സ്വന്തം രക്തത്തില്‍ നിന്ന് ബ്യൂട്ടി ക്രീം, വില ഒരു ലക്ഷത്തിനുമേല്‍; വിക്ടോറിയ പരിചയപ്പെടുത്തിയ ക്രീം കണ്ട് ഞെട്ടി ആരാധകര്‍
By സമകാലിക മലയാളം ഡെസ്‌ക് | Published: 16th January 2019 04:53 PM |
Last Updated: 16th January 2019 04:53 PM | A+A A- |
ചര്‍മ്മസംരക്ഷണത്തിന് ഏറ്റവും മികച്ച ഉത്പന്നം നേടിനടക്കുന്നവർക്ക് ഈ വിഭാഗത്തിലുള്ള പുതിയ ഉത്പന്നങ്ങളെക്കുറിച്ച് സെലിബ്രിറ്റികൾ അറിവ് നല്‍കുന്നത് പുതിയ കാര്യമല്ല. ഉപഭോക്താക്കളിൽ മിക്കവർക്കും ഫലപ്രദമായ സൗന്ദര്യവര്‍ദ്ധക വസ്തുക്കള്‍ സ്വന്തമാക്കാന്‍ പ്രേരണയാകുന്നത് ഇവരുടെ വാക്കുകളാണ്. എന്നാല്‍ ഫാഷന്‍ രംഗത്തെ പ്രമുഖ പേരുകളില്‍ ഒന്നായ വിക്ടോറിയ ബെക്കാം കഴിഞ്ഞ ദിവസം പരിചയപ്പെടുത്തിയ പുതിയ മോയിസ്ചറൈസിങ് ക്രീം കണ്ട് ഞെട്ടിയിരിക്കുകയാണ് ആരാധകര്‍.
ഇംഗ്ലണ്ട് ഫുട്‌ബോള്‍ താരം ഡേവിഡ് ബെക്കാമിന്റെ ഭാര്യയും പ്രമുഖ ഫാഷന്‍ ഡിസൈനറുമായ വിക്ടോറിയ തന്റെ ഇന്‍സ്റ്റഗ്രാം പേജിലൂടെയാണ് ഇതേക്കുറിച്ച് പങ്കുവച്ചത്. സ്വന്തം രക്തം ഉപയോഗിച്ചുള്ള ക്രീമാണ് വിക്ടോറിയ ആരാധകര്‍ക്ക് പരിചയപ്പെടുത്തിയത്. 1200 പൗണ്ട് (ഏകദേശം ഒരു ലക്ഷത്തിലധികം രൂപ) ആണ് ഇതിന്റെ വില.
സെലിബ്രിറ്റികള്‍ക്കിടയില്‍ പ്രിയങ്കരിയായ ഡോ ബാര്‍ബറാ സ്റ്റുറം ആണ് വിക്ടോറിയയ്ക്കായി ഈ ക്രീം തയ്യാറാക്കി നല്‍കിയത്. ഈ ആഴ്ച ഉപയോഗിക്കുന്ന പ്രൊഡക്ടുകള്‍ എന്ന് അറിയിച്ചുകൊണ്ടാണ് ആദ്യം ക്രീം അവതരിപ്പിച്ചത്. പിന്നീട് കുറച്ചുകൂടെ വ്യക്തമായ ചിത്രം പങ്കുവച്ചശേഷം ക്രീമിന്റെ പ്രത്യേകതയെക്കുറിച്ചും വിക്ടോറിയ കുറിച്ചു.
തന്റെ രക്തത്തിലെ കോശങ്ങള്‍ ഉപയോഗിച്ചാണ് ക്രീം തയ്യാറാക്കിയിരിക്കുന്നതെന്ന് വിക്ടോറിയ തന്നെയാണ് അറിയിച്ചത്. ക്രീം ഉപയോഗിച്ചശേഷം ചര്‍മ്മത്തിന് വളരെ മികച്ച അനുഭവമാണെന്നും ചര്‍മ്മം വളരെ മൃദുലവും തെളിച്ചമേറിയതുമായി തോന്നുന്നെന്നുമായിരുന്നു വിക്ടോറിയയുടെ പ്രതികരണം.