മുതല മുത്തച്ഛന് വിട നല്‍കാന്‍ ഉപവസിച്ച് ഗ്രാമവാസികള്‍; തൊട്ടുവണങ്ങി സംസ്‌കാരം, സ്മരണയ്ക്കായി ക്ഷേത്രം

ഒരു ദിവസം ഭക്ഷണം പോലും കഴിക്കാതെയാണ് ഗംഗാറാമിന്റെ വിയോഗ ദുഃഖത്തില്‍ ഗ്രാമവാസികള്‍ പങ്കുചേര്‍ന്നത്
മുതല മുത്തച്ഛന് വിട നല്‍കാന്‍ ഉപവസിച്ച് ഗ്രാമവാസികള്‍; തൊട്ടുവണങ്ങി സംസ്‌കാരം, സ്മരണയ്ക്കായി ക്ഷേത്രം

റായ്പൂര്‍ : 130 വയസ്സുള്ള 'ഗംഗാറാ'മിന്റെ വിയോഗത്തില്‍ വിലപിക്കുകയാണ് ഛത്തീസ് ഗഡിലെ ബാവ മൊഹ്താര ഗ്രാമം. ഒരു ദിവസം ഭക്ഷണം പോലും കഴിക്കാതെയാണ് ഗംഗാറാമിന്റെ വിയോഗ ദുഃഖത്തില്‍ ഗ്രാമവാസികള്‍ പങ്കുചേര്‍ന്നത്. ഗംഗാറാമിന്റെ സമരണയ്ക്കായി സ്മാരകം നിര്‍മ്മിക്കാനും, ഇതിനോട് അനുബന്ധമായി ക്ഷേത്രം നിര്‍മ്മിക്കാനും ഗ്രാമവാസികള്‍ ആലോചിക്കുന്നു. 

ഗ്രാമത്തിലെ കുളത്തിലെ മുതലയാണ് 'ഗംഗാറാം'. 3.4 മീറ്റര്‍ നീളമുള്ള മുതല ചൊവ്വാഴ്ചയാണ് കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് ഗ്രാമവാസികള്‍ അറിയിച്ചതിനെ തുടര്‍ന്ന് വനംവകുപ്പ് അധികൃതരെത്തി മുതലയെ പുറത്തെടുത്തു. മുതലയുമായുള്ള ഗ്രാമവാസികളുടെ ആത്മബന്ധം മനസ്സിലാക്കിയ വനംവകുപ്പ് പോസ്റ്റ് മോര്‍ട്ടത്തിന് ശേഷം മൃതശരീരം നാട്ടുകാര്‍ക്ക് വിട്ടുകൊടുത്തു. 

ഗംഗാറാമിനെ ദൈവത്തിന്റെ പ്രതിനിധിയായാണ് നാട്ടുകാര്‍ കണ്ടിരുന്നത്. നൂറു വര്‍ഷത്തിലേറെയായി മുതല ഗ്രാമത്തിലെ കുളത്തിലുണ്ട്. അന്തരിച്ച തന്റെ മുത്തച്ഛന്‍ ഈ മുതലയെ കണ്ട കാര്യം പറഞ്ഞിട്ടുണ്ടെന്ന് ഗ്രാമമുഖ്യനായ മോഹന്‍ സാഹു പറഞ്ഞു. കുട്ടികളടക്കം നിരവധി പേരാണ് ദിനംപ്രതി കുളത്തില്‍ കുളിക്കാനും തുണി കഴുകാനും പോകുന്നത്. ഇതുവരെ മുതല ആരെയും ഉപദ്രവിച്ചിട്ടില്ല. കുട്ടികള്‍ അടക്കം മുതലയുടെ സമീപത്തുകൂടി നീന്തിക്കളിക്കാറുണ്ടെന്നും സാഹു പറഞ്ഞു. 

മുതലയുടെ ഭൗതികശരീരത്തില്‍ തൊട്ടു വണങ്ങി അനുഗ്രഹം നേടാന്‍ അഞ്ഞൂറിലേറെ നാട്ടുകാരാണ് തടിച്ചുകൂടിയത്. ഗംഗാറാമിന്റെ സംസ്‌കാര ചടങ്ങില്‍ ഭക്ഷണം ഉപേക്ഷിച്ചാണ് ഗ്രാമവാസികള്‍ പങ്കെടുത്തത്. കുളത്തിന് സമീപമാണ് മുതലയെ സംസ്‌കരിച്ചത്. ഗ്രാമത്തിന്റെ രക്ഷകനെന്ന് നിശ്വസിക്കപ്പെടുന്ന ഗംഗാറാമിന്റെ സ്മരണയ്ക്കായി ക്ഷേത്രം നിര്‍മ്മിക്കാനും പദ്ധതിയുണ്ടെന്ന് സര്‍പഞ്ച് മോഹന്‍ സാഹു വ്യക്തമാക്കി. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com