ഇതാണ് സ്‌നേഹം; ഹൃദയാഘാതത്തെ തുടര്‍ന്ന് കുഴഞ്ഞു വീണ ഉടമയെ രക്ഷിച്ചത് വളര്‍ത്തുനായ

ഹൃദയാഘാതത്തെ തുടര്‍ന്ന് 65 വയസുകാരനായ സന്‍ചേതി കുഴഞ്ഞു വീണപ്പോള്‍ ബ്രൗണിയുടെ സമയോചിത ഇടപെടല്‍ അദ്ദേഹത്തിന്റെ ജീവന്‍ രക്ഷിച്ചു
ഇതാണ് സ്‌നേഹം; ഹൃദയാഘാതത്തെ തുടര്‍ന്ന് കുഴഞ്ഞു വീണ ഉടമയെ രക്ഷിച്ചത് വളര്‍ത്തുനായ

പൂനെ: മനുഷ്യരുടെ അടുത്ത സുഹൃത്താണ് നായ്ക്കള്‍ എന്ന് പറയാറുണ്ട്. അതിനെ ശരിവയ്ക്കുന്ന നിരവധി അനുഭവങ്ങള്‍ നമുക്ക് ചുറ്റും സംഭവിക്കാറുമുണ്ട്. പൂനെയില്‍ നിന്നുള്ള അത്തരമൊരു വാര്‍ത്തയാണ് ഇപ്പോള്‍ ശ്രദ്ധേയമാകുന്നത്.

തന്റെ ഉടമയുടെ ജീവന്‍ രക്ഷിച്ച് കൈയടി നേടിയിരിക്കുകയാണ് ഡോക്ടര്‍ രമേഷ് സാന്‍ചേതിയുടെ പ്രിയപ്പെട്ട ബ്രൗണി എന്ന നായ. ഹൃദയാഘാതത്തെ തുടര്‍ന്ന് 65 വയസുകാരനായ സന്‍ചേതി കുഴഞ്ഞു വീണപ്പോള്‍ ബ്രൗണിയുടെ സമയോചിത ഇടപെടല്‍ അദ്ദേഹത്തിന്റെ ജീവന്‍ രക്ഷിച്ചു. 

ഡോക്ടറായ രമേഷ് സാന്‍ചേതിയും അയല്‍ക്കാരനായ അമിത് ഷായും പതിനാറ് വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് ബ്രൗണിയെ സ്വന്തമാക്കിയത്. തുടര്‍ന്ന് ഇരുവരും കൂടി തങ്ങളുടെ അപ്പാര്‍ട്ട്‌മെന്റില്‍ ബ്രൗണിയെ വളര്‍ത്തുകയായിരുന്നു. എന്നാല്‍ ബ്രൗണിക്ക് രണ്ട് വര്‍ഷം മുന്‍പ് കിഡ്‌നിക്ക് പ്രശ്‌നം വന്നതോടെ സാന്‍ചേതിയുടെ പ്രത്യേക നിയന്ത്രണത്തിലായിരുന്നു ബ്രൗണി.

ഇക്കഴിഞ്ഞ ബുധനാഴ്ചയാണ് ഹൃദയാഘാതത്തെ തുടര്‍ന്ന് സാന്‍ചേതി കിടപ്പ് മുറിയില്‍ കുഴഞ്ഞുവീണത്. വീട്ടില്‍ മറ്റാരും ഇല്ലായിരുന്നു. അദ്ദേഹത്തിന്റെ ഭാര്യ മുംബൈയിലും മകന്‍ പൂനെയ്ക്ക് സമീപമുള്ള ബവ്ധനിലായിരുന്നു. മകള്‍ അമേരിക്കയിലുമാണെന്ന് അമിത് ഷാ വ്യക്തമാക്കി. 

ബ്രൗണിക്ക് ഉച്ച ഭക്ഷണം അമിത് ഷാ നല്‍കിയെങ്കിലും അത് നിരസിച്ച് സാന്‍ചേതിയുടെ കിടപ്പുമുറിയുടെ ജനാലയ്ക്ക് സമീപത്തൂടെ ബ്രൗണി നടക്കുകയായിരുന്നെന്ന് അമിത് ഷാ പറയുന്നു. തുടര്‍ന്ന് ജനലിലേക്ക് രണ്ട് കാലുകളും പൊക്കി വച്ച ബ്രൗണി ഉള്ളിലേക്ക് നോക്കാനും ശ്രമിച്ചു. പന്തികേട് തോന്നിയതോടെ ജനലിലൂടെ നോക്കിയപ്പോഴാണ് സംഭവം അറിയുന്നത്. ഉടനടി സാന്‍ചേതിയെ ആശുപത്രിയില്‍ എത്തിച്ചതുകൊണ്ട് ജീവന്‍ രക്ഷിക്കാനായെന്നും അമിത് ഷാ പറയുന്നു. രണ്ട് വര്‍ഷം മുന്‍പ് ബ്രൗണിയുടെ കിഡ്‌നിക്ക് തകരാര്‍ സംഭവിച്ചപ്പോള്‍ സംരക്ഷിച്ച സാന്‍ചേതിയുടെ ജീവന്‍ രക്ഷിക്കാന്‍ കൃത്യമായി ഇടപെട്ട് ബ്രൗണി തന്റെ നന്ദി കാണിച്ചതായി അമിത് ഷാ കൂട്ടിച്ചേര്‍ത്തു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com