ബൈക്കിന്റെ ടയര്‍ മൂര്‍ഖന്റെ മുകളിലൂടെ കയറിയിറങ്ങി, രണ്ടു കിലോമീറ്ററോളം ബൈക്കിനെ പിന്തുടര്‍ന്ന് പാമ്പ്; യുവാവ് ബൈക്ക് ഉപേക്ഷിച്ച് ഓടി

ബൈക്കില്‍ കയറി ഒരു മണിക്കൂറോളം ചെലവഴിച്ച പാമ്പിന്റെ ദൃശ്യങള്‍ പകര്‍ത്താന്‍ ജനം തടിച്ചുകൂടി
പ്രതീകാത്മകചിത്രം
പ്രതീകാത്മകചിത്രം

ലക്‌നൗ: പാമ്പിനെ ഉപദ്രവിച്ച് വിട്ടാല്‍ അത് പ്രതികാരം ചെയ്യുമെന്ന് പഴമക്കാര്‍ സ്ഥിരം പറയുന്ന കാര്യമാണ്.  അത്തരത്തിലൊരു അനുഭവമാണ് ഉത്തര്‍പ്രദേശില്‍ ബൈക്ക് യാത്രക്കാരന്‍ നേരിട്ടത്. പാമ്പിനെ ഉപദ്രവിച്ചതിന്, രണ്ടു കിലോമീറ്ററോളമാണ് പാമ്പ് ബൈക്ക് യാത്രക്കാരനെ പിന്തുടര്‍ന്നത്. ഇതില്‍ പരിഭ്രാന്തിയിലായ യുവാവ് ബൈക്ക് ഉപേക്ഷിച്ച് ഓടി. പിന്നീട് ബൈക്കില്‍ കയറി ഒരു മണിക്കൂറോളം ചെലവഴിച്ച പാമ്പിന്റെ ദൃശ്യങള്‍ പകര്‍ത്താന്‍ ജനം തടിച്ചുകൂടിയെന്ന് വാര്‍ത്ത ഏജന്‍സിയായ ഐഎഎന്‍എസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

ഉത്തര്‍പ്രദേശിലെ ജലൗന്‍ ജില്ലയിലാണ് നാടിനെ നടുക്കിയ സംഭവം. ബൈക്ക് ഓടിച്ചുപോകുകയായിരുന്നു ഗുഡു പച്ചൗരി എന്ന യുവാവ്. അതിനിടെ ബൈക്കിന്റെ ടയര്‍ മൂര്‍ഖന്‍ ഇനത്തില്‍പ്പെട്ട പാമ്പിന്റെ വാലിലൂടെ കയറിയിറങ്ങി. ഇത് ശ്രദ്ധയില്‍പ്പെട്ട ഗുഡു തിരിഞ്ഞു നോക്കുമ്പോള്‍ പാമ്പ് ബൈക്കിനെ പിന്തുടരുന്നതാണ് കണ്ടത്. ഇതില്‍ നടുങ്ങിയ യുവാവ് ബൈക്ക് വേഗത്തില്‍ ഓടിച്ചു. ഏകദേശം രണ്ടു കിലോമീറ്റര്‍ കഴിഞ്ഞ് തിരിഞ്ഞുനോക്കുമ്പോള്‍ പാമ്പ് ബൈക്കിനെ പിന്തുടരുന്നത് യുവാവ് ഞെട്ടലോടെ കണ്ടുവെന്നാണ് റിപ്പോര്‍ട്ട്. ഇതോടെ നിയന്ത്രണം നഷ്ടപ്പെട്ട യുവാവ് ബൈക്ക് റോഡില്‍ ഉപേക്ഷിച്ച് ഓടി രക്ഷപ്പെടുകയായിരുന്നു.

എന്നാല്‍ മൂര്‍ഖന്‍ വിടാന്‍ ഒരുക്കമായിരുന്നില്ല. ബൈക്കില്‍ കയറിയ മൂര്‍ഖന്‍ ഒരു മണിക്കൂറോളം ചെലവഴിച്ചു. ഈസമയത്ത് റോഡിലൂടെ നടന്നുവരികയായിരുന്ന നാട്ടുകാര്‍ കൗതുകകാഴ്ച കണ്ട് തടിച്ചുകൂടി. അതിനിടെ ബൈക്കിന്റെ അരികിലേക്ക് പോകുന്നവരെ പത്തിവിടര്‍ത്തി ചീറ്റി പാമ്പ് അകറ്റുന്നുണ്ടായിരുന്നു. കുറെ നേരം കഴിഞ്ഞിട്ടും പിന്മാറാന്‍ തയ്യാറാകാതിരുന്നതിനെ തുടര്‍ന്ന് നാട്ടുകാര്‍ പാമ്പിനെ കല്ലേറിഞ്ഞ് ഓടിച്ചതായാണ് റിപ്പോര്‍ട്ടുകള്‍.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com