വിവാഹസല്‍ക്കാരങ്ങള്‍ക്ക് വിട; ഡയാലിസിസ് യൂണിറ്റിന് രണ്ട് ലക്ഷം രൂപ നല്‍കി ദമ്പതികള്‍; യുവാക്കള്‍ ഈ മാതൃക പിന്തുടരട്ടെയെന്ന് എംബി രാജേഷ്

വിവാഹ സല്‍ക്കാര ചടങ്ങ് ഒഴിവാക്കി അതിന് ചെലവു വരുമായിരുന്ന 2 ലക്ഷം രൂപയുടെ ചെക്ക് ഒറ്റപ്പാലത്തെ സൗജന്യ ഡയാലിസിസ് യൂണിറ്റിന്റെ പ്രവര്‍ത്തനത്തിന് നല്‍കി ദമ്പതികള്‍ 
വിവാഹസല്‍ക്കാരങ്ങള്‍ക്ക് വിട; ഡയാലിസിസ് യൂണിറ്റിന് രണ്ട് ലക്ഷം രൂപ നല്‍കി ദമ്പതികള്‍; യുവാക്കള്‍ ഈ മാതൃക പിന്തുടരട്ടെയെന്ന് എംബി രാജേഷ്


പാലക്കാട്: വിവാഹസല്‍ക്കാരങ്ങള്‍ക്കായി ലക്ഷങ്ങള്‍ മുടക്കുന്നതാണ് പതിവ് രീതി. എന്നാല്‍ തികച്ചും വ്യത്യസ്തമായ രീതിയില്‍ സല്‍ക്കാര ചെലവ് ഡയാലിസിസ് യൂണിറ്റിന്റെ പ്രവര്‍ത്തനങ്ങള്‍ക്കായി നീക്കിവെച്ച് വേറിട്ട മാതൃകയായിരിക്കുകയാണ് ദമ്പതികള്‍. ഇക്കാര്യം പൊതുസമൂഹത്തെ അറിയിച്ച് പാലക്കാട് എംപി എംബി രാജേഷ് സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച പോസ്റ്റ് ശ്രദ്ധേയമാകുന്നു.
 
എല്ലാ വിവാഹങ്ങളും പോലെയായിരുന്നില്ല ശ്രീജിത്തിന്റെയും വീണയുടെയും. ഞാന്‍ അനേകം കല്യാണങ്ങളില്‍ പങ്കെടുക്കാറുണ്ട്. ഇത് വ്യത്യസ്തമായ ഒരു അനുഭവമായിരുന്നെന്ന് രാജേഷ് ഫെയ്‌സ്ബുക്കില്‍ കുറിച്ചു. വിവാഹത്തോടനുബന്ധിച്ചുള്ള വരന്റെ വീട്ടിലെ വിവാഹ സല്‍ക്കാര ചടങ്ങ് ഒഴിവാക്കി അതിന് ചെലവു വരുമായിരുന്ന 2 ലക്ഷം രൂപയുടെ ചെക്ക് ഒറ്റപ്പാലത്തെ സൗജന്യ ഡയാലിസിസ് യൂണിറ്റിന്റെ പ്രവര്‍ത്തനത്തിനായി എന്നെ ഏല്‍പ്പിച്ചു.വിവാഹം നിശ്ചയിച്ച സമയത്തുതന്നെ ഇങ്ങനെ ഒരു ആശയം ശ്രീജിത്ത് സുഹൃത്തുക്കള്‍ വഴി എന്നെ അറിയിച്ചിരുന്നു. ഞാനതിന് പിന്തുണയും പ്രോത്സാഹനവും നല്‍കിയെന്നും രാജേഷ് പറയുന്നു.

മസ്‌കറ്റ് എയര്‍പോര്‍ട്ടിലെ ഉദ്യോഗസ്ഥനാണ് ശ്രീജിത്ത്.കടമ്പഴിപ്പുറത്തിനടുത്ത് അഴിയന്നൂരില്‍ വേണുഗോപാലന്റെയും ജലജയുടെയും മകനാണ് ശ്രീജിത്ത്. അവര്‍ രണ്ടു പേരുടെയും പരിപൂര്‍ണ്ണ പിന്തുണയും ഈ തീരുമാനത്തില്‍ ഉണ്ട്. ശ്രീജിത്തിന്റെ കസിന്‍ അനൂപും ഭാര്യ ഡോ. ബോബിതയും ഇതുപോലെ വിവാഹസല്‍ക്കാരം ഒഴിവാക്കി 2 ലക്ഷം രൂപ ഡയാലിസിസ് രോഗികള്‍ക്കായി തന്ന കാര്യം ഞാന്‍ ഒരുവര്‍ഷംമുമ്പ് ഇവിടെ പങ്കുവച്ചിരുന്നു. അനൂപിന്റെയും ഡോക്ടര്‍ ബോബിതയുടെയും മാതൃകയാണ് ശ്രീജിത്തിന് പ്രചോദനമായത്. ശ്രീജിത്തിനും ഭാര്യ വീണക്കും നന്മകള്‍ ആശംസിക്കുന്നു. കൂടുതല്‍ യുവതി യുവാക്കള്‍ ഇവരുടെ മാതൃക പിന്തുടരട്ടെ. വിവാഹ ധൂര്‍ത്തും ആര്‍ഭാടവും പതിവ് കാഴ്ചയാകുന്ന ഇക്കാലത്ത് ശ്രീജിത്തിന്റെ നല്ല മാതൃകക്ക് കൂട്ടായി നിന്ന മാതാപിതാക്കളെ അഭിനന്ദിച്ചേ മതിയാവൂ. മകന്റെ തീരുമാനത്തില്‍ അവര്‍ക്ക് അഭിമാനിക്കാമെന്നും രാജേഷ് ഫെയ്‌സ്ബുക്കില്‍ കുറിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com