'ഞാന്‍ യാത്ര പറഞ്ഞിറങ്ങുമ്പോള്‍ 'അമ്മ 'മഞ്ചാടി' കാണുകയാണ്' ; കുറിപ്പ്, സ്‌നേഹം

'ഞാന്‍ യാത്ര പറഞ്ഞിറങ്ങുമ്പോള്‍ 'അമ്മ 'മഞ്ചാടി' കാണുകയാണ്' ; കുറിപ്പ്, സ്‌നേഹം
'ഞാന്‍ യാത്ര പറഞ്ഞിറങ്ങുമ്പോള്‍ 'അമ്മ 'മഞ്ചാടി' കാണുകയാണ്' ; കുറിപ്പ്, സ്‌നേഹം

പുതുവര്‍ഷം പിറക്കുകയാണ്. പുതിയ പ്രതിജ്ഞകള്‍, തീരുമാനങ്ങള്‍, പഴയവയുടെ ഓഡിറ്റിങ് ഇതൊക്കെയാണ് പുതുവര്‍ഷം പടിവാതില്‍ക്കലെത്തുമ്പോള്‍ പതിവ്. ശാസ്ത്രജ്ഞനും എഴുത്തുകാരനുമായ സുരേഷ് സി പിള്ള സ്‌നേഹത്തില്‍ പൊതിഞ്ഞ ഒരു അമ്മക്കുറിപ്പാണ് നവവത്സരത്തില്‍ പങ്കുവയ്ക്കുന്നത്. ചെറിയൊരു നനവോടെ മാത്രം വായിച്ചുപോവാവുന്ന കുഞ്ഞു കുറിപ്പ്.


ഇതാ, ആ അമ്മക്കുറിപ്പ്.


അമ്മയുടെ ഓര്‍മ്മയുട ഒരു പാളി കൂടി ഇളകി മാറി എന്നതാണ് 2019 ലെ എടുത്തു പറയാനുള്ള പ്രധാന പ്രത്യേകത.

അമ്മയുടെ ഓര്‍മ്മകളില്‍ നിന്നും അച്ഛനും പറന്നകന്നിരിക്കുന്നു.

അമ്മയും അച്ഛനും നാല്‍പ്പതു വര്‍ഷം കൂടെ താമസിച്ചു, കൂടെ ഉറങ്ങിയതാണ്. അച്ഛന്‍ മരിച്ചിട്ടു പന്ത്രണ്ടു വര്‍ഷമായി. കഴിഞ്ഞ വര്‍ഷം ഞാന്‍ ഫോട്ടോ കാണിച്ചു ചോദിച്ചപ്പോള്‍ 'എന്റെ ഭര്‍ത്താവാണ്' എന്നൊക്കെ പറഞ്ഞതാണ്.

അഞ്ചു വര്‍ഷത്തോളമായി അമ്മയുടെ ഓര്‍മ്മ പതിയെ പതിയെ ഇളകി മാറുവാന്‍ തുടങ്ങിയിട്ട്.

ഉള്ളിയുടെ ഓരോ ഇതളുകള്‍ പൊളിച്ചു നീക്കുന്നത് പോലെയാണ് അമ്മയില്‍ നിന്നും ഓര്‍മ്മകള്‍ അകലുന്നത്.

ആദ്യം ഔട്ടര്‍ സിര്‍ക്കിളില്‍ ഉള്ള ബന്ധുക്കളെ, കൂട്ടുകാരെ, പിന്നെ പിന്നെ ഉള്ളിലേക്ക് വന്ന് ഈ വര്‍ഷം അച്ഛനെയും മറന്നു.

പക്ഷെ അമ്മയ്ക്ക്, മക്കളെയും, മരുമക്കളെയും കൊച്ചു മക്കളെയും ഓര്‍മ്മയുണ്ട്. അവരുടെ പേരുകള്‍ ഓര്‍മ്മയുണ്ട്. അടുത്ത രണ്ടോ മൂന്നോ സുഹൃത്തുക്കളെയും.

ഈ വര്‍ഷത്തെ യാത്രയില്‍ ഔദ്യോഗികമായ തിരുക്കുകള്‍ എല്ലാം കഴിഞ്ഞു അമ്മയുടെ കൂടെ കുറെ ദിവസം ചിലവഴിക്കാന്‍ കഴിഞ്ഞു എന്നതാണ് എന്റെ ഏറ്റവും വലിയ ഭാഗ്യം.

അമ്മയുടെ രണ്ടു മക്കളും, അവരുടെ കുടുംബവും ആയി, ഓര്‍മ്മയുടെ അവസാനത്തെ പാളിയും ഇളകി മാറുന്നതിനും മുന്‍പേ അമ്മയ്ക്കായുള്ള ഒരു മൂന്നാര്‍ യാത്ര. അടുത്ത വര്‍ഷം ഒരു പക്ഷെ മക്കളെയും മറന്നാലോ?

അമ്മയ്ക്കും, എനിക്കും മാത്രം അറിയാവുന്ന ഒരു രഹസ്യം ഉണ്ട്. അത് ഡിസ്‌പോസിബിള്‍ ഷേവിങ് റേസര്‍ ആണ്. അമ്മയുടെ മുഖത്ത് പൊടിച്ചു വളരുന്ന കുറെ ചെറു രോമങ്ങള്‍ ഉണ്ട്.

അച്ഛന്റെ ഷേവിങ്ങ് റേസര്‍ വച്ചാണ് അത് കളഞ്ഞു കൊണ്ടിരുന്നത്. അച്ഛന്‍ മരിച്ചപ്പോള്‍ ഇനി അതെങ്ങിനെ കളയും എന്നൊരു വേവലാതി അമ്മയ്ക്കുണ്ടായിരുന്നു.

അങ്ങിനെയാണ് ഓരോ അവധിക്കു വരുമ്പോളും ഒരു വര്‍ഷത്തേയ്ക്ക് ആവശ്യമുള്ള ഡിസ്‌പോസിബിള്‍ ഷേവിങ് റേസര്‍ കൊണ്ടു വരാറുണ്ടായിരുന്നു.

രണ്ടു വര്‍ഷം മുന്‍പേ 'അമ്മ പറഞ്ഞു

'എടാ, എങ്ങാനും വയ്യാതെ ആകുകയോ, കിടന്നു പോകുകയോ ഒക്കെ ചെയ്താല്‍, മുഖത്തെ ആ രോമങ്ങള്‍ നീക്കാന്‍ മറക്കല്ലേ'.

അത്രയ്ക്ക് ആകുലത അമ്മയ്ക്ക് ആ പ്രശ്‌നത്തോട് ഉണ്ടായിരുന്നു.

ഈ വര്‍ഷവും ഞാന്‍ എല്ലാവര്ഷത്തെയും പോലെ അഞ്ചു പായ്ക്കറ്റ് ഡിസ്‌പോസിബിള്‍ ഷേവിങ് റേസര്‍ കൊണ്ടു വന്നു. ഉറപ്പായും അത് 'അമ്മ തിരിച്ചറിയും എന്നു തോന്നി.

'അമ്മ ചോദിച്ചു 'ഇതെന്താടാ?'

അനുജത്തി ശ്രീജയാണ് അമ്മയോട് പറഞ്ഞത്
'അമ്മേ, മുഖത്തെ രോമം, കളയാനുള്ളതാണ്.'

ഒരിക്കലും 'അമ്മ മറക്കില്ല എന്ന് ഞാന്‍ കരുതിയ ഡിസ്‌പോസിബിള്‍ ഷേവിങ് റേസറും 'അമ്മ മറന്നിരിക്കുന്നു.

ശ്രീജയാണ് അമ്മയുടെ കൂടെ. ശ്രീജയും അനിലും, മോളുവും കുഞ്ഞു മോളും (ശ്രീജയുടെ മക്കള്‍) ഒക്കെയാണ് അമ്മയെ നോക്കുന്നത്. 'അമ്മച്ചി മൂത്രം ഒഴിച്ചിട്ടു കിടക്കണെ' എന്നൊക്കെ കുഞ്ഞുമോള്‍ പറയുന്നത് ഒരു കൊച്ചു കുട്ടിയെപ്പോലെ കേള്‍ക്കും. അയര്‍ലണ്ടിലേക്കുള്ള യാത്ര തിരിച്ചപ്പോള്‍, എല്ലാവര്‍ഷവും പൊടിയാറുള്ള ആ രണ്ടുതുള്ളി കണ്ണു നീര്‍ ഈ വര്‍ഷം അമ്മയുടെ കണ്ണില്‍ നിന്നും പൊടിഞ്ഞില്ല.

ഞാന്‍ യാത്ര പറഞ്ഞിറങ്ങുമ്പോള്‍ 'അമ്മ 'മഞ്ചാടി' കാണുകയാണ്,

' മിന്നിത്തിളങ്ങുന്ന താരകമേ മണ്ണത്തൂന്നൊന്നിങ്ങു പോരാമോ ? ഞാനിതാ വന്നെത്തി കൂട്ടുകാരെ......'

അമ്മയും ഏറ്റു പാടുകയാണ്

' മിന്നിത്തിളങ്ങുന്ന താരകമേ....'

എല്ലാവര്ക്കും ഹാപ്പി ന്യൂ ഇയര്‍
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com