'ഇപ്പോള്‍ എന്റെ നിയന്ത്രണത്തിനുമപ്പുറം, വിവാദങ്ങള്‍ ഉറക്കമില്ലാത്ത രാത്രികള്‍ നല്‍കി'

'അത് എന്റെ ഷോ ആയതിനാല്‍ അതിന്റെ ഉത്തരവാദിത്തം എനിക്കാണ് - അത് എന്റെ വേദിയായിരുന്നു - പരിപാടി നല്ലതായാലും മോശമായാലും അതിന്റെ ഉത്തരവാദിത്തം എനിക്കാണ്
'ഇപ്പോള്‍ എന്റെ നിയന്ത്രണത്തിനുമപ്പുറം, വിവാദങ്ങള്‍ ഉറക്കമില്ലാത്ത രാത്രികള്‍ നല്‍കി'

ചാനല്‍ പരിപാടിയില്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങളായ ഹാര്‍ദ്ദിക് പാണ്ഡ്യയും കെഎല്‍ രാഹുലും നടത്തിയ വിവാദപരാമര്‍ശത്തില്‍ പ്രതികരിച്ച് കോഫി വിത്ത് കരണ്‍ ഷോയുടെ അവതാരകനും സംവിധായകനുമായ  കരണ്‍ ജോഹര്‍. ക്രിക്കറ്റ് താരങ്ങള്‍ വിവാദത്തില്‍ പെട്ടതിന്റെ ഉത്തരവാദിത്തം തനിക്കാണെന്നും, അതിഥികള്‍ പറയുന്ന ഉത്തരങ്ങള്‍ നിയന്ത്രിക്കാനാകില്ലെന്നും കരണ്‍ ജോഹര്‍ പറഞ്ഞു.

'അത് എന്റെ ഷോ ആയതിനാല്‍ അതിന്റെ ഉത്തരവാദിത്തം എനിക്കാണ്. അത് എന്റെ വേദിയായിരുന്നു. പരിപാടി നല്ലതായാലും മോശമായാലും അതിന്റെ ഉത്തരവാദിത്തം എനിക്കാണ്. ഇത് ചിന്തിച്ച് എനിക്ക് ഒരുപാട് ഉറക്കമില്ലാത്ത രാത്രികള്‍ ഉണ്ടായിട്ടുണ്ട്. ഈ നഷ്ടം എങ്ങനെ നികത്താനാകുമെന്നും ആര് എന്റെ വാക്ക് കേള്‍ക്കുമെന്നായിരുന്നു ചിന്ത. അത് ഇപ്പോള്‍ എന്റെ നിയന്ത്രണത്തിനും അപ്പുറത്ത് എത്തിയിരിക്കുകയാണ്'. കരണ്‍ ജോഹര്‍ പറഞ്ഞു. 

പരിപാടിയില്‍ ഇരുവരും നടത്തിയ സ്ത്രീവിരുദ്ധ പരാമര്‍ശമായിരുന്നു വിവാദത്തിനാധാരം. ഇതിന് പിന്നാലെ ഇരുവരേയും ടീമില്‍ നിന്ന് പുറത്താക്കുകയും ബിസിസിഐ അന്വേഷണം പ്രഖ്യാപിക്കുകയും ചെയ്തു. 

ഇരുവരുടേയും പരാമര്‍ശം അനാവശ്യമായിരുന്നെന്നും എന്നാല്‍ അന്ന് എന്താണ് സംഭവിക്കുന്നതെന്ന് ചിന്തിച്ചില്ലെന്നും കരണ്‍ പറഞ്ഞു. 'ഞാന്‍ സ്വയം പ്രതിരോധിക്കുകയല്ല, ഷോയില്‍ സ്ത്രീകള്‍ അടക്കമുളള അതിഥികളോട് ചോദിക്കുന്ന ചോദ്യമാണ് അവരോടും ചോദിച്ചത്. ദീപിക പദുകോണിനോടും ആലിയ ഭട്ടിനോടും ഇതേ ചോദ്യം ഞാന്‍ ചോദിച്ചിരുന്നു. പക്ഷെ ലഭിക്കുന്ന ഉത്തരത്തില്‍ എനിക്ക് നിയന്ത്രണം ചെലുത്താനാവില്ല.

പാണ്ഡ്യയ്ക്കും രാഹുലിനും സംഭവിച്ചതില്‍ എനിക്ക് ഖേദമുണ്ട്. അവരുടെ പരാമര്‍ശം കൈവിട്ട് പോയതാണെന്ന് സമ്മതിച്ച് ഞാന്‍ ക്ഷമാപണം നടത്താം. അവരുടെ പരാമര്‍ശത്തിലും കൂടുതല്‍ അവര്‍ ഇപ്പോള്‍ അനുഭവിച്ചിട്ടുണ്ട്.' കരണ്‍ ജോഹര്‍ പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com