പാപ്പാഞ്ഞി കത്തിക്കല്‍ മാത്രമല്ല; മല മുകളില്‍ നക്ഷത്രങ്ങളെ കണ്ടും പുതുവര്‍ഷം ആഘോഷിക്കാം; ഈ ന്യൂ ഇയറിന് പരീക്ഷിക്കാന്‍ 5 പുത്തന്‍ ഐഡിയകള്‍ 

2020നെ കിടിലനായി വരവേല്‍ക്കാന്‍ ഐഡിയകള്‍
പാപ്പാഞ്ഞി കത്തിക്കല്‍ മാത്രമല്ല; മല മുകളില്‍ നക്ഷത്രങ്ങളെ കണ്ടും പുതുവര്‍ഷം ആഘോഷിക്കാം; ഈ ന്യൂ ഇയറിന് പരീക്ഷിക്കാന്‍ 5 പുത്തന്‍ ഐഡിയകള്‍ 

ന്യൂ ഇയര്‍ എന്ന് കേള്‍ക്കുമ്പോഴേ ഫോര്‍ട്ടുകൊച്ചിയിലെ  കൂറ്റന്‍ പാപ്പാഞ്ഞിയാണ് നമുക്കൊക്കെ ഓര്‍മ്മവരുന്നത്. പതിവുതെറ്റിക്കാതെ ഇക്കുറിയും പാപ്പാഞ്ഞിയൊരുങ്ങുന്നുണ്ട്. പത്തടി പൊക്കത്തില്‍ നാല്‍പ്പതടിയുള്ള പാപ്പാഞ്ഞിയുടെ രൂപമാണ് ഒരുങ്ങുന്നത്. പോയവര്‍ഷത്തിന് ഗുഡ് ബൈ പറഞ്ഞ് പുതിയ വര്‍ഷത്തെ സ്വാഗതം ചെയ്യുന്നതാണ് പാപ്പാഞ്ഞി കത്തിക്കലെന്നാണ് ആളുകളുടെ വിശ്വാസം. 

ആയിരക്കണക്കിന് ആളുകളാണ് ഈ കാഴ്ച്ചകാണാന്‍ ഫോര്‍ട്ട് കൊച്ചിയിലെ പരേഡ് ഗ്രൗണ്ടിലേക്കെത്തുന്നത്.പ്ലാസ്റ്റിക്കൊന്നും ഉപയോഗിക്കാതെ പരിസ്ഥിതി സൗഹൃദ പാപ്പാഞ്ഞിയെയാണ് ഇക്കുറി തയ്യാറാക്കുന്നതെന്നാണ് സംഘാടകര്‍ പറയുന്നത്. ചരിത്രത്തിലെ ഏറ്റവും വലിയ പാപ്പാഞ്ഞിയാണ് ഇത്തവണത്തേതെന്നും അവര്‍ അവകാശപ്പെടുന്നു. 

ഡിസംബര്‍ എട്ടാം തിയതി തുടങ്ങിയ കൊച്ചി കാര്‍ണിവല്‍ ആഘോഷങ്ങള്‍ ജനുവരി ഒന്നിലെ കാര്‍ണിവല്‍ റാലിയോടെയാണ് അവസാനിക്കുന്നത്. മുപ്പതാം തിയതി രാത്രിയോടെയാണ് പാപ്പാഞ്ഞിയുടെ രൂപം പൂര്‍ത്തിയാവുക. മൂന്ന് ലക്ഷത്തിലേറെ രൂപ ചെലവിട്ടാണ് നിര്‍മാണം. പതിവുപോലെ 31-ാം തിയതി അര്‍ദ്ധരാത്രിയില്‍ പാപ്പാഞ്ഞിയെ കത്തിച്ച് കൊച്ചി പുതിയ വര്‍ഷത്തെ വരവേല്‍ക്കും. 

ഇത്രേമൊക്കെ കേള്‍ക്കുമ്പോള്‍ ആര്‍ക്കായാലും പാപ്പാഞ്ഞിയെ ഒന്ന് കാണാന്‍ തോന്നും. പക്ഷെ അതിപ്പോ പറ്റിയില്ലെങ്കിലും സങ്കടപ്പെടാനൊന്നുമില്ലാട്ടോ, 2020നെ കിടിലനായി വരവേല്‍ക്കാന്‍ ഇനിയുമുണ്ട് ഐഡിയകള്‍. 

മലയ്ക്കുമുകളില്‍ നക്ഷത്രങ്ങളെ നോക്കി ഉറക്കെ കൂവാം... ഹാപ്പ്യേ ന്യൂ ഇയര്‍

എല്ലാ രാത്രികളും പോലെയല്ല ന്യൂ ഇയര്‍ രാത്രി, അതിനൊരു പ്രത്യേക ചന്തമുണ്ട്, ആ ഭംഗി കണ്‍കുളിര്‍ക്കെ ആസ്വദിക്കാന്‍ ഒരു നൈറ്റ് ഡ്രൈവ് അല്ലാതെ വേറെന്താണ് സന്തോഷം. 31-ാം തിയതി രാത്രി ഒരു കാറുമെടുത്ത് ചങ്ക് സുഹൃത്തുക്കളെയും വണ്ടീല്‍ കേറ്റി ഒറ്റ വിടല്‍. ഹില്‍ ടോപ്പും കായലോരങ്ങളുമൊക്കെ ഡെസ്റ്റിനേഷനായി തിരഞ്ഞെടുക്കാം. നക്ഷത്രങ്ങള്‍ വിരിഞ്ഞുനില്‍ക്കുന്ന പുതുവത്സര രാത്രിയില്‍ ആകാശത്തിന് താഴെ നിന്ന് ഒരു കേക്കും മുറിച്ചങ്ങ് ആഘോഷിച്ചേക്കാം.

ഇതൊക്കെ ആണുങ്ങള്‍ക്ക് മാത്രമല്ലേ എന്നുപറഞ്ഞ് നിരാശയടിച്ചിരിക്കുന്ന സൂഹൃത്തുക്കളോട്, ന്യൂ ഇയര്‍ ചില്‍ ആക്കാന്‍ ഒപ്പം കൂടാമോ എന്ന് ചോദിച്ച് ഒരു ലേഡീസ് ഒണ്‍ലി ട്രാവല്‍ ഗ്രൂപ്പും ഇക്കുറി എത്തിക്കഴിഞ്ഞു. വുമന്‍സ് ഓണ്‍ കേരള എന്ന ആശയത്തിന്റെ ചുവടുപിടിച്ചാണ് ഇത്തരത്തിലൊരു ന്യൂ ഇയര്‍ ആഘോഷം അവതരിപ്പിച്ചിരിക്കുന്നത്. കാവലാരും ഇല്ലാതെ സ്ത്രീകള്‍ മാത്രം നടത്തുന്ന യാത്ര. രാത്രിയും യാത്രകളുമൊക്കെ സ്ത്രീകളുടേയും കൂടെയാണെന്ന് വിളിച്ചുപറയുകയാണ് ഇതിലൂടെ എസ്‌കേപ് നൗ എന്ന സ്ത്രീകള്‍ക്ക് മാത്രമായുള്ള ട്രാവല്‍ കമ്പനി. പുതുവത്സരത്തോടനുബന്ധിച്ച് എടുക്കുന്ന റെസൊല്യൂഷന്റെ ഭാഗമാണ് എസ്‌കേപ് നൗ ഉടമ ഇന്ദു കൃഷ്ണയ്ക്ക് ഈ ആശയം. സ്ത്രീകള്‍ക്ക് രാത്രിയാത്രകളോടുള്ള ഭീതി മാറ്റാനായി 2020ല്‍ ഇത്തരം യാത്രകള്‍ പതിവാക്കാനും എസ്‌കേപ്പ് നൗ ഉദ്ദേശിക്കുന്നുണ്ടെന്ന് ഇന്ദു പറയുന്നു. 

ഡിജെ ടു 2020

ന്യൂ ഇയര്‍ എന്നാല്‍ പാട്ടും മേളവുമാണ്. ഇതുതന്നെയാണ് ന്യൂ ഇയര്‍ രാത്രിയിലെ ഡിജെ പാര്‍ട്ടികളെ  അത്രമേല്‍ പ്രിയങ്കരമാക്കുന്നത്. കേരളത്തിലെ പ്രധാന ഹോട്ടലുകളും ഇവന്റ് ഗ്രൂപ്പുകളും മാസങ്ങള്‍ക്കുമുന്നേ പുതുവര്‍ഷ രാത്രിയിലെ ഡിജെ ആഘോഷങ്ങള്‍ക്കുള്ള ബുക്കിങ് ആരംഭിച്ചിരുന്നു. പ്രമുഖ ഡിജെമാരും മ്യൂസിക് ബാന്‍ഡുകളുമൊക്കെയായി സഹകരിച്ചാണ് ഇവ ഒരുങ്ങുന്നത്. 

ഭക്ഷണവും സര്‍പ്രൈസ് സമ്മാനങ്ങളുമൊക്കെയായി വെറൈറ്റിയായാണ് പല ഇവന്റുകളും നടത്തപ്പെടുന്നത്. പാസ് മുഖേനയാണ് പ്രവേശനം. ഒരാള്‍ക്ക് 2000രൂപ മുതലാണ് ടിക്കറ്റ് നിരക്കുകള്‍.

ന്യൂ ഇയര്‍ ആഘോഷിക്കാം വീട്ടില്‍ തന്നെ

പറഞ്ഞതൊക്കെ വീടിനുപുറത്തെ ആഘോഷങ്ങളെക്കുറിച്ചാണ്, എന്നാല്‍ ഇതൊക്കെമാത്രമല്ല വീട്ടിലിരുന്നും ന്യൂ ഇയര്‍ പൊളിക്കാം...! ഒരുഗ്രന്‍ സ്ലംമ്പര്‍ പാര്‍ട്ടി മുതല്‍ ടെററസിന്റെ മുകളില്‍ ക്യാന്‍ഡില്‍ ലൈറ്റും പൂത്തിരിയുമൊക്കെയായി റൂഫ് ടോപ്പ് പാര്‍ട്ടി വരെ പുതുവര്‍ഷം ആഘോഷിക്കാനുള്ള വഴികള്‍ ഒരുപാടുണ്ട്.  

നല്ല ഭക്ഷണവും സുഹൃത്തുക്കളും സിനിമയുമൊക്കെയായി ഒരു രാത്രി മുഴുവന്‍ സംസാരിച്ചിരിക്കാനും ആഘോഷമാക്കാനും കിടിലന്‍ ഐഡിയയാണ് സ്ലംമ്പര്‍ പാര്‍ട്ടി. വീട്ടിലെ ലിവിങ് റൂമില്‍ നിന്നുള്ള സോഫയൊക്കെ ഒഴിവാക്കി ഒരു ബെഡ് എടുത്തിട്ടാല്‍ തന്നെ പകുതി സെറ്റിങ് ഓക്കെയായി. പിന്നെ ലൈറ്റും പേപ്പര്‍ ഡെക്കറും ബലൂണുമുണ്ടെങ്കില്‍ സംഭവം ഉഷാറാക്കാം. 

കാന്‍ഡില്‍ ലൈറ്റ് റൂഫ് ടോപ്പ് പാര്‍ട്ടിയുടെ മൂഡ് ഒന്നുവേറെതന്നെയാണ്. ചെറിയ മ്യൂസിക്കും പൂത്തിരിയും കേക്കും വൈനുമൊക്കെയായി കേള്‍ക്കുമ്പോഴെ കൊതിതോന്നുന്ന ഒരു രാത്രിയാഘോഷം. 

വീട്ടിലെ കുട്ടിക്കുറുമ്പന്‍മാര്‍ക്കായി ഒരു പാര്‍ട്ടി അറേഞ്ച് ചെയ്യാമെന്ന് വിചാരിച്ചിരിക്കുന്നവര്‍ക്ക് ന്യൂ ഇയര്‍ രാത്രിയോളം മികച്ച ഒരു ദിവസം കിട്ടാനില്ല. കപ്പ് കേക്കും സ്‌ട്രോബെറി ജ്യൂസും പാര്‍ട്ടി പോപ്പേഴ്‌സും ഒക്കെയായാല്‍ കുട്ടിപ്പട്ടാളം ഹാപ്പി. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com