'എതിര്‍ ലിംഗത്തിന്റെ കൂടെ ഒരുമിച്ച് ഇരുന്നതിന് സദാചാരം പഠിപ്പിക്കാന്‍ ഒരു ആങ്ങളമാരും ധൈര്യം കാണിക്കരുത്'; അച്ഛന്റെ കുറിപ്പ് വൈറല്‍

ദുരാചാരങ്ങളും അന്ധവിശ്വാസകളും സമൂഹത്തില്‍ ഇപ്പോഴും നിലനില്‍ക്കുന്ന പശ്ചാത്തലത്തില്‍ ഒരു അച്ഛന്റെ കുറിപ്പ് ശ്രദ്ധേയമാകുന്നു
'എതിര്‍ ലിംഗത്തിന്റെ കൂടെ ഒരുമിച്ച് ഇരുന്നതിന് സദാചാരം പഠിപ്പിക്കാന്‍ ഒരു ആങ്ങളമാരും ധൈര്യം കാണിക്കരുത്'; അച്ഛന്റെ കുറിപ്പ് വൈറല്‍

കൊച്ചി: ദുരാചാരങ്ങളും അന്ധവിശ്വാസകളും സമൂഹത്തില്‍ ഇപ്പോഴും നിലനില്‍ക്കുന്ന പശ്ചാത്തലത്തില്‍ ഒരു അച്ഛന്റെ കുറിപ്പ് ശ്രദ്ധേയമാകുന്നു. തങ്ങള്‍ക്ക് ഒരു പെണ്‍കുഞ്ഞ് ജനിച്ചുവെന്ന് അറിയിച്ചുകൊണ്ട് അച്ഛന്‍ ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ച കുറിപ്പാണ് വൈറലാകുന്നത്. 

'നസ്രാണി കുടുംബത്തില്‍ ജനിച്ച അമ്മക്കും ഹിന്ദു കുടുംബത്തില്‍ പിറന്ന അച്ഛനും പിറന്നവള്‍ക്ക് ബര്‍ത്ത്‌സര്‍ട്ടിഫിക്കറ്റ് മുതലുള്ള ഒരു രേഖകളിലും ജാതിയും മതവും രേഖപ്പെടുത്തുന്നില്ല ഞങ്ങള്‍. മതനിരപേക്ഷതയ്ക്കും മാനവികതയ്ക്കും സ്ത്രീസമത്വത്തിനും കടുത്ത വെല്ലുവിളി നേരിടുന്ന ഈ കാലഘട്ടത്തില്‍ നിരര്‍ത്ഥകമായ സ്ത്രീവിരുദ്ധ മതാചാരങ്ങളുടെ വിലക്കില്ലാതെ യുക്തിയിലൂടെ സ്വതന്ത്രമായ് ലോകത്തെ ശ്രവിക്കുകയും വീക്ഷിക്കുകയും ചെയ്യട്ടെ അവള്‍.' - കുറിപ്പില്‍ പറയുന്നു.

കുറിപ്പിന്റെ പൂര്‍ണരൂപം

നിനച്ചിരുന്നത് പോലെ ഞങ്ങള്‍ക്ക് ഒരു പെണ്‍കുഞ്ഞ് ജനിച്ചിരിക്കുന്നു..
നസ്രാണി കുടുംബത്തില്‍ ജനിച്ച അമ്മക്കും ഹിന്ദു കുടുംബത്തില്‍ പിറന്ന അച്ഛനും പിറന്നവള്‍ക്ക് ബര്‍ത്ത്‌സര്‍ട്ടിഫിക്കറ്റു മുതലുള്ള ഒരു രേഖകളിലും
ജാതിയും മതവും രേഖപ്പെടുത്തുന്നില്ല ഞങ്ങള്‍.

മതനിരപേക്ഷതയ്ക്കും മാനവികതയ്ക്കും സ്ത്രീസമത്വത്തിനും കടുത്ത വെല്ലുവിളി നേരിടുന്ന ഈ കാലഘട്ടത്തില്‍ നിരര്‍ത്ഥകമായ സ്ത്രീവിരുദ്ധ മതാചാരങ്ങളുടെ വിലക്കില്ലാതെ യുക്തിയിലൂടെ സ്വതന്ത്രമായ് ലോകത്തെ ശ്രവിക്കുകയും വീക്ഷിക്കുകയും ചെയ്യട്ടെ അവള്‍.

ആര്‍ത്തവം അശുദ്ധിയെന്നും ഞങ്ങള്‍ അടിമകളാണെന്നും സ്വയം വിശ്വസിക്കുന്ന കെട്ടിലമ്മമാര്‍ക്ക് ഇടയില്‍ സ്ത്രീത്വമെന്നത് അഭിമാനമാണെന്ന് ഉറക്കെ പ്രഖ്യാപിക്കുന്ന ഒരു തന്റേടിയായ് വളരട്ടെ അവള്‍..

മാമുണ്ണാന്‍ കൂട്ടാക്കാതെ വാശി പിഠിക്കുമ്പോ അവളെ വശത്താക്കാന്‍ വെണ്ണ കട്ട കണ്ണന്റെയോ,പുല്‍ക്കൂടില്‍ പെറ്റ ഉണ്ണിയേശുവിന്റെ കഥയോ പറഞ്ഞ് കൊടുക്കുന്നതിന് പകരം മുലക്കരം ചോദിച്ച തമ്പ്രാന് നേരെ മുലയറുത്തെറിഞ്ഞ നങ്ങേലിയുടെ കഥ പറഞ്ഞ് കൊടുക്കും ഞങ്ങള്‍.

ഒന്ന് ഉറക്കെ ചിരിച്ചാല്‍,ഒന്ന് കാലകത്തി ഇരുന്നാല്‍, ഒന്ന് തുള്ളി ചാടി നടന്നാല്‍ പെണ്‍കുട്ടികളുടെ അലിഖിത ഭരണഘടന പഠിപ്പിച്ച് കൊടുക്കുന്ന കാരണവന്മാരെ ധിക്കരിച്ച് കുഞ്ഞുന്നാളിലേ ഫെമിനിച്ചി പട്ടം വാങ്ങികൊടുക്കണം അവള്‍ക്ക്.

തില്ലങ്കേരി രക്തസാക്ഷികളുടെ വീര കഥകള്‍ താരാട്ടായ് പാടിഉറക്കി തികഞ്ഞ കമ്മ്യൂണിസ്റ്റുകാരിയായ് വളര്‍ന്ന് വരട്ടെ അവള്‍.

ഒരു ശനിയും ശുക്രനും അവളുടെ കല്ല്യാണം മുടക്കരുത്,
ഒരു മതങ്ങളും അവളുടെ പ്രണയത്തിന് വിലങ്ങ് തടിയാവരുത്,
ഒരു ആഭരണങ്ങളിലും അവള്‍ ഭ്രമിക്കരുത്,
എതിര്‍ ലിംഗത്തിന്റെ കൂടെ ഒരുമിച്ച് ഇരുന്നതിന്, നടന്നതിന്,ഉണ്ടതിന്,കിടന്നതിന് അവളെ സധാചാരം പഠിപ്പിക്കാന്‍ ഒരു ആങ്ങളമാരും ധൈര്യം കാണിക്കരുത്,

കുട്ടി പെണ്ണാണെന്ന് പറയുമ്പോള്‍ ചുളിയുന്ന നെറ്റിതടങ്ങള്‍ വിദൂരഭാവിയിലെങ്കിലും നാമാവശേഷമാവാന്‍ ഇത്രയെങ്കിലും ചെയ്യണ്ടേ ഞാന്‍..?

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com