20 വര്‍ഷം, പിടിച്ചത് ആയിരത്തില്‍പ്പരം പാമ്പുകളെ; വൈറലായി കൊച്ചിയിലെ പാമ്പുപിടുത്തക്കാരി വീട്ടമ്മ

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 12th December 2019 03:51 PM  |  

Last Updated: 12th December 2019 03:51 PM  |   A+A-   |  

vidya_snake

 

കൂറ്റന്‍പെരുമ്പാമ്പിനെ പിടിച്ച് ചാക്കിലാക്കുന്ന ഒരു വീട്ടമ്മയുടെ വീഡിയോ കഴിഞ്ഞ ദിവസമാണ് വൈറലായത്. കൊച്ചിയില്‍ താമസമാക്കിയ വിദ്യ രാജുവാണ് ഈ പാമ്പുപിടുത്തക്കാരി. 20 വര്‍ഷത്തോളമായുള്ള പാമ്പുപിടുത്ത ജീവിതത്തില്‍ ഇതിനോടകം ആയിരത്തിനു മുകളില്‍ പാമ്പുകളെയാണ് വിദ്യ ചാക്കിലാക്കിയിരിക്കുന്നത്. രാത്രിയും പകലും എന്നില്ലാതെ സഹായം അഭ്യര്‍ത്ഥിച്ച് വിളിക്കുന്നവരെയൊന്നും വിദ്യ നിരാശപ്പെടുത്താറില്ല. ഭര്‍ത്താവിനൊപ്പം കാറില്‍ പറഞ്ഞ സ്ഥലത്തെത്തും. പാമ്പിനെ പിടിച്ച് ചാക്കിലാക്കി വനംവകുപ്പിന് കൈമാറിയതിന് ശേഷമാകും വീട്ടിലേക്ക് തിരിച്ചുപോകുക.

വര്‍ഷങ്ങളായി കൊച്ചിയിലാണ് താമസിക്കുന്നതെങ്കിലും ജാര്‍ഖണ്ഡിലെ റാഞ്ചി സ്വദേശിയാണ് വിദ്യ. കൊച്ചി നേവല്‍ ബേസിലെ കമാന്‍ഡ് എജ്യുക്കേഷന്‍ ആന്‍ഡ് വെല്‍ഫെയര്‍ അഫീസറായിരുന്ന ഭര്‍ത്താവ് മഡോര്‍ എവിഎസ് രാജുവിനൊപ്പമാണ് വിദ്യ കൊച്ചിയിലേക്ക് വരുന്നത്. ജോലിയില്‍ നിന്ന് വിരമിച്ചെങ്കിലും കൊച്ചിയെ ഇഷ്ടപ്പെട്ടതിനെതുടര്‍ന്ന് ഇവിടെതന്നെ കൂടുകയായിരുന്നു. മൃഗങ്ങളോടുള്ള സ്‌നേഹമാണ് വിദ്യയെ പാമ്പുപിടുത്തക്കാരിയാക്കിയത്. എന്നാല്‍ താന്‍ പാമ്പുപിടുത്തക്കാരി എന്ന വിളിയോട് വിദ്യയ്ക്ക് താല്‍പ്പര്യം ഇല്ല. പാമ്പുകളുടെ രക്ഷകയായി അറിയപ്പെടാനാണ് തനിക്ക് ഇഷ്ടം എന്നാണ് ഇവര്‍ പറയുന്നത്.

 

ചെറുപ്പത്തില്‍ത്തന്നെ പക്ഷികളേയും മൃഗങ്ങളേയും വിദ്യയ്ക്ക് ഇഷ്ടമായിരുന്നു. 1998 ല്‍ ഗോവയില്‍ ഭര്‍ത്താവിന്റെ ജോലിയോട് അനുബന്ധിച്ച് താമസിക്കുന്ന കാലത്താണ് ആദ്യമായി പാമ്പിനെ പിടികൂടുന്നത്. അവിടെ ഒരാളുടെ ഗ്യാരേജില്‍ പാമ്പു കയറിയപ്പോള്‍ എല്ലാവരും ഭയന്നു നിന്നു. പക്ഷേ അതിനെ രക്ഷപ്പെടുത്തുന്നതിനെക്കുറിച്ചായിരുന്നു വിദ്യയുടെ ചിന്ത. എല്ലാവരും പേടിച്ചു നിന്നപ്പോള്‍ ഫോറസ്റ്റ് ഉദ്യോഗസ്ഥര്‍ എത്തും വരെ അതിനെ ആരും ഉപദ്രവിക്കാതെ വിദ്യ സംരക്ഷിച്ചു. പിന്നീടുള്ള 20 വര്‍ഷങ്ങള്‍ വിദ്യയ്ക്ക് പാമ്പുകളെ രക്ഷപ്പെടുത്താനുള്ളതായിരുന്നു. കൊടും വിഷമുള്ള രാജവെമ്പാല മുതല്‍ പെരുമ്പാമ്പും അണലിയും വരെ ഈ വീട്ടമ്മ ചാക്കിലാക്കി. കൊച്ചിയില്‍ എത്തിയശേഷം നൂറില്‍ അധികം പാമ്പുകളെ പിടികൂടിയിട്ടുണ്ട്.

നേവല്‍ ബേസ് കെട്ടിടങ്ങള്‍ മിക്കപ്പോഴും ഒഴിഞ്ഞ പ്രദേശത്തായതിനാല്‍ അവിടെയുള്ള വീടുകളില്‍ നിന്നാണ് അധികവും സഹായാഭ്യര്‍ഥന എത്താറുള്ളത്. കഴിഞ്ഞ ദിവസം നേവല്‍ അപാര്‍ട്‌മെന്റിലെ തരംഗിണി ബില്‍ഡിങ്ങില്‍ നിന്ന് 20 കിലോ ഭാരമുള്ള പെരുമ്പാമ്പിനെയാണ് പിടികൂടിയത്. ഇപ്പോള്‍ പറഞ്ഞുകേട്ട് നേവല്‍ ബേസിന് പുറത്തുനിന്നും വിദ്യയ്ക്ക് വിളിഎത്താറുണ്ട്. എന്നാല്‍ ദൂരെയുള്ള വീടുകളില്‍ എത്തുമ്പോഴും പാമ്പ് അവിടെനിന്ന് കടന്നിട്ടുണ്ടാകുമെന്നാണ് വിദ്യ പറയുന്നത്.

പാമ്പുകളെ മാത്രമല്ല വീടുകളില്‍ കടക്കുന്ന വെള്ളിമൂങ്ങ, പരുന്ത് തുടങ്ങിയവയേയും പിടിച്ച് സുരക്ഷിത കരങ്ങളില്‍ എത്തിച്ചിട്ടുണ്ട്. ഒരിക്കല്‍ പാമ്പിനെ പിടികൂടുമ്പോള്‍ അശ്രദ്ധകൊണ്ട് കടിയേറ്റിട്ടുണ്ടെന്നും പിന്നീട് മുന്‍കരുതലോടെയാണ് പാമ്പിനെ പിടിക്കാറുള്ളതെന്നും വിദ്യ വ്യക്തമാക്കി.