ചന്ദ്രനില്‍ 'വിത്ത്' മുളപ്പിച്ച് ചൈന ; ചരിത്ര നേട്ടമെന്ന് ശാസ്ത്ര ലോകം
By സമകാലിക മലയാളം ഡെസ്‌ക് | Published: 15th January 2019 06:17 PM |
Last Updated: 15th January 2019 06:17 PM | A+A A- |
ചന്ദ്രനില്‍ ഭാവിയില്‍ കൃഷി നടക്കുമോ? ഇപ്പോള്‍ അതിശയം തോന്നിയാലും അതിനുള്ള സാധ്യതകള്‍ പൂര്‍ണമായും തള്ളിക്കളയേണ്ടെന്നാണ് ശാസ്ത്രലോകത്ത് നിന്നുള്ള വാര്‍ത്തകള്‍ പറയുന്നത്. ചൈനയുടെ ചാന്ദ്ര ദൗത്യമായ ചാങ്- ഇ-4 ആണ് ഭൂമിയില്‍ നിന്നും വിത്ത് ചന്ദ്രനിലേക്ക് എത്തിച്ചത്. ഇത് മുളച്ച കാര്യം സ്ഥിരീകരിച്ച് ചൈനീസ് നാഷ്ണല്‍ സ്‌പൈസ് അഡ്മിനിസ്‌ട്രേഷന്‍ വാര്‍ത്താക്കുറിപ്പ് പുറത്തിറക്കിയിരുന്നു.
ചന്ദ്രോപരിതലത്തില്‍ നടക്കുന്ന ജൈവിക പ്രവര്‍ത്തനങ്ങളാണ് വിത്ത് മുളയ്ക്കുന്നതിന് കാരണമായിട്ടുള്ളതെന്ന് ശാസ്ത്ര സംഘം പറയുന്നു. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ മുന്‍പ് ചെടി വളര്‍ത്തിയിരുന്നുവെങ്കിലും ചന്ദ്രനില്‍ ഇത് ആദ്യമാണ്.
പുതുവര്‍ഷാരംഭ ദിവസങ്ങളിലാണ് ചൈനയുടെ ചാന്ദ്രദൗത്യമായ ചാങ് ഇ-4 ചന്ദ്രന്റെ ഇരുണ്ട പ്രദേശത്ത് എത്തിയത്. എയ്ത്‌കെന്‍ ബേസിനിലാണ് ചാങ് ഇ-4 ഗവേഷണം നടത്തുക.
ഈ ഭാഗത്ത് നിന്നും സിഗ്നലുകള്‍ ലഭിക്കുക അങ്ങേയറ്റം ദുഷ്‌കരമാണ്. ഈ ഭാഗത്തിന്റെ ചിത്രം 60 വര്‍ഷം മുമ്പ് സോവിയറ്റ് യൂണിയന്‍ പകര്‍ത്തിയിരുന്നുവെങ്കിലും പേടകമിറക്കാന്‍ ആര്‍ക്കും കഴിഞ്ഞിരുന്നില്ല.