ശിവപുരി: മകളെ നിരന്തരം ശല്യപ്പെടുത്തിയ അയല്‍വാസിക്കെതിരെ പരാതി പറയുവാനാണ് പെണ്‍കുട്ടിയുടെ അമ്മ എത്തിയത്. പക്ഷേ പൊലീസുകാരെ കാത്തിരുന്നത് ഒരു പുലിവാലായിരുന്നു. പൂവന്‍കോഴിയാണ് മകളെ ശല്യപ്പെടുത്തുന്നത് എന്ന് കാണിച്ചാണ് അമ്മ പൊലീസിന് പരാതി എഴുതി നല്‍കിയത്.
മധ്യപ്രദേശിലെ ശിവപുരിയിലാണ് സംഭവം. പലവട്ടം ആ പൂവന് കോഴിയുടെ ഉടമകളോട് പരാതിപ്പെട്ടിട്ടും ഫലമുണ്ടായില്ലെന്ന് പരാതിയില്‍ പറയുന്നു. കോഴിയുടെ ആക്രമണം മകള്‍ക്ക് നേരെ രൂക്ഷമായതോടെ പൊലീസിനെ സമീപിക്കുകയായിരുന്നു അവര്‍. പ്രശ്നപരിഹാരത്തിനായി കോഴിയുടെ ഉടമസ്ഥരെ പൊലീസ് സ്റ്റേഷനിലേക്ക് വിളിച്ചു വരുത്തി.
ഇരുവരുമായും ചര്‍ച്ച നടത്തി പ്രശ്നം പരിഹരിക്കാന്‍ പൊലീസ് ശ്രമിച്ചപ്പോള്‍ അതിലും വലിയ തമാശമായിരുന്നു അവിടെ കണ്ടത്. കുട്ടികള്‍ ഇല്ലാത്ത ഞങ്ങള്‍ക്ക് ആ കോഴി സ്വന്തം കുഞ്ഞിനെ പോലെയാണെന്നും, അതിനെ അറസ്റ്റ് ചെയ്യുന്നതിലും ഭേദം ഞങ്ങളെ ജയിലില്‍ അടയ്ക്കുന്നതാണെന്നുമാണ് കോഴിയുടെ ഉടമസ്ഥര്‍ പറഞ്ഞത്.
ഒടുവില്‍, ഇനി ഒരിക്കല്‍ കൂടി കോഴിയില്‍ നിന്നും ആ പെണ്‍കുട്ടിക്ക് ആക്രമണം ഏല്‍ക്കാത്ത വിധം കോഴിയെ പൂട്ടിയിടാമെന്ന ഉറപ്പ് വാങ്ങി പൊലീസ് കേസില്‍ നിന്നും തലയൂരി. എന്റെ മകളുടെ ദേഹത്ത് ഇനിയൊരു പോറല്‍ പോലും വീഴാന്‍ അനുവദിക്കില്ലെന്ന് കടുത്ത നിലപാടെടുത്ത അമ്മയ്ക്ക് മുന്നില്‍ കോഴിയുടെ ഉടമസ്ഥര്‍ കേസ് പിന്‍വലിക്കാന്‍ അപേക്ഷിക്കുകയും ചെയ്തതോടെ പ്രശ്നത്തിന് പരിഹാരമായി.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ