അവന്‍ വെറും തെരുവുനായ അല്ല, നാടിന്റെ കാവല്‍ക്കാരന്‍; വിടപറഞ്ഞ പ്രീയപ്പെട്ടവന്റെ ഓര്‍മയില്‍ വിതുമ്പി ഒരു ഗ്രാമം

അവന്റെ ഓര്‍മക്കായി അഞ്ചാം ദിവസം നാട്ടുകാര്‍ അടിയന്തരം വരെ നടത്തി. മുന്നൂറോളം പേരാണ് നായയുടെ മരണാനന്തര ചടങ്ങില്‍ പങ്കെടുക്കാന്‍ എത്തിയത്
അവന്‍ വെറും തെരുവുനായ അല്ല, നാടിന്റെ കാവല്‍ക്കാരന്‍; വിടപറഞ്ഞ പ്രീയപ്പെട്ടവന്റെ ഓര്‍മയില്‍ വിതുമ്പി ഒരു ഗ്രാമം

കുടുക്കിയിലേക്ക് വരുന്നവരെയെല്ലാം എന്നും സ്വീകരിച്ചിരുന്നത് ഒരു നായയായിരുന്നു. പ്രദേശത്ത് ആദ്യമായി കാണുന്നവരെ അവന്‍ സൂഷ്മതയോടെ നിരീക്ഷിത്തു, ഇവനെ ഇവിടെ കണ്ടിട്ടില്ലല്ലോ എന്ന ഭാവത്തില്‍. പരിചയക്കാരാണെങ്കില്‍ അടുത്ത് ചെന്ന് മുട്ടിയുരുമ്മി സ്‌നേഹിക്കും. അവന്റെ കാവലില്‍ ഒരു നാടു മുഴുവന്‍ സമാധാനത്തോടെ ഉറങ്ങി. എന്നാല്‍ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി രാത്രിയില്‍ കടപൂട്ടിപ്പോകുന്നവര്‍ക്ക് കൂട്ടായി വീടുവരെ പോകാനും അതിരാവിലെ മദ്രസക്കുപോകുന്ന കുട്ടികള്‍ക്ക് എസ്‌കോര്‍ട്ടുപോകാനും അവനില്ല. പകരം അവന് അനുശോചനം അറിയിച്ചുകൊണ്ടുള്ള ഫഌക്‌സ് ബോര്‍ഡുകളാണ് കവലയില്‍ നിറയെ. അതിലെ ഓരോ വാക്കും പറയുന്നുണ്ട് ആ നായ എത്രത്തോളം പ്രിയപ്പെട്ടതായിരുന്നു എന്ന്. 

അഞ്ച് ദിവസം മുന്‍പാണ് കുടുക്കിയെ നിശബ്ദമാക്കിക്കൊണ്ട് അവരുടെ പ്രിയപ്പെട്ട നായ വിടപറയുന്നത്. പ്രദേശവാസികള്‍ എല്ലാം ഈ വേര്‍പാടില്‍ തേങ്ങി. അവന്റെ ഓര്‍മക്കായി അഞ്ചാം ദിവസം നാട്ടുകാര്‍ അടിയന്തരം വരെ നടത്തി. മുന്നൂറോളം പേരാണ് നായയുടെ മരണാനന്തര ചടങ്ങില്‍ പങ്കെടുക്കാന്‍ എത്തിയത്. 

ഇതില്‍ നിന്ന് മനസിലാകുമല്ലോ കുടുക്കിയുടെ ആരായിരുന്നു അവനെന്ന്. ബത്തേരി ചീരാലിനടുത്തുള്ള കുടുക്കി അങ്ങാടിയാണ് തങ്ങളുടെ നായയുടെ വേര്‍പാടില്‍ വിതുമ്പിയത്. അത്രത്തോളം പ്രിയപ്പെട്ടതായിരുന്നു അവിടുത്തുകാര്‍ക്ക് ആ നായ. ഒരു വര്‍ഷം മുന്‍പാണ് കുടുക്കിയിലേക്ക് അവന്‍ എത്തുന്നത്. വന്ധ്യംകരണം നടത്തിയ ചെവിയില്‍ ടാഗുള്ള തെരുവ് നായയെ ആരോ കുടുക്കിയില്‍ ഉപേക്ഷിക്കുകയായിരുന്നു. അന്നു മുതല്‍ അവന്‍ കുടുക്കിക്ക് സ്വന്തമായി. 

പതിയെ പതിയെയാണ് അവന്‍ നാടിന്റെ സ്‌നേഹം പിടിച്ചു പറ്റിയത്. എന്നും വൃത്തിയിലാണ് അവന്‍ നടന്നിരുന്നത്. പരിചയമുള്ളവരോട് ചേര്‍ന്നും പരിചയമില്ലാത്തവരില്‍ നിന്ന് അകലം പാലിക്കുകയും ചെയ്തു. ഗ്രാമത്തിലെ സായാഹ്ന സദസ്സുകളിലെ സജീവ പങ്കാളി കൂടിയായിരുന്നു നായ. ഓരോരുത്തരും അവനെ അവര്‍ക്കിഷ്ടമുള്ള പേരുകള്‍ വിളിച്ചു. അങ്ങാടിയില്‍ രാത്രിയില്‍ പരിചയമില്ലാത്തവര്‍ കാലുകുത്തിയാല്‍ അവന്‍ നാട്ടുകാരെ കുരച്ചുണര്‍ത്തുമായിരുന്നു. പുറത്ത് അവനുണ്ടെന്ന ധൈര്യത്തിലായിരുന്നു നാട്ടുകാര്‍ ഉറങ്ങിയത്. 

ഇത്രത്തോളം പ്രിയപ്പെട്ടനായതുകൊണ്ടാകാം അവന്‍ ക്രൂരമായി കൊലചെയ്യപ്പെട്ടത്. ദിവസങ്ങള്‍ക്കുമുമ്പാണ് നായയെ ചത്തനിലയില്‍ കണ്ടത്. വിഷം അകത്തുചെന്നാണ് നായ ചത്തത്. തമിഴ്‌നാട് അതിര്‍ത്തിയായതിനാല്‍ കള്ളക്കടത്തുകാര്‍ ആരെങ്കിലും കൊന്നതാകാനാണ് സാധ്യത. എത്ര കാലം കഴിഞ്ഞാലും കുടുക്കിയുടെ പ്രിയ കാലവല്‍ക്കാരനായി തന്നെ അവന്‍ അറിയപ്പെടും. അത്രത്തോളം സ്‌നേഹം പകര്‍ന്നാണ് അവന്‍ വിടപറഞ്ഞത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com