മകന്റെ ഓര്‍മ്മയില്‍ ജീവിച്ച ഒരച്ഛന്‍; ക്ലിന്റിനെ തനിച്ചാക്കി ജോസഫേട്ടന്‍ പോയി  

മകന്റെ ഓര്‍മ്മയില്‍ ജീവിച്ചിരുന്ന  ഒരച്ഛന്റെ വേര്‍പാട് എല്ലാവരെയും ഒരുപാട് വേദനിപ്പിക്കുന്നു.  
മകന്റെ ഓര്‍മ്മയില്‍ ജീവിച്ച ഒരച്ഛന്‍; ക്ലിന്റിനെ തനിച്ചാക്കി ജോസഫേട്ടന്‍ പോയി  

ഹരികുമാര്‍ സംവിധാനം ചെയ്ത ക്ലിന്റ് എന്ന ചിത്രത്തിന് വേണ്ടി തിരക്കഥയെഴുതാനുള്ള തയ്യാറെടുപ്പിനിടയിലാണ് ജോസഫേട്ടനെ ആദ്യമായി കാണുന്നത്. കൊച്ചിയിലെ വീട്ടില്‍ പോയി കാണുകയായിരുന്നു. ക്ലിന്റിനെ കുറിച്ചുള്ള അവരുടെ ഓര്‍മകള്‍ ചികഞ്ഞെടുക്കുകയായിരുന്നു ഉദ്ദേശം. ക്ലിന്റിന്റെ ഓര്‍മകളില്‍ ജീവിക്കുകയായിരുന്നു ജോസഫേട്ടനും ചിന്നമ്മ ചേച്ചിയും എന്നാണ് എനിക്ക് ബോധ്യപ്പെട്ടത്. ക്ലിന്റ് വരച്ച ചിത്രം നേരില്‍ കാണണമെന്ന് ആഗ്രഹം പ്രകടിപ്പിച്ചപ്പോള്‍ ജോസഫേട്ടന്‍ ചിത്രങ്ങള്‍ സൂക്ഷിച്ച അടച്ചിട്ട മുറിയുടെ വാതിലില്‍ ചെന്ന് മുട്ടിവിളിക്കുകയാണ്. ക്ലിന്റ് മോനെ, മോന്റെ ചിത്രങ്ങള്‍ കാണുന്നതിനായി ഹരികുമാര്‍ സാറും മോഹന്‍കുമാര്‍ സാറും വന്നിട്ടുണ്ട്. അനുവാദം വാങ്ങിയ ശേഷമാണ് ജോസഫേട്ടന്‍ മുറിയുടെ വാതില്‍ തുറന്ന് അകത്ത് കയറി ചിത്രങ്ങള്‍ എടുത്തുകൊണ്ട് വന്നത്. ക്ലിന്റ് മരിച്ചുപോയി എന്ന് വിശ്വസിക്കാന്‍ ജോസഫേട്ടനും ചിന്നമ്മ ചേച്ചിയും തയ്യാറായിരുന്നില്ല. ക്ലിന്റ് അവരോടൊപ്പം ജീവിച്ചിരുന്നു എന്ന് തന്നെയാണ് രണ്ടുപേരും വിശ്വസിച്ചിരുന്നത്. അത്രയ്ക്ക് ഇഴയടുപ്പമുള്ള ആത്മബന്ധം ക്ലിന്റുമായി ഇവര്‍ക്കുണ്ടായിരുന്നു.

അത്ഭുതകരമായി തോന്നിയത് അച്ഛനും മകനും, അമ്മയും മകനും എന്നതിലപ്പുറം ഒരാത്മബന്ധം അവര്‍ തമ്മിലുണ്ടായിരുന്നു. ക്ലിന്റ് ജോസഫേട്ടനെ പപ്പു എന്നാണ് വിളിച്ചിരുന്നത്. ഒരിക്കല്‍ ജോസഫേട്ടന്‍ പറഞ്ഞു. ക്ലിന്റ് മരിച്ചുകൊണ്ടിരിക്കുകയാണെന്ന ബോധ്യത്തില്‍ ക്ലിന്റിനെ ചിരിപ്പിക്കാനായി ഇടയ്ക്ക് ഇടയ്ക്ക് തമാശ പറയുമായിരുന്നു. എന്നാല്‍ ക്ലിന്റ് അപൂര്‍വമായി മാത്രമെ ചിരിക്കാറുണ്ടായിരുന്നുള്ളു. അപൂര്‍വമായ ആ ചിരി കാണാന്‍ ജോസഫേട്ടന്‍ ഒരിക്കല്‍ ക്ലിന്റിനോട് ചോദിച്ചു. മോനേ, പപ്പയെന്താണ് നിന്നെ മോനെ എന്ന് വിളിക്കുന്നത് എന്നറിയാമോ, ഇല്ലെന്നായിരുന്നു ക്ലിന്റിന്റെ മറുപടി. മോണ്‍സ്റ്റര്‍ എന്നതിന്റെ ചുരുക്കപ്പേരായാണ് മോന്‍ എന്ന് വിളിക്കുന്നത്. അതിന്റെ അര്‍ത്ഥം അറിയാല്ലോ എന്ന് ചോദിച്ചപ്പോള്‍ ക്ലിന്റ് കാര്യം മനസ്സിലായെന്ന് പറഞ്ഞ് തലയാട്ടി. അര്‍ത്ഥം മനസ്സിലാക്കിയ ക്ലിന്റ് ചിരിച്ച് കൊണ്ട് കുനിഞ്ഞിരുന്ന് വരയ്ക്കുകയായിരുന്നെന്നു. സാധാരണനിലയില്‍ ഒരു ആറ് വയസ്സുള്ള കുട്ടി എന്നതിലപ്പുറമുള്ള തലത്തിലേക്കായിരുന്നു ബന്ധം വളര്‍ന്നുവന്നത്. അത് എനിക്ക് അവരിലൂടെയുള്ള കേട്ടറിവിലൂടെ ബോധ്യപ്പെട്ടതാണ്. 

ക്ലിന്റിന് ശേഷം വേറെ ഒരു കുട്ടിവേണ്ടെന്ന് അവര്‍ തീരുമാനിച്ചത് തന്നെ ക്ലിന്റിന്റെ ഓര്‍മകളില്‍ ജീവിക്കാനാണ്. ആ ഓര്‍മ്മകളില്‍ ജീവിക്കുന്നത് അവര്‍ ആസ്വദിക്കുകയും ചെയ്തിരുന്നു. അവിടെ കയറി ചെന്നാല്‍ ക്ലിന്റിന്റെ സാന്നിധ്യം നമുക്ക് ബോധ്യപ്പെടും. ആ രീതിയിലാണ് അവര്‍ ആ വീടിനെ ഒരുക്കിയിരുന്നത്. ക്ലിന്റിനൊടൊപ്പം തന്നെയാണ് അവര്‍ ജീവിച്ചിരുന്നത്. ജോസഫ് ഏട്ടന്‍ വേര്‍പ്പെടുന്നതുവരെ ക്ലിന്റുമായി ബന്ധപ്പെട്ടിരുന്നു. ക്ലിന്റ് ഭൗതികമായി ഇല്ലെങ്കിലും അവര്‍ തമ്മിലുള്ള ആത്മബന്ധം വേറെ തലത്തിലേക്ക് മാറിയിരുന്നു. 

രണ്ട് മാസം മുന്‍പാണ് ജോസഫേട്ടനെ അവസാനമായി വിളിച്ചത്. കൊച്ചിയില്‍ വരുമ്പോള്‍ കാണാം എന്ന് പറഞ്ഞിരുന്നു. എന്തുകൊണ്ടോ അത് നടക്കാതെ പോയി. ജോസഫേട്ടന്റെ വേര്‍പാട് വല്ലാത്ത വിഷമം ഉണ്ടാക്കുന്നു. പരിചയപ്പെട്ടതുമുതല്‍ മാനസികമായി ഏറെ അടുത്തിരുന്നു. ചിത്രത്തിന്റെ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് പലയിടങ്ങളില്‍ നിന്നും കേട്ട ആശങ്കയുമായി ജോസഫേട്ടന്‍ എന്നെ പലതവണ വിളിച്ചിരുന്നു. ക്ലിന്റിനെ കുറിച്ചുള്ള  ചിത്രം ചെയ്യുമ്പോള്‍ എത്രമാത്രം യാഥാര്‍ത്ഥ്യബോധത്തോടെയാവും സമീപിക്കുക എന്നതായിരുന്നു ആശങ്ക. അപ്പോഴൊക്കെ ക്ലിന്റിന്റെ പ്രതിഭ തെളിയിക്കുന്ന ചിത്രമായിരിക്കുമെന്ന് ഞങ്ങള്‍ പറയുമായിരുന്നു. ചിത്രം കണ്ട ശേഷം ജോസഫേട്ടന്‍ ഏറെ സന്തോഷവാനായിരുന്നു. മകന്റെ ഓര്‍മ്മയില്‍ ജീവിച്ചിരുന്ന  ഒരച്ഛന്റെ വേര്‍പാട് എല്ലാവരെയും ഒരുപാട് വേദനിപ്പിക്കുന്നു. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com