കുറുമ്പുകാട്ടി പുറത്തിറങ്ങി; മഞ്ഞില്‍ പുതഞ്ഞ് പൂച്ചക്കുട്ടി; മണിക്കൂറുകള്‍ നീണ്ട പരിശ്രമം, ജീവന്‍ തിരിച്ചുകിട്ടി

കൊടുംതണുപ്പില്‍ ശരീരമാസകലം തണുത്തുറഞ്ഞുപോയ ഫ്‌ലഫിയെന്ന മൂന്നുവയസ്സുകാരി പൂച്ചയെ ഏറെ മണിക്കൂറുകള്‍ നീണ്ട പരിശ്രമത്തിനൊടുവിലാണ് ഡോക്ടര്‍മാര്‍  രക്ഷിച്ചത്
കുറുമ്പുകാട്ടി പുറത്തിറങ്ങി; മഞ്ഞില്‍ പുതഞ്ഞ് പൂച്ചക്കുട്ടി; മണിക്കൂറുകള്‍ നീണ്ട പരിശ്രമം, ജീവന്‍ തിരിച്ചുകിട്ടി


മോണ്ടാന:വടക്കേ അമേരിക്കയില്‍ അതിശൈത്യത്തില്‍ മഞ്ഞില്‍ പുതഞ്ഞ് മരണത്തോടു മല്ലിട്ട പൂച്ചയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ താരം. കൊടുംതണുപ്പില്‍ ശരീരമാസകലം തണുത്തുറഞ്ഞുപോയ ഫ്‌ലഫിയെന്ന മൂന്നുവയസ്സുകാരി പൂച്ചയെ ഏറെ മണിക്കൂറുകള്‍ നീണ്ട പരിശ്രമത്തിനൊടുവിലാണ് ഡോക്ടര്‍മാര്‍  രക്ഷിച്ചത്. അമേരിക്കയിലെ മോണ്ടാന സംസ്ഥാനത്തെ കാലിസ്‌പെല്ലിലാണ് സംഭവം.

സ്വതവേ കുറുമ്പിയായ പൂച്ച പലപ്പോഴും വീടിനു പുറത്ത് കറങ്ങിനടക്കുകയാണു പതിവ്. എന്നാല്‍ രക്തംപോലും മരവിച്ചുപോകുന്ന, ദേഹമാസകലം മൂടിപ്പുതച്ചുമാത്രം മനുഷ്യര്‍ പുറത്തിറങ്ങുന്ന കൊടുംതണുപ്പിന്റെ പ്രശ്‌നങ്ങളറിയാതെ ഫ്‌ലഫി ചുറ്റിയടിച്ചതാണ് പണി പാളിയത്.

വീട്ടുകാര്‍ നോക്കുമ്പോള്‍ മഞ്ഞിനടിയില്‍ ഫ്‌ലഫി എന്തോ തിരഞ്ഞു കിടക്കുകയാണെന്നാണ് ആദ്യം തോന്നിയത്. എന്നാല്‍ തണുത്തു മരവിച്ച് ദേഹമാസകലം മഞ്ഞുകട്ടകള്‍ വീണു കിടക്കുകയായിരുന്നുവെന്നു പിന്നീടാണു മനസ്സിലായത്. ഉടന്‍തന്നെ ഫ്‌ലഫിയെ ആശുപത്രിയിലേക്ക് എത്തിച്ചു.ചൂടുവെള്ളവും ഹെയര്‍ െ്രെഡയറും പക്ഷിക്കൂടുകളിലും മറ്റും ചൂട് നല്‍കാനുപയോഗിക്കുന്ന കേജ് വാമറും ഐവി ഫ്‌ലൂയിഡും ഉപയോഗിച്ച് ഡോക്ടര്‍മാര്‍ ഫ്‌ലഫിയെ പരിചരിച്ചു. പൂച്ചകളുടെ ശരീരതാപനില 100 -102ഡിഗ്രി ഫാരന്‍ഹീറ്റാണ്. എന്നാല്‍ ആശുപത്രിയില്‍ എത്തിക്കുമ്പോള്‍ ഫ്‌ലഫിക്കുണ്ടായിരുന്നത് 90 ഡിഗ്രിയും. ഐവി കൊടുക്കാന്‍ ആശുപത്രി ജീവനക്കാര്‍ നന്നേ കഷ്ടപ്പെട്ടു.

ആശുപത്രിയില്‍നിന്നു വീട്ടിലെത്തിയ ഫ്‌ലഫി ഇപ്പോള്‍ സന്തോഷവതിയാണ്. വീട്ടിനുള്ളിലെ ഹീറ്ററിന്റെ ചൂടില്‍ സുഖമായി നടക്കുന്നു. കുറച്ചുകാലത്തേക്ക് ഫ്‌ലഫി ഇനി പുറത്തേക്കുപോകില്ലെന്നാണ് വീട്ടുകാരുടെ പ്രതീക്ഷ.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com