സാനിയ മിര്‍സയുടെ സഹോദരി വിവാഹിതയായി; അസ്ഹറുദ്ദീന്റെ മകന്‍ വരന്‍; ചിത്രങ്ങള്‍ 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 12th December 2019 11:00 AM  |  

Last Updated: 12th December 2019 11:00 AM  |   A+A-   |  

 


മുംബൈ: ടെന്നീസ് താരം സാനിയ മിര്‍സയുടെ സഹോദരി അനാം മിര്‍സയെ മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ക്യാപ്റ്റന്‍ മുഹമ്മദ് അസ്ഹറുദ്ദീന്റെ മകന്‍ മിന്നുകെട്ടി. ഇന്നലെ രാത്രി പരമ്പരാഗത ചടങ്ങുകളോടെയായിരുന്നു വിവാഹം. വിവാഹചിത്രങ്ങള്‍ സാനിയ മിര്‍സ ഇന്‍സ്റ്റഗ്രാമില്‍ പങ്കിട്ടു. 

ബ്രൈഡല്‍ ഷവറോടുകൂടിയാണ് അനാമിന്റെ വിവാഹ ആഘോഷങ്ങള്‍ തുടങ്ങിയത്. ഇതിനുപിന്നാലെ കുടുംബാംഗങ്ങളും സുഹൃത്തുക്കളും പങ്കെടുത്ത മെഹന്തി ചടങ്ങുകള്‍ നടന്നു. ഇന്നലെയായിരുന്നു സംഗീത രാവ്. നിറയെ എംബ്രോയിഡറി വര്‍ക്കുകളുളള ഗ്രീന്‍ ലെഹങ്കയായിരുന്നു അനാം സംഗീത രാവില്‍ ധരിച്ചത്.

അല്‍ഹം ദുലില്ലാഹ് ഫോര്‍ എവരിതിങ് എന്ന ഹാഷ് ടാഗോടെയാണ് സാനിയ ചിത്രം പങ്കുവെച്ചത്. നേരത്തെ സംഗീത് ചടങ്ങില്‍ നിന്നുളള ചിത്രങ്ങളും ബ്രൈഡല്‍ ഷവറിന്റെയും മെഹന്തി ചടങ്ങിന്റെയും ചിത്രങ്ങള്‍ അനാം മിര്‍സ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിരുന്നു.

അനം മിര്‍സയും ആസാദും പ്രണയത്തിലാണെന്ന് നേരത്തെ തന്നെ വാര്‍ത്തകളുണ്ടായിരുന്നു. ഒടുവില്‍ സാനിയ തന്നെയാണ് ഇരുവരും വിവാഹിതരാകാന്‍ പോകുന്നുവെന്ന സന്തോഷം പങ്കുവെച്ചത്. 2016 നവംബര്‍ 18ന് അനം മിര്‍സ ബിസിനസുകാരനായ അക്ബര്‍ റഷീദിനെ വിവാഹം ചെയ്തിരുന്നു. ഹൈദരാബാദില്‍ വെച്ചായിരുന്നു ഈ വിവാഹം. എന്നാല്‍ ഒന്നരവര്‍ഷത്തിന് ശേഷം ഇരുവരും വഴിപിരിഞ്ഞു. ഫാഷന്‍ സ്‌റ്റൈലിസ്റ്റായ അനം മിര്‍സയാണ് സാനിയയുടെ വസ്ത്രങ്ങളെല്ലാം തിരഞ്ഞെടുക്കുന്നത്.