യഥാര്‍ത്ഥ പൊന്ന് വാക്കാണ്: സ്വര്‍ണ്ണത്തിന്റെ മുന്നില്‍ വാക്ക് പതറാതെ പ്രവാസി മാതൃകയായി

സമ്മാനമടിച്ചാല്‍ കിട്ടുന്നതില്‍ പാതി തനിക്കെന്ന് തമാശയായി പറഞ്ഞാണ് അദ്ദേഹം മടങ്ങിയത്. 
യഥാര്‍ത്ഥ പൊന്ന് വാക്കാണ്: സ്വര്‍ണ്ണത്തിന്റെ മുന്നില്‍ വാക്ക് പതറാതെ പ്രവാസി മാതൃകയായി

ദുബായ്: വിസ റദ്ദാക്കി നാട്ടിലേക്ക് മടങ്ങുന്നതിന് മുന്‍പ് പുതുച്ചേരി കടലൂര്‍ സ്വദേശി കൃപാശങ്കര്‍ സഹമുറിയനായ പത്തനംതിട്ട മെഴുവേലി സ്വദേശി ഷൈജുവിന് ഏതാനും സമ്മാനക്കൂപ്പണുകള്‍ നല്‍കി. സമ്മാനമടിച്ചാല്‍ കിട്ടുന്നതില്‍ പാതി തനിക്കെന്ന് തമാശയായി പറഞ്ഞാണ് അദ്ദേഹം മടങ്ങിയത്. 

ഒരുപക്ഷേ ഭാഗ്യം കനിയുമെന്ന് അയാള്‍ ഒരിക്കലും പ്രതീക്ഷിച്ച് കാണില്ല. പക്ഷേ ഭാഗ്യദേവത ഇവര്‍ക്കിടയില്‍ പ്രത്യക്ഷപ്പെടുകയായിരുന്നു. പിറ്റേന്നുരാത്രിതന്നെ കൃപാശങ്കറിന്റെ വാക്ക് യാഥാര്‍ഥ്യമായി. അന്നത്തെ നറുക്കെടുപ്പിലെ കാല്‍കിലോ സ്വര്‍ണം വീതമുള്ള നാല് സമ്മാനത്തിലൊന്ന് കൃപാശങ്കറിന്റെ ടിക്കറ്റിനായിരുന്നു.

ഈ വിവരം കൃപാശങ്കറിനെ അറിയിച്ച് സമ്മാനത്തുകയുടെ പാതി കൃത്യമായി ഏല്‍പ്പിച്ചാണ് ഷൈജു എന്ന നല്ല മനുഷ്യന്‍ മാതൃക കാണിച്ചത്. സമ്മാനം വാങ്ങിയശേഷം പാതി സ്വര്‍ണത്തിന്റെ വില ഷൈജു കൃത്യമായി കൃപാശങ്കറിന് നാട്ടിലേക്ക് അയച്ചുകൊടുത്തു. സ്വര്‍ണത്തിനേക്കാള്‍ വിലയുണ്ട് വാക്കിനും വിശ്വസ്തതയ്ക്കുമെന്നും ഷൈജുവും കൃപാശങ്കറും ലോകത്തിനുമുന്നില്‍ കാണിച്ചുകൊടുക്കുകയായിരുന്നു.

ഉമല്‍ഖുവൈനില്‍ എന്‍ജിനീയറായി നാലുവര്‍ഷമായി ജോലിചെയ്ത് വരികയായിരുന്നു കൃപാശങ്കര്‍. പതിമൂന്ന് വര്‍ഷമായി ഷൈജുവും ഉമല്‍ഖുവൈനിലെ സ്വകാര്യസ്ഥാപനത്തില്‍ ജോലിചെയ്യുന്നുണ്ട്. മൂന്നുവര്‍ഷമായി ഇരുവരും ഒരുമിച്ചാണ് താമസവും. വിസ റദ്ദാക്കി നാട്ടിലേക്ക് ജനുവരി ഏഴിന് രാത്രിയായിരുന്നു കൃപാശങ്കറിന് തിരിച്ചുപോകേണ്ടിയിരുന്നത്. 

വീട്ടിലേക്ക് തിരിച്ച് പോകുന്നതിനു മുന്‍പ് സ്വര്‍ണം വാങ്ങാന്‍ കൂടെപ്പോയത് ഷൈജുവായിരുന്നു. ഉമല്‍ഖുവൈനിലെ മലബാര്‍ ഗോള്‍ഡിന്റെ ശാഖയില്‍നിന്ന് ആറായിരം ദിര്‍ഹത്തിന്റെ മാല വാങ്ങിയപ്പോള്‍ ലഭിച്ച 12 സമ്മാനക്കൂപ്പണും ഷൈജുവിന്റെ പേരില്‍ എഴുതിയാണ് കൃപാശങ്കര്‍ അന്നുരാത്രി നാട്ടിലേക്ക് ഫ്‌ലൈറ്റ് കയറിയത്. 

എട്ടിന് രാത്രി സമ്മാനം കിട്ടിയ വിവരം അറിഞ്ഞതോടെ മാല വാങ്ങിയ ബില്‍ കോപ്പി കൃപാശങ്കര്‍ ഷൈജുവിന് അയച്ചുകൊടുത്തു. തുടര്‍ന്ന് എല്ലാ രേഖകളും നല്‍കി ഷൈജു സമ്മാനം ഏറ്റുവാങ്ങി. കൃത്യമായി പാതി തുക കൂട്ടുകാരന് അയച്ചുകൊടുക്കുകയും ചെയ്തു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com