനാഥാലയത്തില്‍ അന്തേവാസിയായി ഞാനും ,കുട്ടികളും ഇവര്‍ക്കോപ്പം താമസിച്ചിട്ടും ഉണ്ട്.experience എന്നു നല്ല പേരിട്ടു വിളിക്കാമെങ്കിലും ഉള്ളു പലപ്പോഴും പൊള്ളിയിട്ടുണ്ട് ജീവിതത്തെ അടുത്തെറിഞ്ഞപ്പോള്‍. പിന്നെ അഹങ്കാരി ആയതു കൊണ്ടു ഞാന്‍ അതു സഹിച്ചു.

ഇതുപോലെ ഉള്ള പല സംഭവങ്ങളും നമുക്ക് ചുറ്റും ഒരുപാട് ഉണ്ട്. ചുണ്ണാമ്പ് തേക്കുന്നത് നിര്‍ത്തി സ്വന്തം അയല്‍ക്കാരനെ ഒന്നു അന്വേഷിച്ചാല്‍ മതി.

കാണാം ഒരുപാട് ജീവിതങ്ങളെ.

പിന്നെ മുകളില്‍ പറഞ്ഞ കഥയിലെ അന്ത്യം... എല്ലാ ജീവിതത്തിലെയും പോലെ ജാമ്യം ലഭിച്ച പുരുഷന്‍, സ്‌നേഹമയനായ പുരുഷന്‍, അധ്വാനിച്ചു കുടുംബത്തെ പോറ്റുന്ന നാഥന്‍, തുണ,നെടും തൂണ് അവന്‍ തിരിച്ചു വന്നപ്പോള്‍ മൂത്ത കുഞ്ഞിനെ ആദ്യ ഭര്‍ത്താവിന്റെ വീട്ടില്‍ ആക്കി മറ്റു 4 കുഞ്ഞുങ്ങളോട് കൂടി അവര്‍ 'സുഖമായി' ജീവിക്കുന്നു.ആദ്യം കഷ്ടിച്ചു രക്ഷപെട്ട രണ്ടാമത്തെ മകളും അവര്‍ക്കൊപ്പം തന്നെ. നല്ല നടപ്പുള്ള പ്രതിപുരുഷനെ പൂര്‍ണമായി വിശ്വസിച്ചു സ്വന്തം ജീവിതം ഇത്, തന്റെ വിധി എന്നു വിശ്വസിച്ചു എല്ലാവരും ജീവിക്കുന്നു.

ചോരയുടെ നിറം വിശപ്പാണെന്ന് ഇങ്ങനെ പല കാരണങ്ങളാല്‍ ഞാന്‍ പഠിച്ചു

എന്റെ കൂടെ പണിക്കു നിന്നവളും, ആദ്യം കേസ് ഒക്കെ ഭര്‍ത്താവിന്റെ against കൊടുത്തെങ്കിലും ഒരു മാപ്പില്‍ എല്ലാം മറന്നു കുട്ടികളുമായി ജീവിക്കുന്നു. ഇടക്ക് അവരെ വീണ്ടും അനാഥാലയത്തില്‍ ആക്കി ജോലിയും തേടുന്നു.

ഇതൊക്കെ തന്നെ ഇനിയും ഇനിയും ചുറ്റും നടന്നു കൊണ്ടിരിക്കുന്നു. ചെറുപ്പം മുതല്‍ ആണിന് വേണ്ടി കാത്തിരിക്കുന്ന രാജകുമാരിമാരുടെ കഥകള്‍ മാത്രമുള്ള ഫെയറി ടെയ്ല്‍സും വായിച്ചു വളരുന്ന നമ്മുടെ സമൂഹവും ,പഠിക്കേണ്ടത് മനുഷ്യന് വേണ്ടുന്ന (സ്ത്രീക്കോ പുരുഷനോ ഭിന്നലിംഗകാര്‍ക്കോ എന്നല്ല) മനുഷ്യന് വേണ്ടുന്ന ഒരു സ്വാതന്ത്ര്യവും , സ്വയം നിലനിക്കാന്‍ കഴിവുള്ള ഒരു വ്യെക്തിത്വവും ഉണ്ട് എന്നതാണ്. അതു ചെറുപ്പം മുതല്‍ വളര്‍ത്തിയെടുക്കേണ്ടതിന്റെ അനിവാര്യത അതിന്റെ പാരമ്യത്തിലാണ് അതു ഓരോരുത്തരുടെയും ഉത്തരവാദിത്വമാണെന്നും പറഞ്ഞു കൊണ്ടു ഇനിയും ചുറ്റുപാടും നടക്കുന്ന പട്ടിണി മരണങ്ങള്‍ ഒഴിവാകട്ടെ എന്നു ആഗ്രഹിച്ചു കൊണ്ട് നിര്‍ത്തുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com