ലോകത്തെ 'പച്ച' പിടിപ്പിക്കുന്നത് ഇന്ത്യയും ചൈനയും; നാസ

ലോകത്ത് ഇന്നുള്ള മൂന്നിലൊന്ന് 'പച്ചപ്പും' ഇന്ത്യയിലും ചൈനയിലുമാണ്. ചൈനയിലെ പച്ചപ്പ് കാടുകളാണെങ്കില്‍ ഇന്ത്യയില്‍ കൃഷി ഭൂമിയാണെന്നതാണ് വ്യത്യാസം.
ലോകത്തെ 'പച്ച' പിടിപ്പിക്കുന്നത് ഇന്ത്യയും ചൈനയും; നാസ

ഗോളതാപനത്തില്‍ നിന്നും ലോകത്തെ രക്ഷിക്കുന്നതില്‍ ഏറ്റവും വലിയ പങ്ക് വഹിക്കുന്നത് ഇന്ത്യയും ചൈനയുമെന്ന് നാസ. മരങ്ങള്‍ വച്ച് പിടിപ്പിച്ച് ഹരിതാഭ നിലനിര്‍ത്താന്‍ കഠിന പ്രയത്‌നം നടത്തുന്നത് ഫലം കണ്ട് തുടങ്ങുന്നുവെന്നാണ് നാസയുടെ പഠന റിപ്പോര്‍ട്ട് പറയുന്നത്. 20 വര്‍ഷം മുന്‍പുണ്ടായിരുന്ന പച്ചപ്പിലേക്ക് തിരികെയെത്താന്‍ ഇരു രാജ്യങ്ങള്‍ക്കും സാധിച്ചു.

ലോകത്ത് ഇന്നുള്ള മൂന്നിലൊന്ന് 'പച്ചപ്പും' ഇന്ത്യയിലും ചൈനയിലുമാണ്. എന്നാല്‍ ഭൂമിയുടെ ആകെ ഒന്‍പത് ശതമാനത്തില്‍ താഴെ മാത്രമാണ് സസ്യജാലങ്ങളെ കൊണ്ട് നിറഞ്ഞിരിക്കുന്നതെന്നതാണ് മറ്റൊരു വസ്തുത. വലിയ ജനസംഖ്യാ വിസ്‌ഫോടനങ്ങള്‍ക്കിടയിലും ഇന്ത്യയും ചൈനയും ഈ നേട്ടം കൈവരിച്ചത് പ്രശംസാര്‍ഹമാണെന്നും നാസ വ്യക്തമാക്കി. 

ചൈനയിലെ പച്ചപ്പ് കാടുകളാണെങ്കില്‍ ഇന്ത്യയില്‍ കൃഷി ഭൂമിയാണെന്നതാണ് വ്യത്യാസം. വനവിസ്തൃതി 4.4 ശതമാനത്തിലേക്ക് കുറഞ്ഞത് ഇന്ത്യയില്‍ പ്രതിസന്ധിക്ക് കാരണമായേക്കുമെന്നും റിപ്പോര്‍ട്ട് മുന്നറിയിപ്പ് നല്‍കുന്നു. ഭൂമിയുടെ മൂന്നിലൊന്ന് ഹരിതാഭമായിക്കൊണ്ടിരിക്കുമ്പോള്‍ 5 ശതമാനം സ്ഥലത്തെ കാടുകള്‍ നശിക്കുകയാണ്. 

20 വര്‍ഷം നീണ്ട പഠനത്തിനൊടുവിലാണ് നാസ റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചിരിക്കുന്നത്. ഭൂതല, അന്തരീക്ഷ ഉപഗ്രഹങ്ങളുടെയും സഹായം ഇതിനായി തേടിയിട്ടുണ്ട്. ഇന്തൊനേഷ്യയാണ് ഏറ്റവും കുറവ് പച്ചപ്പ് ലോകത്തിന് സംഭാവന ചെയ്ത രാജ്യമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

എന്നാല്‍ വര്‍ധിച്ചു വരുന്ന ആഗോളതാപനവും, ഭൂഗര്‍ഭജലം കുറയുന്നതും ഇന്ത്യയിലെ പച്ചപ്പിനെ ദോഷകരമായി ബാധിച്ചേക്കാനുള്ള സാധ്യതയുണ്ടെന്ന് ഗവേഷകര്‍ പറയുന്നു. നദീജല സ്രോതസ്സുകള്‍ക്ക് പുറമേ ഭൂഗര്‍ഭ ജലമാണ് ഇന്ത്യയിലെ കൃഷിയെ നിലനിര്‍ത്തുന്നത്. ഇതില്‍ കുറവ് ഉണ്ടാകുന്നത് ഭക്ഷ്യസുരക്ഷയ്ക്ക് തന്നെ വിഘാതം സൃഷ്ടിക്കാനുള്ള സാധ്യതകളുണ്ടെന്നും പഠനം പറയുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com