ഭക്ഷണം കുടുങ്ങി ശ്വാസം കിട്ടാതെ പിടഞ്ഞ് പിഞ്ചുകുഞ്ഞ് ; വെപ്രാളത്തില്‍ അച്ഛനും അമ്മയും ഓടിക്കയറിയത് പൊലീസ് സ്റ്റേഷനില്‍ ( വീഡിയോ)

പ്രാഥമിക ചികില്‍സയെക്കുറിച്ച് കൂടി ദമ്പതികളെ പറഞ്ഞുമനസ്സിലാക്കിയാണ് പൊലീസുകാര്‍ തിരിച്ചയച്ചത്
ഭക്ഷണം കുടുങ്ങി ശ്വാസം കിട്ടാതെ പിടഞ്ഞ് പിഞ്ചുകുഞ്ഞ് ; വെപ്രാളത്തില്‍ അച്ഛനും അമ്മയും ഓടിക്കയറിയത് പൊലീസ് സ്റ്റേഷനില്‍ ( വീഡിയോ)

കാന്‍ബറ : ഭക്ഷണം തൊണ്ടയില്‍ കുടുങ്ങി കുഞ്ഞ് ശ്വാസം കിട്ടാതെ പിടഞ്ഞ പിഞ്ചുകുഞ്ഞുമായി വെപ്രാളത്തോടെ അച്ഛനമ്മമാര്‍ അര്‍ധരാത്രിയില്‍ ഓടിക്കയറിയത് പൊലീസ് സ്റ്റേഷനില്‍. ഓസ്‌ട്രേലിയയിലാണ് സംഭവം. എട്ടുമാസം പ്രായമുള്ള കുട്ടിയുടെ തൊണ്ടയിലാണ് ഭക്ഷണം കുടുങ്ങിയത്. ശ്വാസം കിട്ടാത പിടഞ്ഞ കുഞ്ഞിനെ വാങ്ങിയ പൊലീസ് ഉദ്യോഗസ്ഥന്‍ പ്രാഥമിക ശുശ്രൂഷ നല്‍കുകയും, കുട്ടിയുടെ തൊണ്ടയില്‍ കുടുങ്ങിയ ഭക്ഷണപദാര്‍ത്ഥം പുറത്ത് കളയുകയും ചെയ്തു.

ജാസണ്‍ ലീ എന്ന സര്‍ജെന്റാണ് കുഞ്ഞിനെ അച്ഛന്റെ കയ്യില്‍ നിന്നും വാങ്ങി പ്രഥമ ശുശ്രൂഷ നല്‍കിയത്. പ്രഥമ ശുശ്രൂഷ നല്‍കി കുറച്ചു നിമിഷങ്ങള്‍ക്കകം കുഞ്ഞിന്റെ തൊണ്ടയില്‍ കുടുങ്ങിയ ഭക്ഷണം പുറത്തേക്കു തെറിച്ചു പോവുകയും, കുഞ്ഞ് സ്വാഭാവിക രീതിയില്‍ ശ്വസിക്കാന്‍ ആരംഭിക്കുകയും ചെയ്തു. കുഞ്ഞ് നോര്‍മല്‍ ആയതോടെ അദ്ദേഹം കുഞ്ഞിനെ അച്ഛന്റെ കൈയില്‍ തിരികെയേല്‍പ്പിച്ചു.

ജാസണ്‍ ലീയും മറ്റൊരു പൊലീസ് ഉദ്യോഗസ്ഥനും കുട്ടിയെ പുറത്ത് തട്ടി ലാളിക്കുന്നതും ദൃശ്യങ്ങളിലുണ്ട്. അതിനുശേഷം കുഞ്ഞുങ്ങളുടെ തൊണ്ടയില്‍ ഭക്ഷണം കുടുങ്ങിയാല്‍ ചെയ്യേണ്ടുന്ന പ്രാഥമിക ചികില്‍സയെക്കുറിച്ച് കൂടി ദമ്പതികളെ പറഞ്ഞുമനസ്സിലാക്കിയാണ് പൊലീസുകാര്‍ അവരെ തിരിച്ചയച്ചത്. കുട്ടിയെ ഛര്‍ദ്ദിപ്പിച്ചതിന്റെ അവശിഷ്ടം പൊലീസുകാരന്‍ തന്നെ കോരിക്കളയുകയും ചെയ്തു.

ക്രിസ്മസിന്റെ തലേന്നാണ് ഈ സംഭവം ഉണ്ടാകുന്നത്. പ്രാഥമിക ശുശ്രൂഷയെപ്പറ്റി എല്ലാവരും അത്യാവശ്യം അറിഞ്ഞിരിക്കേണ്ടതാണ്. എപ്പോഴാണ് ജീവിതത്തില്‍ ഇത് ആവശ്യം വരികയെന്ന് അറിയില്ലെന്നാണ്, സംഭവത്തെപ്പറ്റി വെസ്റ്റേണ്‍ ഓസ്‌ട്രേലിയ പൊലീസ് പറയുന്നത്. ദമ്പതികള്‍ കൈക്കുഞ്ഞിനെയും കൊണ്ട് പൊലീസ് സ്‌റ്റേഷനിലെത്തുന്നതും, സാര്‍ജന്റ് പ്രഥമശുശ്രൂഷ നല്‍കി കുട്ടിയെ രക്ഷിക്കുന്നതിന്റെയും ദൃശ്യങ്ങള്‍ സ്റ്റേഷനിലെ സിസിടിവിയില്‍ പതിഞ്ഞിരുന്നു. ഈ ദൃശ്യങ്ങള്‍ ആരോ സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തതോടെ കുഞ്ഞിനെ രക്ഷിച്ച സാര്‍ജന്റിന് ഹീറോ പരിവേഷമാണ് ലഭിച്ചിരിക്കുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com