സ്വര്‍ണക്കട്ടിയാണെന്ന് കരുതി വര്‍ഷങ്ങളോളം സൂക്ഷിച്ചു; അപൂര്‍വ്വശില കണ്ട് ശാസ്ത്രലോകം ഞെട്ടി!

അകത്ത് സ്വര്‍ണക്കട്ടിയുണ്ടെന്ന് കരുതി വര്‍ഷങ്ങളോളം സൂക്ഷിച്ച കല്ല് അപൂര്‍വ്വ ഉല്‍ക്കാശിലയെന്ന് ശാസ്ത്രലോകം
സ്വര്‍ണക്കട്ടിയാണെന്ന് കരുതി വര്‍ഷങ്ങളോളം സൂക്ഷിച്ചു; അപൂര്‍വ്വശില കണ്ട് ശാസ്ത്രലോകം ഞെട്ടി!

മെല്‍ബണ്‍: അകത്ത് സ്വര്‍ണക്കട്ടിയുണ്ടെന്ന് കരുതി വര്‍ഷങ്ങളോളം സൂക്ഷിച്ച കല്ല് അപൂര്‍വ്വ ഉല്‍ക്കാശിലയെന്ന് ശാസ്ത്രലോകം. സ്വര്‍ണത്തെക്കാള്‍ അപൂര്‍വ്വമായ ഈ ഉല്‍ക്കാശിലയ്ക്ക് 460 കോടി വര്‍ഷത്തിന്റെ പഴക്കമുണ്ടെന്നാണ് ശാസ്ത്രലോകത്തിന്റെ കണ്ടെത്തല്‍.

2015ല്‍ മെല്‍ബണിന് സമീപമുളള മേരിബറോ റീജിണല്‍ പാര്‍ക്കില്‍ നിന്നാണ് ഈ അപൂര്‍വ്വ ശില കണ്ടെത്തിയത്. മഞ്ഞനിറത്തിലുളള കളിമണ്ണിനോട് ചേര്‍ന്ന് കിടക്കുന്ന ഉല്‍ക്കാശില ഡേവിഡ് ഹോള്‍ എന്ന ആളുടെ ശ്രദ്ധയില്‍പ്പെടുകയായിരുന്നു. സ്വര്‍ണശേഖരത്തിന് പേരുകേട്ട സ്ഥലമാണ് മേരിബറോ. ഈ കല്ലിന് അകത്ത് സ്വര്‍ണക്കട്ടി ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് ഈ ശില ഡേവിഡ് ഹോള്‍ എടുത്തത്. 

വീട്ടില്‍ കൊണ്ടുപോയി കല്ല് പൊട്ടിച്ചുനോക്കാന്‍ ഡേവിഡ് ഹോള്‍ പലവിധത്തിലും ശ്രമിച്ചു. ഗ്രൈന്‍ഡര്‍, ഡ്രില്ല് തുടങ്ങിയ ഉപകരണങ്ങള്‍ ഉപയോഗിച്ച് ഇത് പൊട്ടിച്ചുനോക്കാന്‍ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു.ആസിഡില്‍ മുക്കിവെച്ചും ഇരുമ്പ് ചുറ്റികയ്ക്ക് അടിച്ചും കല്ല് തുറക്കാനുളള ശ്രമവും വിഫലമായി. ഈ ശ്രമങ്ങള്‍ കൊണ്ടൊന്നും കല്ലിന് അല്‍പ്പം പോലും ഇളക്കം തട്ടിക്കാന്‍ സാധിച്ചില്ല. തുടര്‍ന്ന് വര്‍ഷങ്ങള്‍ക്ക് ശേഷം വീട്ടില്‍ സൂക്ഷിച്ചിരുന്ന കല്ല് അപൂര്‍വ്വ ഇനം ഉല്‍ക്കാശിലയാണെന്ന് തിരിച്ചറിയുകയായിരുന്നു.

17 കിലോഗ്രാം തൂക്കമുളള ഈ ശില ഡയമണ്ട് ഉപയോഗിച്ചാണ് അല്‍പ്പമെങ്കിലും പൊട്ടിച്ചത്. ശിലയില്‍ വലിയ തോതിലാണ് ഇരുമ്പിന്റെ അംശം അടങ്ങിയിരിക്കുന്നത്. ലോഹധാതുക്കളാല്‍ സമ്പന്നമാണ് ഈ ശിലയെന്ന് ശാസ്ത്രലോകം പറയുന്നു. 

കാര്‍ബണ്‍ ഡേറ്റിങ് അനുസരിച്ച് ഇത് ഭൂമിയില്‍ പതിച്ചിട്ട് 100 മുതല്‍ ആയിരം വര്‍ഷം വരെ പഴക്കമാകാമെന്ന് ശാസ്ത്രവിദഗ്ധര്‍ പറയുന്നു. ഓസ്‌ട്രേലിയയുടെ വിക്ടോറിയ സ്‌റ്റേറ്റില്‍ കണ്ടെത്തിയ 17 അപൂര്‍വ്വ ഇനം ഉല്‍ക്കങ്ങളില്‍ ഒന്നാണിത്. ഇത് സ്വര്‍ണത്തെക്കാള്‍ മൂല്യമേറിയതാണെന്നും ശാസ്ത്രലോകം വ്യക്തമാക്കുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com