ഒരു കോഴിക്ക് വില ഒന്നര ലക്ഷം! വില്‍ക്കില്ലെന്ന് ഉടമ

തമിഴ്‌നാട് അസീല്‍ ഓര്‍ഗനൈസേഷന്‍ സംഘടിപ്പിച്ച ഗ്രാമീണ വാര്‍ഷിക ചന്തയിലാണ് 'മയില്‍' വിഭാഗത്തില്‍ പെട്ട പൂവന് ഒന്നര ലക്ഷം രൂപ വരെ മുടക്കി സ്വന്തമാക്കാന്‍ ആളുണ്ടായത്
ഒരു കോഴിക്ക് വില ഒന്നര ലക്ഷം! വില്‍ക്കില്ലെന്ന് ഉടമ

ഇടുക്കി: ഒരു പൂവന്‍ കോഴിയുടെ വില ഒന്നര ലക്ഷം രൂപ! കേള്‍ക്കുമ്പോള്‍ അത്ഭുതം തോന്നുന്ന ഈ വിലപേശല്‍ നടന്നത് കേരള- തമിഴ്‌നാട് അതിര്‍ത്തി ജില്ലയായ ഡിന്‍ഡിഗലിലെ അയ്യലൂരിലാണ്. 

തമിഴ്‌നാട് അസീല്‍ ഓര്‍ഗനൈസേഷന്‍ സംഘടിപ്പിച്ച ഗ്രാമീണ വാര്‍ഷിക ചന്തയിലാണ് 'മയില്‍' വിഭാഗത്തില്‍ പെട്ട പൂവന് ഒന്നര ലക്ഷം രൂപ വരെ മുടക്കി സ്വന്തമാക്കാന്‍ ആളുണ്ടായത്. ഉടമയായ നതാം ഗാന്ധി പക്ഷേ വില്‍ക്കാന്‍ തയ്യാറായില്ല. മാസങ്ങള്‍ക്ക് മുന്‍പ് 90,000 രൂപയ്ക്കാണ് നതാം ഗാന്ധി ഇതിനെ സ്വന്തമാക്കിയത്. 

35ഓളം വ്യത്യസ്ത വിഭാഗങ്ങളിലുള്ള 452 പൂവന്‍ കോഴികളായിരുന്നു ഇത്തവണ വില്‍പ്പനയ്‌ക്കെത്തിയത്. കാഗം, കോഴിക്കറുപ്പ്, കൊക്കുവെള്ളൈ, നൂലന്‍, മയില്‍, കരുന്‍ഗീരി സെന്‍ഗീരി, പൂതിസെവല്‍, പൊന്‍രം, ശുദ്ധകറുപ്പ് വിഭാഗങ്ങളിലുള്ള പൂവന്‍ കോഴികളായിരുന്നു മിക്കതും. 5,000 മുതലാണ് ഇവയുടെ വിലയിട്ടിരുന്നത്. 

പൂവന്‍ കോഴികളിലെ വൈവിധ്യങ്ങളെ പരിചയപ്പെടുത്തുകയെന്ന നിലയിലാണ് ഇവിടെ വാര്‍ഷിക ചന്ത സംഘടിപ്പിക്കുന്നത്. കേരളം, തമിഴ്‌നാട്, ആന്ധ്രപ്രദേശ്, ഒഡിഷ, പശ്ചിമ ബംഗാള്‍ സംസ്ഥാനങ്ങളില്‍ നിന്നാണ് പൂവന്‍ കോഴികളെ എത്തിച്ചത്. 

ഏറ്റവും മികച്ച പത്ത് പൂവന്‍ കോഴികളെ കണ്ടെത്തി ഇവയുടെ ഉടമകള്‍ക്ക് രണ്ട് ഗ്രാം വീതമുള്ള സ്വര്‍ണം നാണയം സമ്മാനമായി നല്‍കും. രണ്ടാം സ്ഥാനത്തെത്തുന്ന 20 പൂവന്‍ കോഴികളുടെ ഉടമകള്‍ക്ക് ഒരു ഗ്രാം സ്വര്‍ണ നാണയവും സമ്മാനമായി കിട്ടും. 

അതേസമയം കഴിഞ്ഞ വര്‍ഷം മൂന്ന് ലക്ഷത്തിന് ഒരു പൂവന്‍ കോഴിയെ വിറ്റതായി സംഘാടകര്‍ അവകാശപ്പെട്ടു. ഒമാന്‍ പൗരനായ ഒരു വ്യക്തിയാണ് മൂന്ന് ലക്ഷത്തിന് പൂവനെ സ്വന്തമാക്കിയത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com