രാജ്യത്തെ ദമ്പതിമാര്‍ക്കിടയില്‍ അരക്ഷിതത്വ ബോധം വര്‍ധിക്കുന്നതായി സര്‍വേ റിപ്പോര്‍ട്ട്. വിവാഹിതരില്‍ നാലില്‍ ഒരാള്‍ പങ്കാളി തന്നെ ചതിക്കുമോ എന്ന് ഭയക്കുന്നുണ്ടെന്നാണ് ഹോട്ട് സ്റ്റാര്‍ ഔട്ട് ഓഫ് ലവ് സര്‍വേയിലെ കണ്ടെത്തല്‍. രാജ്യത്തെ 45 ശതമാനം പേരും തന്റെ പങ്കാളിയുടെ ഫോണ്‍ അവരുടെ അനുവാദമില്ലാതെ പരിശോധിക്കാന്‍ ആഗ്രഹിക്കുന്നവരാണ്. 55 ശതമാനം പേരും ഇത് ചെയ്തു കഴിഞ്ഞു.
നോര്‍ത്ത് ഇന്ത്യയിലാണ് അരക്ഷിത ബോധം കൂടുതല്‍ ശക്തമായി നിലനില്‍ക്കുന്നത്. 32 ശതമാനം പേരാണ് പങ്കാളി ചതിക്കുമെന്ന് ഭയക്കുന്നത്. ദക്ഷിണേന്ത്യയില്‍ ഇത് 21 ശതമാനമാണ്. ജയ്പൂര്‍, ലഖ്നൗ, പാട്ന എന്നിവിടങ്ങളിലുള്ളവര്‍ക്കാണ് സംശയം കൂടുതല്‍. ബാംഗളൂര്‍, പൂനെ എന്നിവിടങ്ങളിലുള്ളവര്‍ക്ക് ഭയം കുറവാണ്. പ്രണയം വിവാഹം കഴിച്ചവരിലാണ് സംശയം കൂടുതലുള്ളത്. പ്രണയ വിവാഹിതരില്‍ 62 ശതമാനം പങ്കാളികളെ സംശയിക്കുമ്പോള്‍ അറേഞ്ച്ഡ് മാര്യേജില്‍ ഇത് 52 ശതമാനമാണ്.
പുരുഷന്മാരേക്കാള് സംശയാലുക്കള്‍ സ്ത്രീകളാണെന്നാണ് സര്‍വേയിലെ കണ്ടെത്തല്‍. അതിനാല്‍ സ്ത്രീകളാണ് കൂടുതല്‍ ഫോണ്‍ പരിശോധിക്കുന്നത്. പലതരത്തിലുള്ള വിശ്വാസ വഞ്ചനകളുണ്ടെന്നാണ് വിദഗ്ധര്‍ പറയുന്നത്. ചിലത് ശാരീരിക ആവശ്യങ്ങള്‍ക്കു വേണ്ടിയും മറ്റു ചിലത് വൈകാരികവുമായി ഉണ്ടാകുന്നതാണ്. കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി ശാരീരിക ആവശ്യങ്ങള്‍ മാത്രമല്ല അവിഹിത ബന്ധങ്ങക്ക് കാരണമാകുന്നത്. വൈകാരികവും സാമൂഹിക മാധ്യമങ്ങളുടെ അതിപ്രസരവുമെല്ലാം അതിന് കാരണമാകുന്നുണ്ട്.
ശാരീരികമായ വിശ്വാസ വഞ്ചനയാണ് ഏറ്റവും മോശം എന്നാണ് 47 ശതമാനം പേരും പറയുന്നത്. എന്നാല്‍ 37 ശതമാനം പേരുടെ അഭിപ്രായം വൈകാരികമായ വഞ്ചനയാണ് അറ്റവും വേദനിപ്പിക്കുന്നത് എന്നാണ്. സോഷ്യല്‍ മീഡിയയിലൂടെയുള്ള ബന്ധങ്ങളെയാണ് കൂടുതല്‍ പേരും ഭയക്കുന്നത്. തന്നോട് സ്നേഹം ഇല്ലാത്തതുകൊണ്ടാകും പങ്കാളി വിശ്വാസവഞ്ചന കാണിക്കുന്നത് എന്നാണ് അഞ്ചില്‍ ഒരാള്‍ പറയുന്നത്. മടുപ്പ്, സാമ്പത്തികവും ജീവിതരീതിയിലെ പ്രശ്നങ്ങളും ഇതിന് കാരണമായി കരുതുന്നവരുണ്ട്.
രാജ്യത്തെ 78 ശതമാനം പേരും വിശ്വാസവഞ്ചന നേരിട്ടിട്ടുണ്ട് എന്നാണ് സര്‍വേയില്‍ പറയുന്നത്. ഇതില്‍ പകുതിയോളം പേരും തന്റെ പങ്കാളിയോട് ക്ഷമിച്ചു. 20 ശതമാനം പേര് ഇത് ക്ഷമിക്കാനും തയാറാണ്. ഒരു തവണ ചെയ്യുന്ന കാര്യമായി കണ്ടാണ് പലരും ഇതിന് തയാറാകുന്നത്. കൂടാതെ കുട്ടികളും ഭാവിയും സമൂഹം എന്തുകരുതുമെന്ന ചിന്തയും കുടുംബത്തിനുണ്ടാകുന്ന നാണക്കേടുമെല്ലാം ക്ഷമിക്കാനുള്ള കാരണങ്ങളാണ്.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ